ADVERTISEMENT

ഹൈദരാബാദ് ∙ നവംബർ 28 വ്യാഴാഴ്ച, നേരം വെളുത്തുവരുന്നതേയുള്ളു. സമയം ഏകദേശം അഞ്ചുമണി. പതിവുപോലെ പശുക്കളെ കറക്കാൻ ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിലൂടെ ചതൻപള്ളി പാലം കടന്നു തന്റെ ഫാമിലേക്കു പോകുകയായിരുന്നു നരസിംഹ. അപ്പോഴാണ് അസാധാരണമായി എന്തോ കത്തിയെരിയുന്നത് നരസിംഹ കണ്ടത്. രാവിലെ ഈ പ്രദേശങ്ങളിൽ തീയിടുന്നതു പതിവായതു കൊണ്ട് അവഗണിച്ചു. കൃഷിയിടത്തിലെ ജോലികൾ തീർത്ത് എട്ടു മണിയോടെ മടങ്ങിവരുമ്പോഴും തീ അണഞ്ഞിരുന്നില്ല. ഇത്രയും സമയം എന്താണു നിന്നുകത്തുന്നത് എന്നറിയാനാണ് അടുത്തു ചെന്നത്.

പകുതി കത്തിയെരിഞ്ഞ ഒരു കൈയാണ് ആദ്യം കണ്ണിൽ ഉടക്കിയത്. കണ്ണിൽ ഇരുട്ട് കയറി ആകെ മരവിച്ച അവസ്ഥയിലായി. ഉടൻ സുഹൃത്ത് സത്യയേയും കൂട്ടി െപാലീസ് സ്റ്റേഷനിൽ ചെന്ന് വിവരം അറിയിക്കുകയായിരുന്നു. വനിതാ വെറ്ററിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നിർണായകമായത് നരസിംഹയുടെയും സത്യയുടെയും ഇടപെടലായിരുന്നു. വിരലിലെണ്ണാവുന്ന കർഷകരും ട്രാക്ടർ ഡ്രൈവർമാരും മാത്രം ഉപയോഗിക്കുന്ന ചതൻപള്ളി പാലത്തിനു സമീപം തന്നെ മൃതദേഹം കത്തിക്കാനുള്ള പ്രതികളുടെ തീരുമാനം ആസൂത്രിതമായിരുന്നു.

നവംബർ 27 ബുധനാഴ്ച ഹൈദരാബാദിലെ തോണ്ടപ്പള്ളി ടോൾ പ്ലാസയിൽ വൈകിട്ട് ആറരയോടെ പ്രതികളുടെ ലോറിക്കു സമീപം യുവതി സ്കൂട്ടർ പാർക്ക് ചെയ്തപ്പോൾത്തതന്നെ ബലാത്സംഗത്തിന് പ്രതികൾ തീരുമാനിച്ചിരുന്നു. ചതൻപള്ളി പാലത്തിനു സമീപം മൃതദേഹം കത്തിക്കുന്നതു വരെയുള്ള എല്ലാം ആസൂത്രിതമായിരുന്നു. ആക്സികമായി സംഭവസ്ഥലത്ത് എത്തിച്ചേർന്ന ദൃക്സാക്ഷികളിലൂടെയാണ് രാജ്യം നടുങ്ങിയ അരുംകൊല ചുരുളഴിഞ്ഞത്. 

