ADVERTISEMENT

കൊച്ചി∙ മികച്ച  രാജ്യാന്തര- ആഭ്യന്തര ഘടകങ്ങൾക്കൊപ്പം വിദേശ നിക്ഷേപകരുടെ പൂർണ്ണ പിന്തുണയും ലഭ്യമായത് ഇന്ത്യൻ വിപണിക്കു കഴിഞ്ഞവാരം തുണയായി. മെറ്റൽ, ബാങ്കിങ്, ഓട്ടോ, സിമന്റ്, ടെലികോം, ഫാർമാ മേഖലകളാണ് വിപണിക്കു മികച്ച പിന്തുണ നൽകിയത്. യുഎസ് - ചൈന വ്യാപാര ചർച്ചാ പുരോഗതിയുടെ പിൻബലത്തിൽ പറക്കുന്ന യുഎസ് സൂചികകളുടെ പ്രതിഫലനമാണ് ഇന്ത്യൻ വിപണിയിലും പ്രകടമായത്.

അമേരിക്കൻ സൂചികകളായ എസ്ആൻഡ്പിയും ഡൗജോൺസും, നാസ്ഡാക്കും, പുതിയ  ഉയരങ്ങൾ തേടിയപ്പോൾ ഇന്ത്യയിൽ നിഫ്റ്റിയും, സെൻസെക്‌സും പുതിയ ഉയരങ്ങൾ കുറിച്ചു. ഇംഗ്ലണ്ടിൽ എഫ്ടിഎസ്ഇ സൂചിക 15 മാസത്തെ ഏറ്റവും  ഉയർന്ന നിരക്കിലാണ്. ജപ്പാന്റെ നിക്കി സൂചിക പന്ത്രണ്ട് മാസത്തെ ഉയർന്ന നിരക്കിലെത്തി. വിപണിയുടെ കഴിഞ്ഞയാഴ്ചത്തെ പ്രകടനവും വരുന്ന ആഴ്ചയുടെ പ്രതീക്ഷകളും വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട്ഫോളിയൊ ഇൻവസ്റ്റ്മെന്റ് കൺസൽട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ. 

മൂഡിസിന്റെയും ഐഎംഎഫിന്റെയും ഇന്ത്യ ജിഡിപി വളർച്ച ശോഷണ നിഗമനങ്ങൾ തള്ളി മികച്ച രണ്ടാം പാദഫലങ്ങളിൽ വിശ്വസിച്ച് ഫണ്ടുകൾ ഓഹരികളിൽ  വിശ്വാസമർപ്പിച്ചത് ഇന്ത്യൻ വിപണിക്കു തുണയായി. സാമ്പത്തിക സൂചികകളേക്കാൾ  കമ്പനികളുടെ ബാലൻസ് ഷീറ്റിലാണ് നിക്ഷേപക ശ്രദ്ധ എന്നതും വിപണിക്ക് തുണയാണ്. എന്നാൽ വിപണി ആശങ്കപ്പെടുന്നപോലെ ജിഡിപി വളർച്ചാ നിരക്ക് 4.5%ലേക്ക് കുറഞ്ഞതു നിക്ഷേപകരുടെ  ധൈര്യത്തെ ബാധിച്ചേക്കാം.

പൊതുമേഖല വിൽപന പ്രഖ്യാപനങ്ങളും വിപണിക്ക് ഊർജജം പകർന്നു. എന്നാൽ ഹോങ്കോങ്ങിലെ ട്രംപിന്റെ അനാവശ്യ  ഇടപെടൽ ചൈനയ്ക്കു കല്ലുകടിയായത്  രാജ്യാന്തര വിപണിയിലെ കുതിപ്പിന്  താൽക്കാലികമായി തടയിട്ടു. ട്രംപിന്റെ നടപടിയെ  വളരെ ദുരൂഹമെന്നു വിശേഷിപ്പിച്ച ചൈനീസ് വൃന്ദങ്ങൾ പിന്മാറ്റം പ്രഖ്യാപിച്ചിട്ടില്ല എന്നത് വിപണിക്ക് ആശ്വാസമാണ്.

