ADVERTISEMENT

ന്യൂഡൽഹി ∙ പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെ കാർ ബോംബ് സ്‌ഫോടനത്തിൽ വധിച്ച കേസിലെ പ്രതി ബൽവന്ത് സിങ് രജോനയുടെ വധശിക്ഷ ഇളവുചെയ്തെന്ന വാദം തള്ളി ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭയിലെ ചോദ്യോത്തരവേളയിൽ ബിയാന്ത് സിങ്ങിന്റെ മരുമകനും കോൺഗ്രസ് എംപിയുമായ രവനീത് സിങ് ബിട്ടുവാണ് രജോനയുടെ ശിക്ഷ ഇളവിനെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്. മാധ്യമവാ‌ർത്തകൾക്കു പിന്നാലെ പോകേണ്ടതില്ലെന്നും രജോനയ്ക്ക് മാപ്പു നൽകിയിട്ടില്ലെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.

ശിക്ഷയിൽ ഇളവു നൽകിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ സെപ്റ്റംബറിൽ വെളിപ്പെടുത്തിയിരുന്നു. ഗുരു നാനാക്കിന്റെ 550–ാം ജന്മവാർഷികത്തോട് അനുബന്ധിച്ചു വധശിക്ഷ ജീവപര്യന്തമായി കുറച്ചെന്നായിരുന്നു അറിയിച്ചത്. ഈ നിലപാടാണ് അമിത് ഷാ തിരുത്തിയത്. കേന്ദ്ര നിലപാടിനെ ദൗർഭാഗ്യകരമെന്നു വിശേഷിപ്പിച്ചു ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായേയും നേരിൽ കാണുമെന്നും ബാദൽ വ്യക്തമാക്കി.

ബബർ ഖൽസ ഭീകരൻ ദിലാവർ സിങ് ആയിരുന്നു ചാവേറായി കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന ബിയാന്ത് സിങ്ങിനെ കൊല്ലപ്പെടുത്തിയത്. ദിലാവറിന്റെ ശ്രമം പരാജയപ്പെട്ടാൽ ചാവേറായി പൊട്ടിത്തെറിക്കാൻ ശരീരത്തിൽ ബോംബ് ഘടിപ്പിച്ച് ഒപ്പമുണ്ടായിരുന്നയാളാണ് രജോന. രാഷ്ട്രപതിക്ക് നൽകിയ ദയാഹര്‍ജി 2012 മുതൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

English Summary: Ex-Punjab CM Beant Singh assassination: Convict’s death penalty not commuted, says Amit Shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com