അന്ന് രാത്രി 9–15 നും 9.30 ന് ഇടയിലാണ് ടോൾപ്ലാസയിലെ ജീവനക്കാരനായ സോനു െകാല്ലപ്പെട്ട 26 കാരിയെയും പ്രതികളെയും കാണുന്നത്. യുവതി തന്നോട് അടുത്തെവിടെയെങ്കിലും ടയർ നന്നാക്കുന്ന കടയുണ്ടോയെന്ന് ചോദിച്ചതായി സോനു െപാലീസിനോടു പറഞ്ഞു. ‘ഞാൻ കൊൽക്കത്ത സ്വദേശിയാണ്. ഇവിടെ ജോലിക്കു കയറിയിട്ട് ഒരു മാസം തികയുന്നതേയുള്ളൂ. എനിക്കറിയില്ലെന്നു ഞാൻ മറുപടി നൽകി. യുവതിയും അവർക്കൊപ്പം പ്രതികളും ലോറിത്തൊഴിലാളികളുമായ ജൊല്ലു ശിവ, മുഹമ്മദ് (ആരിഫ്), ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരും ഉണ്ടായിരുന്നു. ടയർ നന്നാക്കുന്ന കട തേടി ഷംഷാബാദ് ലക്ഷ്യമാക്കി അവർ നടന്നു. പത്തു മണിയോടെ ഞാൻ ഉറങ്ങാൻ കിടന്നു. അതിനുശേഷം എന്തു നടന്നുവെന്ന് എനിക്കറിയില്ല’– സോനു പൊലീസിനോടു പറഞ്ഞു.

സംഭവത്തിൽ പൊലീസ് ആദ്യം സംശയിച്ചതും ചോദ്യം ചെയ്തതും ടോൾ പ്ലാസയ്ക്കു സമീപം ചായ വിൽക്കുന്ന ബിഹാർ സ്വദേശി പ്രശാന്ത് സിങ്ങിനെ ആയിരുന്നു. രാത്രി ഒൻപതു മുതൽ പുലർച്ചെ 4 വരെയാണ് അയാളുടെ ചായ വിൽപന. അന്ന് പ്രതികളുടെ ലോറിയും ഒരു സ്കൂട്ടറും അവിടെ പാർക്ക് ചെയ്തിരുന്നതു പ്രശാന്ത് ശ്രദ്ധിച്ചിരുന്നു. ടോൾ പ്ലാസയ്ക്കും സർവീസ് റോഡിനും ചേർന്നുള്ള വിജനമായ പ്രദേശത്താണ് ഡ്രൈവർമാർ ട്രക്കുകൾ പാർക്ക് ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും മദ്യപിക്കുന്നതുമെല്ലാം. സമീപത്തുള്ള കുറ്റിക്കാട്ടിലാണ് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നത്. പ്രശാന്ത് സിങ് നൽകിയ സൂചനകളും സമീപത്തെ സിസിടിവി ദൃശ്യങ്ങളുമാണ് പ്രതികളെ വേഗത്തിൽ പിടികൂടാൻ െപാലീസിനെ സഹായിച്ചത്.

ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിഷേധം. ചിത്രം: എഎൻഐ
ഹൈദരാബാദിൽ നടന്ന പ്രതിഷേധം

സംഭവദിവസം വൈകിട്ട് 5.30 ന് മുഖ്യ പ്രതി മുഹമ്മദ് ആരിഫ് ടോൾ പ്ലാസയ്ക്ക് സമീപം വാഹനത്തിലിരുന്ന് കൂട്ടുപ്രതികൾക്കൊപ്പം നന്നായി മദ്യപിച്ചു. 6.30 നാണ് ഡോക്ടര്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തത്. രാത്രി 9 ന് അവര്‍ തിരിച്ചെത്തി. ഇവരെ കുടുക്കാന്‍ തീരുമാനിച്ച പ്രതികൾ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറാക്കിയിരുന്നു. ടയര്‍ നന്നാക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് ശിവയാണ് ഇവരെ സമീപിച്ചത്. വിശ്വാസം ആര്‍ജിക്കാനായി സ്‌കൂട്ടര്‍ കൊണ്ടുപോയ ശേഷം കട അടച്ചെന്നു പറഞ്ഞു തിരിച്ചെത്തി. ഈ സമയത്താണ് ഡോക്ടര്‍ സഹോദരിയെ വിളിച്ച് വിവരം പറഞ്ഞത്.

നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതികള്‍ ഇവരെ അടുത്തുള്ള വളപ്പിലേക്കു പിടിച്ചുകൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഉച്ചത്തിൽ കരയാതിരിക്കാൻ പ്രതികൾ മദ്യം ബലമായി യുവതിയുടെ വായിൽ ഒഴിച്ചു. ഇടയക്ക് അലറിക്കരഞ്ഞതോടെയാണ് യുവതിയെ കൊലപ്പെടുത്താൻ പ്രതികൾ തീരുമാനിച്ചത്.  9.45-ന് പ്രതികള്‍ ഡോക്ടറുടെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. പ്രതികളിലൊരാളായ നവീനാണ് യുവതിയുടെ മൊബൈൽ ഫോണും പവർ ബാങ്കും കൈവശപ്പെടുത്തിയത്. 10.20-ന് ഡോക്ടറെ കൊലപ്പെടുത്തി മൃതദേഹം വാഹനത്തില്‍ സൂക്ഷിച്ചു. 10.28-ന് പ്രതികള്‍ സംഭവസ്ഥലത്തുനിന്നു പോയി. സ്‌കൂട്ടറില്‍ പോയ ആരിഫും നവീനും നമ്പര്‍ പ്ലേയിറ്റ് മാറ്റിയ ശേഷം കൊതൂര്‍ വില്ലേജില്‍ വാഹനം ഉപേക്ഷിച്ചു. മറ്റു രണ്ടു പേര്‍ ലോറിയിലാണു പോയത്.

സംഭവസ്ഥലത്തു നിന്ന് 45 മിനിറ്റ് യാത്ര ചെയ്ത് പ്രതികൾ രാത്രി ഒരു മണിയോടെയാണ് പെട്രോൾ പമ്പിൽ പെട്രോൾ വാങ്ങാൻ ചെന്നത്. എന്നാൽ പ്രതികളുടെ പെരുമാറ്റത്തിൽ പന്തികേടു തോന്നിയ ജീവനക്കാർ കുപ്പിയിൽ പെട്രോൾ നൽകാൻ തയാറായില്ല. പിന്നീട് കൊതൂരിൽ എത്തിയാണ് പെട്രോൾ വാങ്ങിയത്. പ്രതികൾ കുപ്പിയിൽ പെട്രോൾ വാങ്ങിയ പമ്പിന്റെ ഉടമകൾക്കെതിരെ നിയമനടപടി എടുക്കാനാവുമോ എന്നതിൽ െപാലീസ് വിദഗ്ധാഭിപ്രായം തേടിയിരുന്നു. എന്നാൽ ചെറിയ അളവിൽ കുപ്പിയിലും മറ്റും പെട്രോൾ നൽകാൻ അനുമതിയുണ്ടെന്നാണ് പെട്രോളിയം ഉൽപന്ന വിതരണക്കാരുടെ നിലപാട്.

ടോൾ പ്ലാസയിലെ ജീവനക്കാരാണ് ലോറി പാർക്കിങ് സ്ഥലം പൊലീസിന്റെ ശ്രദ്ധയിൽപെടുത്തിയത്. തുടർന്നു രാജേന്ദ്രനഗറിലെ ട്രക്ക് ഉടമ ശ്രീനിവാസ് റെഡ്ഡിയെചോദ്യം ചെയ്തപ്പോൾ ആരിഫ് ഉൾപ്പെടെ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചു. പാർക്ക് ചെയ്ത ലോറിയുടെ മറവിലായിരുന്നു പീ‍ഡനം. കൊലപാതകത്തിനു ശേഷം മുഖ്യപ്രതി മുഹമ്മദ് ആരിഫ് കൂട്ടാളികളെ വീടുകളി‍ൽ കൊണ്ടുവിട്ടു. തുടർന്നു നാരായൺപേട്ടിലെ സ്വന്തം വീട്ടിലേക്കു പോയി. 

കുറ്റവാളികൾക്കു വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ഹൈദരാബാദിൽ പലയിടങ്ങളിലും പ്രതിഷേധം കനക്കുകയാണ്. അതിനിടെ, ഡോക്ടറെ കാണാനില്ലെന്ന പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിൽ അനാസ്ഥ കാണിച്ചെന്ന് തെളിഞ്ഞതിനെ തുടർന്ന് മൂന്നു പൊലീസുകാരെ സസ്പെൻഡു ചെയ്തിരുന്നു. 

English Summary: Telangana doctor rape-murder,what eye- witnesses recall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com