ADVERTISEMENT

തിരുവനന്തപുരം ∙ സാങ്കേതിക സർവകലാശാലയിലെ മാർക്ക്ദാനത്തിൽ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി.ജലീലിന് പങ്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിൻഡിക്കേറ്റാണ് മാർക്ക് ദാനം ചെയ്യാൻ തീരുമാനിച്ചത്. ചട്ടവിരുദ്ധമായി മാർക്കു നൽകി വിദ്യാർഥിക്ക് ബിരുദം അനുവദിച്ച നടപടി തെറ്റാണ്. തെറ്റു തിരിച്ചറിഞ്ഞ സർവകലാശാല അതു തിരുത്തിയിട്ടുണ്ട്. ബിരുദ സർട്ടിഫിക്കറ്റ് തിരികെ നൽകാൻ നടപടി ആരംഭിച്ചതോടെ ഈ വിവാദം അവസാനിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിൻറെ വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത നശിപ്പിക്കുന്ന നടപടി ആരിൽനിന്നും ഉണ്ടാകരുതെന്നു ഗവർണർ പറഞ്ഞു. ഈ മാസം 16ന് വൈസ് ചാൻസിലർമാരുടെ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക സർവകലാശാലയിലെ ഫയൽ അദാലത്തിൽ ഗവർണറുടെ അനുമതി കൂടാതെ ഉന്നതവിദ്യാഭ്യാസമന്ത്രി പങ്കെടുത്ത് നിർദേശങ്ങൾ നൽകിയത് അധികാര ദുർവിനിയോഗമാണെന്ന് ഗവർണർക്ക് അദ്ദേഹത്തിന്റെ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ബിടെക് പരീക്ഷയിൽ തോറ്റ വിദ്യാർഥിയുടെ ഉത്തരകടലാസ് മൂന്നാമതും മൂല്യനിർണയം നടത്താൻ മന്ത്രി പങ്കെടുത്ത അദാലത്തിൽ തീരുമാനിച്ചതും തുടർന്ന് വിജയിപ്പിച്ചതും ചട്ടവിരുദ്ധമായതിനാൽ വിസി അത് അംഗീകരിക്കാൻ പാടില്ലായിരുന്നെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വിസിയുടെ വിശദീകരണം തള്ളണമെന്നാണ് ശുപാർശ. മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച വാർത്ത വന്നതിനെത്തുടർന്നാണ് ഗവർണർ വിഷയത്തിൽ പ്രതികരിച്ചത്.

English Summary: Gracemark Row, No influence of K T Jallel; Governer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com