ആലപ്പുഴ∙ അസഭ്യം പറഞ്ഞതു ചോദ്യം ചെയ്തതിന്റെ പേരിൽ ദമ്പതികളെ ആറു വയസ്സുകാരനായ മകന്റെ മുന്നിൽ ഇരുമ്പുവടിക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മാവേലിക്കര പല്ലാരിമംഗലം പൊണ്ണശേരി കിഴക്കതിൽ തിരുവമ്പാടി വീട്ടിൽ ആർ.സുധീഷിന് (41) വധശിക്ഷ. മാവേലിക്കര തെക്കേക്കര പല്ലാരിമംഗലം ദേവൂ ഭവനത്തിൽ ബിജു സുകുമാരൻ (43), ഭാര്യ ശശികല (35) എന്നിവരെ അയൽക്കാരനായ പൊണ്ണശേരിൽ വീട്ടിൽ സുധീഷ് (38) കൊലപ്പെടുത്തിയെന്ന കേസിലാണ് ജില്ലാ സെഷൻസ് ജഡ്ജി എ.ബദറുദീൻ വിധി പറഞ്ഞത്.
2018 ഏപ്രിൽ 23ന് ഉച്ചയ്ക്ക് 2.30ന് ആയിരുന്നു സംഭവം. പിറ്റേന്നു സുധീഷിനെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ കോടതിയും ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയതിനാൽ ഉടൻ വിസ്താരം തുടങ്ങി വാദം പൂർത്തിയാക്കുകയായിരുന്നു. സുധീഷ് നിരന്തരം ശശികലയോട് അപമര്യാദയായി പെരുമാറിയിരുന്നു. ഇതു ചോദ്യം ചെയ്ത ബിജുവിനെയും തുടർന്നു ശശികലെയും ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
ബിജു അടിയേറ്റു വീഴുന്നതിനിടെ എത്തിയ ശശികലയെയും ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. ഭയന്നോടിയ മകൻ അടുത്ത വീട്ടിൽ അഭയം തേടുകയായിരുന്നു. മാവേലിക്കര സിഐ പി.ശ്രീകുമാറിനായിരുന്നു അന്വേഷണ ചുമതല. ചെങ്ങന്നൂർ ഡിവൈഎസ്പി ആർ.ബിനുവാണ് കുറ്റപത്രം സമർപ്പിച്ചത്. ബിജുവിന്റെ സഹോദരൻ പുരുഷോത്തമൻ ഒന്നാം സാക്ഷിയും മകൻ രണ്ടാം സാക്ഷിയുമായ കേസിൽ ആകെ 62 സാക്ഷികളുണ്ട്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സി.വിധു ഹാജരായി.