sections
MORE

‘ഇന്നു വന്ന ഒരാൾക്കാണോ അറിയുന്നത് ?’ ; ആശങ്കയിൽ മരടിലെ സമീപവാസികൾ

maradu-flat-neighbour
മാധ്യമങ്ങളോടു സംസാരിക്കുന്ന വീട്ടമ്മ ഹർഷമ്മ രാമചന്ദ്രൻ (ഇടത്), മരട് ഫ്ലാറ്റിനു സമീപത്തെ വീടിന്റെ കോണിപ്പടിക്കു താഴെയുള്ള വിള്ളൽ (വലത്).
SHARE

കൊച്ചി ∙ ‘ഫ്ലാറ്റ് പൊളിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഞങ്ങൾ പണിക്കു പോകുന്നില്ല, തിരിച്ചു വരുമ്പോൾ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുക എന്ന ആശങ്കയാണ്, മറ്റുള്ളവരെ വീട്ടിലിരുത്തി എങ്ങനെ പോകാൻ സാധിക്കും?’ മരടിൽ പൊളിക്കൽ പുരോഗമിക്കുന്ന ആൽഫ സരിൻ ഫ്ലാറ്റിനു സമീപം താസമസിക്കുന്ന ഷാജിയുടേതാണ് ഈ വാക്കുകൾ. ഫ്ലാറ്റ് പൊളിക്കൽ തുടങ്ങിയപ്പോൾ മുതൽ അയൽവീടുകൾക്കു വിള്ളലുകൾ സംഭവിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ നാട്ടുകാരുടെ ആശങ്ക പരിഹരിക്കാതെ പൊളിക്കലുമായി കരാർ കമ്പനി മുന്നോട്ടു പോകുന്നതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

നാട്ടുകാർ പലപ്രാവശ്യം ആവശ്യപ്പെട്ടതനുസരിച്ചാണ് ഇന്ന് നിയന്ത്രിത സ്ഫോടന വിദഗ്ധൻ സമീപത്തെ വീടുകൾ സന്ദർശിക്കാൻ തയാറായത്. എന്നാൽ വീടുകളിൽ കാണുന്ന വിള്ളൽ നേരത്തേ ഉള്ളതാണെന്ന നിലപാടിലാണ് അദ്ദേഹം. ഇതും നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്. യാതൊരു നഷ്ടപരിഹാരവും കിട്ടുകയില്ലെന്ന് ഇതോടെ ഉറപ്പായെന്നും അയൽവാസികൾ പറയുന്നു. ‘ഈ പ്രദേശത്തെ വീടുകളെല്ലാം മോശമാണെന്നാണ് അദ്ദേഹം പറയുന്നത്. എല്ലാ വീടുകൾക്കും വിള്ളലുണ്ട്. അത് ഫ്ലാറ്റ് പൊളിക്കുമ്പോൾ ഉണ്ടായതല്ല എന്നാണ് പറയുന്നത്. ഇവിടെ താമസിക്കുന്ന ഞങ്ങൾക്കാണോ ഇന്നു വന്ന ഒരാൾക്കാണോ അറിയുന്നത്’ – ഹർഷമ്മ രാമചന്ദ്രൻ എന്ന വീട്ടമ്മ ചോദിക്കുന്നു.

‘ഫ്ലാറ്റിന്റെ സ്വിമ്മിങ് പൂൾ പൊളിക്കുമ്പോഴാണ് വീടിന്റെ ചവിട്ടുപടിയിൽ വിള്ളൽ വീണത്. ഇതു പോലും ഫ്ലാറ്റ് പൊളിക്കുമ്പോൾ ഉണ്ടായതാണെന്ന് അദ്ദേഹം സമ്മതിച്ചിട്ടില്ല. വീടെങ്ങാനും തകർന്നു വീഴുമോ എന്ന് ഭയന്നാണ് കഴിഞ്ഞ ദിവസം ഇവിടെനിന്നു മാറി താമസിച്ചത്. അതിനു നല്ലൊരു തുക ചെലവായി. വാടകയ്ക്കു കൊടുത്തിരുന്ന വീടിന്റെ വരുമാനം നിലച്ചു. ഇപ്പോൾ നമ്മൾ തന്നെ വാടക വീട്ടിലേക്കു മാറേണ്ടി വന്നു. 50,000 രൂപയോളം അതിന് ചെലവായിട്ടുണ്ട്. സാധനങ്ങൾ വാഹനത്തിൽ മാറ്റാൻ വന്ന ചെലവ് വേറെ. ഇതൊക്കെ എങ്ങനെ തിരിച്ചു കിട്ടാൻ. ഇൻഷുറൻസ് എന്നൊക്കെ പറഞ്ഞാണ് സർക്കാർ പൊളിക്കൽ തുടങ്ങിയതെങ്കിലും ഇതിനെക്കുറിച്ചൊന്നും ഒരറിവുമില്ല’ – അവർ പറയുന്നു.