മാന്യതയ്ക്കല്ല തന്ത്രങ്ങൾക്കാണ് കച്ചവടത്തിൽ പ്രാമുഖ്യമെന്ന് വീണ്ടും തെളിയിക്കാനും ചൈനയുടെമേലുള്ള വ്യാപാര യുദ്ധ വിജയ പ്രഖ്യാപനം തിരെഞ്ഞെടുപ്പ് വിഷയമാക്കാനുമാണ് ട്രംപ് ശ്രമിക്കുന്നത്. പക്ഷെ ട്രംപിന്റെ ഓരോ അധിക നേട്ട ശ്രമങ്ങളും നിക്ഷേപകനു ക്ഷീണമായേക്കും.

indian-share-market
പ്രതീകാത്മക ചിത്രം

വിദേശ നിക്ഷേപം 

കഴിഞ്ഞ വാരത്തിലെ വൻ നിക്ഷേപമടക്കം നവംബർ മാസത്തിൽ ലഭിച്ച 12924 കോടി രൂപയുടെ നിക്ഷേപമാണ് വിദേശനിക്ഷേപകർ ഇന്ത്യയിൽ ഈ വർഷം നടത്തിയ ഏറ്റവും വലിയ നിക്ഷേപം. അത് തന്നെയാണ് വിപണിയുടെ കരുത്തും. 

ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ അരക്ഷിതാവസ്ഥയിൽ നിന്ന് ഇന്ത്യൻ വിപണി  ഏറെക്കുറെ മോചിതമാണെന്നത് തന്നെയാണ് നിക്ഷേപകന്റെ നിരീക്ഷണം.ബാങ്കിങ് , ഓട്ടോ, സിമന്റ് , എഫ്എംസിജി, റിയൽ എസ്റ്റേറ്റ്, ഹൗസിങ് ഫിനാൻസ്, ഓഹരികൾ ശ്രദ്ധിക്കുക. ടൈറ്റാൻ, ഏഷ്യൻ പെയിന്റ്, വോൾട്ടാസ്, ആർച്ചീസ് എന്നീ ഓഹരികളും ശ്രദ്ധിക്കുക.

ജിഡിപി തളർച്ച 

സെപ്റ്റംബറിലാവസാനിച്ച രണ്ടാം പാദത്തിലെ ജിഡിപി വളർച്ചാ നിരക്ക് 4.5 ശതമാനം മാത്രമായത് വിപണി പ്രതീക്ഷിച്ചിരുന്നതാണ്. മേയ് മാസത്തിലവസാനിച്ച ആദ്യ പാദത്തിലിത് അഞ്ച് ശതമാവും 2018 ൽ ഇതേ കാലയളവിലിത് ഏഴ് ശതമാനവുമായിരുന്നു. 2013 ജനുവരി -മാർച്ച് പാദത്തിലെ 4.3 % വളർച്ചാ നിരക്കിനു ശേഷമുള്ള മോശം നിരക്കാണിത്. തുടർച്ചയായ ആറാം പാദത്തിലും ഇന്ത്യൻ ജിഡിപി വളർച്ചാ നിരക്ക് കുറഞ്ഞു കൊണ്ടിരിക്കുന്നത് ആശങ്കാജനകം തന്നെയാണ്. എന്നാൽ വിൽപനയും വിപണിയും ശക്തമാകുന്നത് നടപ്പു പാദത്തിൽ ജിഡിപി വളർച്ച അഞ്ചു ശതമാനത്തിന് മുകളിലേക്ക് കൊണ്ടുപോകുമെന്നു വിപണി പ്രത്യാശിക്കുന്നു.

സ്വകാര്യ ഉപഭോഗ വളർച്ചാ നിരക്ക് 5 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം  ഇതേ പാദത്തിലിത് 9.8 ശതമാനമായിരുന്നു. ധനകമ്മിയും പ്രതീക്ഷിച്ചിടങ്ങളിൽ നിൽക്കില്ല എന്നതും ഇന്ത്യൻ സമ്പദ്ഘടനക്ക് വിപത്തായി മാറും. വിൽക്കാവുന്നതെല്ലാം വിറ്റാലും കോർപ്പറേറ്റ് നികുതിയിളവും, ജിഎസ്ടി സമാഹരണത്തിലെ കുറവും ചേർന്ന് ബജറ്റ് വരവും - ചെലവും തമ്മിലുള്ള അന്തരം പകുതിയിലേ ആക്കിത്തീർക്കുമെന്നുറപ്പാണ്. എന്നാൽ കോർപ്പറേറ്റ് നേട്ടങ്ങളെ രാജ്യത്തിന്റെ മൊത്തം ഉൽപാദനക്കുറവ് ബാധിക്കാത്ത തരത്തിൽ കോർപ്പറേറ്റ് നികുതിയിളവിലൂടെ സംരക്ഷിച്ചിരിക്കുന്നതിനാൽ മുൻ നിര ഓഹരികളെയും ഇന്ത്യൻ സൂചികകളെയും ഇത് സാരമായി ബാധിച്ചേക്കില്ല. ഇടിവുകൾ അവസരങ്ങളാക്കുക.

