ADVERTISEMENT

ന്യൂഡൽഹി∙ സവാളയുടെയും ചെറിയ ഉള്ളിയുടെയും പൂഴ്ത്തിവയ്പ്പ് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. മൊത്തക്കച്ചവടക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും സംഭരിക്കാവുന്ന പരിധി പകുതിയായി കുറച്ചു. മൊത്തക്കച്ചവടക്കാര്‍ക്ക് 25 ടണ്ണും ചെറുകിട കച്ചവടക്കാര്‍ക്ക് അഞ്ചു ടണ്ണും മാത്രമേ സംഭരിക്കാനാവൂ. ഉള്ളി വില നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ഭക്ഷ്യ–പൊതുവിതരണ മന്ത്രാലയം അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് സവാള വില വന്‍കുതിപ്പില്‍ തന്നെ. എറണാകുളം മാര്‍ക്കറ്റില്‍ മൊത്തവ്യാപാര വില 120 രൂപയാണ്. 120 മുതല്‍ മുകളിലോട്ടാണ് ചില്ലറ വില്‍പനശാലകളിലെ വില. ചെറിയ ഉള്ളിയുടെ വില 140 കടന്നു. വില കൂടുന്നതിനൊപ്പം സവാളയ്ക്ക് ക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി.  പച്ചക്കറി കടകളില്‍ കിട്ടാക്കനിയുടെ റോളിലേക്കുള്ള യാത്രയിലാണ് സവാളയിപ്പോള്‍.

എറണാകുളം മാര്‍ക്കറ്റിന്റെ ചരിത്രത്തില്‍ 85 രൂപയ്ക്കപ്പുറം സവാള വില കടന്നിട്ടില്ല. ഇന്ന് രാവിലെ മൊത്തവ്യാപാരകേന്ദ്രത്തില്‍ രേഖപ്പെടുത്തിയ സവാള വിലയാണ് കിലോയ്ക്ക് 120. ഇന്നലെ വൈകിട്ട് വരെ 106 രൂപയായിരുന്നു വില. കേരളത്തിലേക്ക് സവാളയെത്തിക്കുന്ന മഹാരാഷ്ട്ര മാര്‍ക്കറ്റിലെ വില കയറ്റത്തിന് ആനുപാതികമായി തന്നെയാണ് കേരളത്തിലെ മാര്‍ക്കറ്റുകളിലും വില വര്‍ധിക്കുന്നത്.

വില 120 കടന്നതോടെ  പച്ചക്കറി കച്ചവടക്കാരിലും പലരും സവാള ഉപേക്ഷിക്കാനുള്ള തയാറെടുപ്പില്‍ കൂടിയാണ്. ഇത്ര വില നല്‍കി വാങ്ങാന്‍ ആളെ കിട്ടുന്നില്ല. പ്രളയത്തില്‍ ഉത്തരേന്ത്യയിലാകമാനം കൃഷി നശിച്ചതാണ് സവാള ക്ഷാമത്തിലും വിലക്കയറ്റത്തിനും കാരണം. ജനുവരി പകുതിയാവാതെ സവാള വില കുറയില്ല എന്ന് തന്നെയാണ് കച്ചവടക്കാരുടെ സാക്ഷ്യം.

English Summary: Government halves Onion stock limit to curb hoarding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com