ADVERTISEMENT

തിരുവനന്തപുരം∙ ലഹരിയുടെ സാന്നിധ്യമില്ലാത്ത വൈന്‍ ഉപയോഗിക്കുന്നതിനു വിലക്കില്ലെന്ന് എക്സൈസ്. ക്രിസ്മസ്–പുതുവൽസര ആഘോഷവുമായി ബന്ധപ്പെട്ട് ലഹരിയുള്ള വൈൻ വ്യാജമായി ഉൽപാദിപ്പിച്ച്  വാണിജ്യാടിസ്ഥാനത്തിൽ വിൽക്കാൻ പരസ്യം നൽകുന്നത് ശ്രദ്ധിക്കണമെന്നാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.

എന്നാൽ, ലഹരിയുടെ സാന്നിധ്യമില്ലാത്ത വൈൻ ഉപയോഗംകൂടി ഈ നിർദേശത്തിന്റെ പരിധിയിൽവരുമെന്ന തരത്തിൽ പ്രചാരണം നടക്കുകയാണ്. ആൽക്കഹോൾ സാന്നിധ്യമില്ലാത്ത വൈൻ നിർമാണം സംബന്ധിച്ച പരിശോധനകളൊന്നും എക്സൈസ് വകുപ്പ് നടത്തുന്നില്ലെന്നും എക്സൈസ് കമ്മിഷണർ വിശദീകരണക്കുറിപ്പിൽ അറിയിച്ചു.

ആൽക്കഹോൾ ഇല്ലാത്ത വൈൻ എന്ന വ്യാജേന ആൽക്കഹോൾ കലർന്ന വൈൻ എക്സൈസിന്റെ കണ്ണുവെട്ടിച്ച് വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്നതിനെയാണ് നിരീക്ഷിക്കാൻ നിർദേശിച്ചിരിക്കുന്നത്. ഇത്തരം വ്യാജവൈൻ നിർമാണവും ഉപയോഗവും അപകടമുണ്ടാക്കുമെന്നതിനാലാണ് നടപടിയെന്നും കമ്മിഷണർ വ്യക്തമാക്കി.

‘വൈൻ നിർമിച്ചു കൊടുക്കപ്പെടുമെന്ന’ പരസ്യങ്ങൾ ശ്രദ്ധിക്കണമെന്ന  എൻഫോഴ്സ്മെന്റ് അഡീ. എക്സൈസ് കമ്മിഷണറുടെ സർക്കുലർ തെറ്റായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണ് വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്. സർക്കുലർ സംബന്ധിച്ച തെറ്റിദ്ധാരണ മാറ്റണമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ എക്സൈസ് കമ്മിഷണറോട് നിർദേശിച്ചിരുന്നു.

ക്രിസ്മസ്–പുതുവൽസര ആഘോഷവേളകളിൽ വ്യാപകമായി അനധികൃത വൈൻ ഉല്പാദനവും വില്പനയും നടക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ച സാഹചര്യത്തിലാണ് രണ്ടാം തീയതി സർക്കുലർ പുറത്തിറക്കിയതെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ഇത്തരത്തിൽ അനധികൃതമായി വൈൻ നിർമിച്ചു വില്പന നടത്തുന്നത് പല അനിഷ്ടസംഭവങ്ങൾക്കും കാരണമാകാം. ഇതൊഴിവാക്കാനാണ് സർക്കുലർ ഇറക്കിയത്.

English Summary: No Prohibition for Home Made Wines, Says Excise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com