പുതിയ ഉയരങ്ങൾ 

നിഫ്റ്റിക്കും സെൻസെക്‌സിനുമൊപ്പം  ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് എന്നീ ഓഹരികളും പുതിയ ഉയരങ്ങൾ കുറിച്ചു. മുൻനിര  ഓഹരികൾ നേട്ടം തുടരും. റിലയൻസ് ഇൻഡസ്ട്രീസ് 10 ലക്ഷം  കോടി രൂപ വിപണി മൂല്യമുള്ള ആദ്യ ഇന്ത്യൻ കമ്പനിയായി മാറി. അടുത്ത മൂന്നു മാസങ്ങൾക്കുള്ളിൽ  കമ്പനിയുടെ വിപണിമൂല്യം 11 ലക്ഷം കോടി കവിയുമെന്നു കരുതുന്നു. ഓഹരി മുന്നേറ്റം തൂടരും. ഇക്കൊല്ലം  ഇതുവരെ ഓഹരി 41% വളർച്ചയാണ് നേടിയത് മുകേഷ് അംബാനിയുടെ ആസ്തി 60.7 ബില്യൺ ഡോളറായി ഉയർത്തി.  നിഫ്റ്റി 12% വളർന്നപ്പോഴാണിത്.

എച്ച്ഡിഎഫ്സി ബാങ്കിന്റെ  എംഡി സ്ഥാനത്തു നിന്ന് ആദിത്യപുരി പടിയിറങ്ങുന്നത്  ബാങ്കിന് ക്ഷീണമാണ്. എച്ച്ഡിഎഫ്സി ബാങ്ക്  ഐസിഐസിഐ ബാങ്കിനൊപ്പം ഈ ആഴ്ചയിലും ഉയരങ്ങൾ നേടി. ഡിസംബർ 5 ലെ ആർബിഐയുടെ  പോളിസി മീറ്റിങ്ങിൽ വീണ്ടും റിപ്പോ നിരക്ക് കുറച്ചേക്കാവുന്നത്  ബാങ്കിങ് മേഖലയ്ക്ക് വീണ്ടും കുതിപ്പ് നൽകും.

ഓഹരികളും സെക്ടറുകളും

∙ സിഎൽഎസ്എ ഇന്ത്യൻ ടെക് ഓഹരികളിൽ സാധ്യത കാണുന്നില്ല. അതേ  സമയം മാരുതി, എച്ച്‍ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് മുതലായ  ഓഹരികളിൽ നിക്ഷേപം വർധിച്ചു.

∙ മോർഗൻ സ്റ്റാൻലി ഡിഎൽഎഫിന് 269 രൂപ ലക്ഷ്യം  കാണുന്നു. കമ്പനിയുടെ ഡൽഹി  വിൽപന ത്വരിതപ്പെടുന്നത് ഓഹരിക്ക്  ഗുണകരമാണ്. എച്ച്ഡിഎഫ്സി‌ക്ക് 2900 രൂപയും ഐസിഐസിഐ  ബാങ്കിന് 775 രൂപയും.

∙ ഔറോബിന്ദോ ഫാർമയ്ക്ക് ക്രെഡിറ്റ്  സ്വിസ് 500 രൂപയും. എസിസിക്ക് ജെപി  മോർഗൻ 1750 രൂപയും 

∙ ഒബറോയ്  റീയാലിറ്റിക്ക് മോർഗൻ സ്റ്റാൻലി  669 രൂപയാണ് ലക്‌ഷ്യം വയ്ക്കുന്നത് ഓഹരി നിർബന്ധമായും  പോർട്ട്ഫോളിയോയിൽ ഉൾപെടുത്താവുന്നതാണ്. 

