sections
MORE

ഫഡ്‌നാവിസ് – അജിത് ചര്‍ച്ച അറിഞ്ഞു: വെളിപ്പെടുത്തലുമായി ശരദ് പവാര്‍

Sharad Pawar
SHARE

ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ വേളയില്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസുമായി അജിത് പവാര്‍ ചര്‍ച്ച നടത്തിയ കാര്യം തനിക്ക് അറിയാമായിരുന്നുവെന്നു വെളിപ്പെടുത്തി എന്‍സിപി മേധാവി ശരദ് പവാര്‍. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പവാറിന്റെ വിവാദ വെളിപ്പെടുത്തല്‍.

ഫഡ്‌നാവിസുമായി തന്റെ അനന്തരവനായ അജിത് ചര്‍ച്ച നടത്തുന്ന കാര്യം അറിഞ്ഞിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തോളം കാര്യങ്ങള്‍ എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും പവാര്‍ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായിരുന്ന സമയത്ത് ശിവസേനയും കോണ്‍ഗ്രസുമായും ചര്‍ച്ച നടത്തുന്ന അതേസമയം തന്നെ എന്‍സിപി, സമാന്തരമായി  ബിജെപിയുമായും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നാണ് പവാറിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

കോണ്‍ഗ്രസുമായി നവംബര്‍ 22-നു നടത്തിയ ചര്‍ച്ചകള്‍ക്കിടയില്‍ ഉടലെടുത്ത പ്രശ്‌നങ്ങളും പവാര്‍ വെളിപ്പെടുത്തി. ഇതിനു തൊട്ടുപിറ്റേന്നാണ് അജിത് പവാറിന്റെ പിന്തുണയോടെ ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തത്. കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചൂടേറിയ ചര്‍ച്ചകളില്‍ അജിത് പവാര്‍ അതൃപ്തനായിരുന്നുവെന്ന് ശരദ് പവാര്‍ പറഞ്ഞു. 

''കോണ്‍ഗ്രസ് കൂടുതല്‍ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു. അജിത് ഇതില്‍ ഒട്ടും സന്തോഷവാനായിരുന്നില്ല. ഞാനും അജിതും യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍ പിറ്റേന്ന് എങ്ങനെ കോണ്‍ഗ്രസുമായി ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കുമെന്ന് അജിത് മറ്റു നേതാക്കളോട് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ആ രാത്രിയാണ് അജിത്, ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയത്.'' - ശരദ് പവാര്‍ പറഞ്ഞു.

എന്‍സിപി-ബിജെപി ചര്‍ച്ച നടത്തണമെന്നു ചില ബിജെപി നേതാക്കള്‍ നിര്‍ദേശിച്ചിരുന്നു. ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചര്‍ച്ച നടത്താന്‍ ശ്രമിക്കണമെന്നായിരുന്നു ആവശ്യം. അതു നടത്തിയത് അജിതും ഫഡ്‌നാവിസും തമ്മിലായിരുന്നുവെന്നും ശരദ് പവാര്‍ പറഞ്ഞു. എന്നാല്‍ അജിത് പവാര്‍, ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്ന തലത്തിലേക്കു കാര്യങ്ങള്‍ എത്തുമെന്നു ഒരിക്കലും കരുതിയിരുന്നില്ലെന്നും പവാര്‍ ചൂണ്ടിക്കാട്ടി. തന്റെ ആശിര്‍വാദത്തോടെയാണ് അജിത് ഉപമുഖ്യമന്ത്രിയായതെന്ന പ്രചാരണം തെറ്റാണെന്നും പവാര്‍ പറഞ്ഞു.

ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകാനുള്ള സാധ്യത ശരദ് പവാര്‍ തള്ളിക്കളഞ്ഞില്ല. സഹപ്രവര്‍ത്തകരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നു പവാര്‍ പറഞ്ഞു. ബിജെപിക്കൊപ്പം ചേര്‍ന്നതില്‍ ചെറിയ നീരസമുണ്ടെങ്കിലും പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷത്തിനും ഇപ്പോഴും അജിതിനോടു ബഹുമാനമാണ്. അജിത് ഭാവിയിലും ഇത്തരത്തില്‍ പെരുമാറുമോ എന്ന ചോദ്യത്തിന് ഒരിക്കലും ഉണ്ടാകില്ലെന്നായിരുന്നു പവാറിന്റെ മറുപടി.

നവംബര്‍ 20-നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍, എന്‍സിപി, ബിജെപിയെ പിന്തുണയ്ക്കുന്നതു സംബന്ധിച്ച ചോദ്യം ഉയര്‍ന്നിരുന്നുവെന്നും പവാര്‍ പറഞ്ഞു. എന്നാല്‍ വിശദമായ ചര്‍ച്ച ഉണ്ടായില്ല. തനിക്കു രാഷ്ട്രപതി സ്ഥാനവും മകള്‍ സുപ്രിയ സുളെയ്ക്കു കേന്ദ്രമന്ത്രി സ്ഥാനവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്ത തെറ്റാണെന്നും പവാര്‍ പറഞ്ഞു.

സുപ്രിയ തികവുറ്റ വ്യക്തിയാണെന്നും ബിജെപിയുമായി സഹകരിച്ചു സര്‍ക്കാരിന്റെ ഭാഗമാകണമെന്നും ചില ബിജെപി നേതാക്കള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി തന്നോടു സൂചിപ്പിക്കാറുണ്ടായിരുന്നുവെന്നും പവാര്‍ പറഞ്ഞു. സുപ്രിയയ്ക്ക് കേന്ദ്ര കൃഷിമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. സുപ്രിയ പാര്‍ലമെന്റില്‍ നന്നായി പ്രവര്‍ത്തിക്കുന്നുവെന്നു മാത്രമാണു പ്രധാനമന്ത്രി പറഞ്ഞത്. മോദിയുമായി നല്ല ബന്ധമാണുള്ളത്. രാജ്യതാല്‍പര്യത്തിനു വേണ്ടി സഹകരിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ പ്രത്യയശാസ്ത്രപരമായി ബിജെപിയുമായി ചേരാന്‍ ബുദ്ധിമുട്ടാണെന്ന് മറുപടി നല്‍കുകയും ചെയ്തു. ബിജെപിയുമായി സഹകരിക്കുന്നതിനേക്കാള്‍ എളുപ്പമാണ് ശിവസേനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍. ഭരണനിര്‍വഹണത്തിലേക്കു സേന ഹിന്ദുത്വം കൂട്ടിച്ചേക്കില്ലെന്നാണു കരുതുന്നതെന്നും പവാര്‍ വിശദീകരിച്ചു.

തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചു ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു. പ്രതിപക്ഷത്ത് ഇരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ബിജെപി വാഗ്ദാന ലംഘനം നടത്തിയതിനെ ചൊല്ലി സേനയില്‍ അതൃപ്തിയാണെന്ന് അറിഞ്ഞതോടെ സഞ്ജയ് റാവുത്തുമായി ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അതൊരു മികച്ച തുടക്കമായിരുന്നു. സഞ്ജയ് കൃത്യമായി കാര്യങ്ങള്‍ ഉദ്ധവിനെ ധരിപ്പിച്ചതോടെ സര്‍ക്കാര്‍ രൂപീകരണത്തിലേക്കു കാര്യങ്ങള്‍ എത്തിയെന്നും ശരദ് പവാര്‍ വ്യക്തമാക്കി.

English Summary: 'Was Aware Ajit and Fadnavis Were in Talks': Sharad Pawar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA