ADVERTISEMENT

മുംബൈ ∙ തന്റെ ട്വിറ്റർ വിലാസത്തിൽ നിന്നു ‘ബിജെപി’യും രാഷ്ട്രീയ ചരിത്രവിവരങ്ങളും മാറ്റുകയും പുതിയ രാഷ്ട്രീയ നീക്കത്തെക്കുറിച്ച് ആലോചിക്കാൻ ഇൗ മാസം 12ന് യോഗം വിളിക്കുകയും ചെയ്ത ബിജെപി നേതാവ് പങ്കജ മുണ്ടെ, താൻ ബിജെപി വിടുന്നില്ലെന്ന് ഇന്നലെ വ്യക്തമാക്കി. പാർട്ടി േനതാക്കളായ വിനോദ് താവ്ഡെ, രാം കദം, ബബൻറാവു ലോനിക്കർ എന്നിവർ ചർച്ച നടത്തിയതിനു പിന്നാലെയാണ് അവർ മൗനം വെടിഞ്ഞതും നിലപാട് വ്യക്തമാക്കിയതും.

മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഗോപിനാഥ് മുണ്ടെയുടെ മകളായ പങ്കജ, ഫഡ്നാവിസ് സർക്കാരിൽ മന്ത്രിയായിരുന്നു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മുണ്ടെയുടെ പരമ്പരാഗത മണ്ഡലമായ പർളിയിൽ ബന്ധുവായ എൻസിപി സ്ഥാനാർഥി ധനഞ്ജയ് മുണ്ടെയോടു പരാജയപ്പെട്ടിരുന്നു. പാർട്ടിയിൽ നിന്നു പൂർണ പിന്തുണ കിട്ടിയില്ലെന്ന തോന്നലാണ് പങ്കജയ്ക്കുണ്ടായിരുന്നത്. ഫഡ്നാവിസുമായി പൂർണമായി യോജിപ്പിലുമല്ല.

ഇൗ പശ്ചാത്തലത്തിലാണു പുതിയ രാഷ്ട്രീയ നീക്കത്തെക്കുറിച്ച് ആലോചിക്കാൻ 12ന് അനുയായികളുടെ യോഗം വിളിക്കുന്നതായി അവർ ഞായറാഴ്ച ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ചർച്ചയായത്. പിന്നീട് ‘ബിജെപി’ എന്ന വാക്കും പൂർവരാഷ്ട്രീയ ചരിത്രവും ട്വിറ്ററിൽ നിന്നും നീക്കി. ഇന്നലെ താമര ചിഹ്നം വച്ചു ഫെയ്സ്ബുക്കിൽ പുതിയ കുറിപ്പ് എഴുതിയ ശേഷമാണ് ബിജെപി തന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന കാര്യമാണെന്നും പാർട്ടി വിടില്ലെന്നും പ്രഖ്യാപിച്ചത്. ബിജെപിയിൽ തുടരണമെങ്കിൽ പാർട്ടിയിൽ ഉയർന്ന പദവികൾ വേണമെന്നതാണു പങ്കജയുടെ നിലപാട്.

English Summary: Not quitting BJP; Pankaja Munde

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com