∙ ടൈറ്റാൻ, നെസ്ലെ അൾട്രാടെക് എന്നീ  ഓഹരികൾ നിഫ്റ്റിയിൽ ഉൾപ്പെടുത്തിയത്  ഓഹരികളെക്കാൾ സൂചികയ്ക്കാണ് ഗുണപ്രദമാവുക. ഒഴിവാക്കിയ  ടാറ്റ മോട്ടോർസ്, യെസ് ബാങ്ക്, വേദാന്ത എന്നിവ വിപണിയിൽ  അരക്ഷിതരാണ്. 

∙ കിട്ടാക്കടം പിരിക്കുന്നതിന് ബാങ്കുകളെ പ്രാപ്‌തമാക്കുന്ന  നിയമനിർമാണങ്ങൾ നടന്നത് ബാങ്കിങ്  മേഖലയ്ക്കു പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കിങ്  മേഖലയ്ക്കു വളരെ അനുകൂല സ്ഥിതിയാണ്. ദീർഘകാല നിക്ഷേപങ്ങൾക്ക് പൊതുമേഖല ഓഹരികൾ പരിഗണിക്കുക. 

∙ എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ എന്നിവ എസ്ബിഐക്ക് ക്രെഡിറ്റ് സ്വിസ് 415 രൂപയാണ് ലക്‌ഷ്യം ഉറപ്പിച്ചിരിക്കുന്നത്. 

∙ എൽആൻഡ്ടിയുടെ ഹൈദരാബാദ് മെട്രോ ഉത്‌ഘാടനം  അടുക്കുന്നത് ഓഹരിക്ക്  ഗുണകരമാണ്. എന്നാൽ ക്രെഡിറ്റ്  സ്വിസ് ഓഹരിയിലെ ലക്‌ഷ്യം 1750 - ൽ നിന്ന് 1452 ആയി കുറച്ചത് ക്ഷീണമാണ്. 

∙ ടെലികോം ദാതാക്കളിലെ പ്രമുഖർ സംയുക്തമായി  നിരക്ക് വർദ്ധന നടപ്പിലാക്കുന്നതും  സ്പെക്ട്രം കുടിശികയ്ക്കു 2 വർഷം മോറട്ടോറിയം  പ്രഖ്യാപിക്കുന്നതും ടെലികോം മേഖലയ്ക്ക് കുതിപ്പ് നൽകും.  ഫിച്ച് റേറ്റിംഗ് ഭാരതി എയർടെലിന് വലിയ മുന്നേറ്റം പ്രവചിക്കുന്നു.

∙ ഗോൾഡ്മാൻ സാക്‌സ് യുണൈറ്റഡ് ബ്രുവറിസിന് 1423 രൂപ  ലക്‌ഷ്യം കാണുമ്പോൾ നെസ്‌ലേയ്ക്കു 10642 രൂപ ഡിസ്‌കൗണ്ട് വിലയാണ് പ്രതീക്ഷിക്കുന്നത്.

∙ സിമന്റ് വില മൂന്നു മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലാണെങ്കിലും നിക്ഷേപ സ്ഥാപനങ്ങൾ സിമന്റ് ഓഹരികളിൽ പ്രിയം കുറച്ചിട്ടില്ല. എസിസി, അൾട്രാടെക് മുതലായവയിൽ നിക്ഷേപാവസരമുണ്ട്.

∙ സ്‌പൈസ് ജെറ്റ് എമിറേറ്റ്സുമായി കോഡ് ഷെയറിങ് നടത്തുന്നതും 750  കോടി രൂപ പുതിയ ഓഹരി വിൽപനയിലൂടെ സമാഹരിക്കുന്നതും കമ്പനിക്കു പുത്തൻ കുതിപ്പ് നൽകും. ഓഹരി പോർട് ഫോളിയോകളിൽ ഇൻഡിഗോയ്ക്ക് ബദലായി പരിഗണിക്കാം.

∙ കോൾ ഇന്ത്യയോട് സർക്കാർ ഉത്പാദനം വർധിപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത് ഓഹരിക്കു മുന്നേറ്റത്തിന് കാരണമാകും.

∙ യുഎസ് സ്റ്റീൽ ഉരുക്ക് വില ഉയർത്തിയത് ആഗോളതലത്തിൽ പ്രതിഫലിക്കുന്നത് ഇന്ത്യൻ ഉരുക്ക് വ്യവസായികൾക്കും നേട്ടമാകും. ജിൻഡാൽ സ്റ്റീൽ , ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ലിയു സ്റ്റീൽ എന്നിവക്കൊപ്പം ഹിൻഡാൽക്കോയും പരിഗണിക്കുക.