ഫ്ലാറ്റ് പൊളിക്കാൻ തുടങ്ങിയ ശേഷമാണ് കണിയാമ്പള്ളിൽ അജിത്തിന്റെ വീടിന്റെ മൂന്നു ഭിത്തികളും രണ്ടു ഭാഗത്തേക്കു പിളർന്നതു പോലെ വിള്ളൽ വീണത്. എന്നാൽ ഇത് അംഗീകരിക്കാൻ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥൻ തയാറാകാത്തത് അവരെ ആശങ്കയിലാക്കുന്നുണ്ട്. ഇത്രയും നാളും ഫ്ലാറ്റ് ഇടിഞ്ഞ് വീടിനു മുകളിലേക്കു വീഴുമോ എന്നായിരുന്നു ഭീതി. ഇപ്പോൾ സ്വന്തം വീടു തന്നെ തകർന്നു വീഴുമോ എന്ന ഭയത്തിലാണെന്ന് അജിത്തും ഭാര്യ രമയും പറയുന്നു. 16 വർഷം പഴക്കമുള്ള വീടാണ്. കഴിഞ്ഞ വർഷം പുതുക്കി പണിതു. അതുകൊണ്ടുതന്നെ നേരത്തെ ഇതിന് എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നെങ്കിൽ ഞങ്ങൾ കാണാതിരിക്കില്ല. നഷ്ടപരിഹാരം തരാതിരിക്കാൻ, പൊളിക്കൽ കരാറേറ്റെടുത്ത കമ്പനിക്കാർക്കു വേണ്ടിയാണ് ഇത് കാണാനെത്തിയ ഉദ്യോഗസ്ഥൻ സംസാരിക്കുന്നതെന്നും അജിത്ത് പറയുന്നു.

ഫ്ലാറ്റ് പൊളിക്കൽ തുടങ്ങിയപ്പോൾ മുതൽ നാട്ടുകാർ ഉയർത്തുന്ന ആവശ്യമാണ് ജനവാസം കുറവുള്ളിടത്തെ ഫ്ലാറ്റ് ആദ്യം പൊളിക്കണമെന്നുള്ളത്. എന്നാൽ ഇതിനു ചെവികൊടുക്കാൻ സർക്കാരോ ചുമതലയുള്ള ഉദ്യോഗസ്ഥരോ തയാറായിട്ടില്ല. ‘ഞങ്ങളെ രക്തസാക്ഷികളാക്കി മറ്റ് ഫ്ലാറ്റുകൾ സംരക്ഷിക്കാനാണ് സർക്കാർ ഇങ്ങനെ ചെയ്യുന്നതെന്ന് സംശയിക്കുന്നു’ എന്ന് ഷാജി എന്ന അയൽവാസി പറയുന്നു. ‘എന്തെങ്കിലും സംഭവിച്ചാൽ പിന്നെ മറ്റ് ഫ്ലാറ്റുകൾ പൊളിക്കേണ്ടി വരില്ലല്ലോ, അതിനാണ് ജനവാസ മേഖലയിലുള്ള ഫ്ലാറ്റുകൾ പൊളിക്കുന്നത്’ – അദ്ദേഹം പറഞ്ഞു.

ഫ്ലാറ്റ് തകർക്കുന്നത് സുരക്ഷിതമായിരിക്കുമെന്നാണ് സന്ദർശിക്കാനെത്തിയ ഉദ്യോഗസ്ഥൻ ഉറപ്പിച്ചു പറയുന്നത്. എന്നാൽ ഇവിടെനിന്ന് കിലോമീറ്ററുകൾ അകലെയാണ് മരട് വെടിക്കെട്ട് നടക്കുന്നത്. സാമ്പിൾ വെടിക്കെട്ട് നടക്കുമ്പോൾത്തന്നെ ജനാലകളും ഭിത്തിയും വരെ കുലുങ്ങാറുണ്ട്. അങ്ങനെയാണെങ്കിൽ ഇത്രയും വലിയ ഫ്ലാറ്റ് പൊളിക്കുമ്പോൾ ഒന്നും സംഭവിക്കില്ലെന്നു പറയുന്നത് ഞങ്ങൾ വിശ്വസിക്കണമെന്നാണോ നിങ്ങൾ പറയുന്നതെന്ന് അയൽവാസിയായ ശ്രീദേവി ചോദിക്കുന്നു. നഷ്ടപരിഹാരം തരുന്ന കാര്യത്തിൽ തീരുമാനം ആയില്ലെങ്കിൽ ഫ്ലാറ്റ് തകർക്കാൻ അനുവദിക്കില്ല. നാട്ടുകാരെല്ലാം കൂടി ഫ്ലാറ്റിലേയ്ക്ക് കയറി ഇരിക്കും. ഞങ്ങളെ ഉൾപ്പടെ സർക്കാർ പൊളിക്കട്ടെ എന്ന് തീരുമാനിക്കുമെന്നും അവർ പറഞ്ഞു.

ഫ്ലാറ്റുകൾക്കു സമീപത്തെ കെട്ടിടങ്ങളുടെ കാര്യത്തിലുള്ള പരാതികൾ കേൾക്കാനായി സർക്കാർ ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ചതായി ആദ്യം യോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. അന്ന് ഒരു ഫോൺ നമ്പർ നൽകിയിരുന്നു. ആ നമ്പരിൽ വിളിച്ചിട്ട് ഇതുവരെ ആരെയും കിട്ടിയിട്ടില്ല. മൂവാറ്റുപുഴ നഗരസഭയിലെ എൻജിനിയറായ മൻസൂർ എന്നയാളെയാണ് ഇതിന് നിയോഗിച്ചിട്ടുള്ളത്. അദ്ദേഹത്തെ ഇതുവരെ കാണാൻ പോലും കിട്ടിയിട്ടില്ലെന്നും നാട്ടുകാർ പരിഭവം പറയുന്നു. ഫ്ലാറ്റുടമകളോട് സർക്കാർ കാണിച്ച ദയ കുറച്ചെങ്കിലും അയൽവാസികളായ തങ്ങളോടും കാണിക്കണമെന്ന അപേക്ഷയാണ് ജനങ്ങൾ സർക്കാരിനു മുന്നിൽ വയ്ക്കുന്നത്.

English Summary: Maradu Flat Demolishing, Reaction from Neighbours

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA