ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഉണ്ടായ ദലിത്-മറാഠ സംഘര്‍ഷവുമായി ബന്ധപ്പെട്ടു ദളിത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇക്കാര്യം ചൂണ്ടിക്കാട്ടി കൂടിക്കാഴ്ചയ്‌ക്കെത്തിയ എന്‍സിപി പ്രതിനിധി സംഘത്തിനാണ് ഉദ്ധവ് ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയത്. 

എന്‍സിപി നേതാക്കളായ ജയന്ത് പാട്ടീല്‍, ചഗ്ഗന്‍ ഭുജ്ബല്‍, പ്രകാശ് ഗജ്ഭിയെ എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. ആരെ കോളനിയിലെ മരം മുറിക്കുന്നതിനെതിരെ പ്രതിഷേധിച്ചവര്‍ക്കും കൊങ്കണിലെ നാനാര്‍ റിഫൈനറിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കും എതിരെ ചുമത്തിയ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാനും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ചു മാത്രമേ സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കാവൂ എന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. കോടതിയുടെ പരിശോധനയില്ലാതെ കേസുകള്‍ പിന്‍വലിക്കുന്നതു ശരിയല്ല. കൃത്യമായി നടപടി ക്രമം പാലിച്ചില്ലെങ്കില്‍ നിയമവ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും അഭിഭാഷകര്‍ വ്യക്തമാക്കി. 

കേസിന്റെ പശ്ചാത്തലം

ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും ബാജി റാവു പേഷ്വാ രണ്ടാമന്റെ മറാഠാ സൈന്യവും ഏറ്റുമുട്ടിയ ഭീമ -കോറെഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികമായിരുന്നു കഴിഞ്ഞവര്‍ഷം ജനുവരി ഒന്നിന്. പുണെയില്‍ നിന്നു 40 കിലോമീറ്റര്‍ അകലെ ഭീമ-കോറെഗാവില്‍, 1818 ല്‍ നടന്ന യുദ്ധത്തിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ എത്തിയ ദലിത് വിഭാഗക്കാരെ ആക്രമിച്ചതാണ് പ്രതിഷേധത്തിനും കലാപത്തിനും കാരണമെന്നാണു കേസ്. 

യുദ്ധവാര്‍ഷികം ആചരിച്ചതിന്റെ പേരില്‍ ഹിന്ദു ഏകത അഘാഡി, ശിവരാജ് പ്രതിഷ്ഠാന്‍ എന്നീ സംഘടനകള്‍ ദലിതര്‍ക്കെതിരെ ആദ്യം രംഗത്തു വന്നു. പുതുവത്സരദിനത്തില്‍ പുണെയില്‍ പൊട്ടിപ്പുറപ്പെട്ട ദലിത്-മറാഠാ സംഘര്‍ഷം മുംബൈയിലേക്കും മഹാരാഷ്ട്രയുടെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു. കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ മലയാളിയായ സാമൂഹിക പ്രവര്‍ത്തകന്‍ റോണ വില്‍സന്‍ (47) ഉള്‍പ്പെടെ 5 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നു പൊലീസ് ആരോപിക്കുന്നു.

കലാപത്തില്‍, സ്വകാര്യ-സര്‍ക്കാര്‍ മേഖലകളിലായി ഒന്നരക്കോടി രൂപയുടെ നാശനഷ്ടമുണ്ടായി. കേസിലെ 75 പ്രതികളും ഇപ്പോള്‍ ജാമ്യത്തിലാണ്. ഇതില്‍ 29 പേര്‍ മുംബൈയിലെ പശ്ചിമ മേഖലയിലുള്ളവരും 24 പേര്‍ കിഴക്കന്‍ മേഖലക്കാരുമാണ്. കേസന്വേഷിക്കാന്‍ മുന്‍ ചീഫ് ജസ്റ്റിസ് ജെ.എന്‍.പട്ടേല്‍ ചെയര്‍മാനായി ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചിരുന്നു. കലാപക്കേസിലെ പ്രതികളില്‍ ഗുരുതരമല്ലാത്ത കുറ്റം ചെയ്തവരെ ഒഴിവാക്കുമെന്നു മാര്‍ച്ചില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചെങ്കിലും ആരുടെയും കേസ് പിന്‍വലിച്ചിരുന്നില്ല.

English Summary: Koregaon-Bhima case; Uddhav Withdraws Criminal Cases Against Human Right Activist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com