∙ മാരിയറ്റ് ഗ്രൂപ്പുമായി പുതിയ ഹോട്ടൽ പ്രൊജെക്ടുകൾക്കായി കൂട്ട് ചേരുന്നത് പ്രസ്റ്റീജ് എസ്റ്റേറ്റിന് ഭാവിയിൽ ഗുണകരമാണ്. ഓഹരി ശ്രദ്ധിക്കുക.

∙ അശോക് ലൈയ്‌ലാൻഡിന് തമിഴ് നാട്ടിൽനിന്നു 1750 ബസുകളുടെ ഓർഡർ ലഭിച്ചത് ഓഹരിക്ക് പുത്തൻ മുന്നേറ്റം നൽകും.

∙ ഭക്ഷ്യ വസ്തുക്കൾ പ്ലാസ്റ്റിക് ബാഗിന് പകരം ജൂട്ട് ബാഗുകളിലാക്കണമെന്ന സർക്കാർ നിർദ്ദേശം ജൂട്ട് ബാഗ് നിർമാതാക്കൾക്ക് ആശ്വാസമാണ്. ബിർള ജൂട്ട് ശ്രദ്ധിക്കുക.

∙ ജെഎസ്ഡബ്ലിയു സ്റ്റീൽ 2023 ആകുന്നതോടെ കമ്പനിയുടെ ഉൽപ്പാദനശേഷി 25 ദശലക്ഷം ടണ്ണായി വർധിപ്പിക്കുന്നത് ഓഹരിയെ വലിയ നേട്ടത്തിലെത്തിക്കും. ഇതിനായുള്ള  ധനസമാഹരണർത്ഥം കമ്പനി 2021 ഡിസംബറിൽ പുതിയ ഓഹരി വിൽപന വിഭാവനം ചെയ്തിരിക്കുന്നു. ലോഹ ഓഹരികളിൽ ഏറ്റവും നിക്ഷേപ സാധ്യത ജെഎസ്ഡബ്ലിയു സ്റ്റീലിനു തന്നെയാണ്.

∙ മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്സ് ഇന്ത്യ ബുൾ ഹൗസിങ്ങിന് ക്ലീൻ ചിറ്റ് നൽകിയതിനെത്തുടർന്ന്  സിഎൽഎസ്എ 450 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങൽ തുടരുന്നു.

∙ ആദിത്യ ബിർള ഫാഷനിലെ ലക്ഷ്യം സിഎൽഎസ്എ 266 രൂപയാക്കി വർധിപ്പിച്ചു.

∙ യുബിഎസ് 850 രൂപ ലക്ഷ്യമിട്ട് ടെക് മഹീന്ദ്രയിൽ നിക്ഷേപം തുടരുന്നു.

∙ എൽ&ടി ഫൈനാൻസിന് 140 രൂപയാണ് ഗോൾഡ് മാൻ സാക്‌സ് വിലയിട്ടിരിക്കുന്നത്. 

∙ അവന്യൂ സൂപ്പർമാർക്കറ്റിന് മോർഗൻ സ്റ്റാൻലി 1550 രൂപയാണ് ലക്ഷ്യം നിർണയിച്ചിരിക്കുന്നത്.

∙ ബിപിസിഎല്ലിന്റെ വിൽപന മേൽനോട്ടത്തിനായി ടെലോയിറ്റ് കമ്പനിയെ സർക്കാർ ഏൽപിച്ചു കഴിഞ്ഞു. കമ്പനിയിൽ സർക്കാരിന് 53.3 % ഓഹരികളാണുള്ളത്. വിദേശ നിക്ഷേപകരാരും പ്രത്യേക താൽപര്യം ഉറപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ റിലയൻസ് സർക്കാരിന്റെ രക്ഷക്കെത്തിയേക്കാമെന്നു പ്രതീക്ഷിക്കുന്നു. ബിപിസിഎല്ലിന്റെ വിപണന ശൃംഖല റിലയൻസിന് മുതൽക്കൂട്ടാകും. ടിവി18 കമ്പനി മുകേഷ് അംബാനി വിൽക്കാനൊരുങ്ങുന്നതും റിലയൻസിന് ഗുണകരമാണ്. 

ഇമെയിൽ: abhipkurian@gmail.com

English Summary: What changed for the market last week, updates 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com