ADVERTISEMENT

കൊൽക്കത്ത∙ വിദേശത്തു നിന്നുള്ള ഇറക്കുമതി ഉൾപ്പെടെ നടപടികൾ തുടരുന്നതിനിടയിലും രാജ്യത്തു പിടിച്ചു നിർത്താനാകാതെ സവാള വില. കൊൽക്കത്തയിൽ വൈകാതെതന്നെ സവാള വില കിലോയ്ക്ക് 150 രൂപയാകുമെന്നു വിപണി വൃത്തങ്ങൾ അറിയിച്ചു. നിലവില്‍ കുറഞ്ഞ വില കിലോയ്ക്ക് 110 രൂപയും കൂടിയ വില 130ഉം ആണ്. മൊത്തവില ഇനിയും വർധിക്കുമെന്നാണ് അറിയുന്നത്. നാസിക്കിൽ മൊത്ത വില 40 കിലോയ്ക്ക് 5400 രൂപ വരെയെത്തി. കിലോയ്ക്ക് 135 രൂപയും.

ചെന്നൈയിൽ സവാളയുടെ കുറഞ്ഞ വില കിലോയ്ക്ക് 90 രൂപയും കൂടിയ വില 140ഉം ആയി. ബെംഗളൂരുവിൽ സവാള കിലോയ്ക്ക് കുറഞ്ഞ വില 120ഉം കൂടിയത് 140ഉം ആയി. കേരളത്തിലും സവാള വില കുതിച്ചുയരുകയാണ്. എറണാകുളം മാര്‍ക്കറ്റില്‍ ബുധൻ രാവിലെ കിലോയ്ക്ക് 120 രൂപയായിരുന്നു. ഇതു 140ലേക്കു കുതിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കൊൽക്കത്തയിൽ സബ്സിഡിയോടെ സവാള വിൽക്കാൻ സർക്കാർ പ്രത്യേക സ്റ്റോറുകൾ ആരംഭിച്ചു. 59 രൂപയ്ക്കാണ് ഈ കേന്ദ്രങ്ങളിൽ വിൽപന.

സവാള വിലക്കയറ്റം തടയാൻ കേന്ദ്രം കയറ്റുമതി നിരോധിച്ചിരിക്കുകയാണ്. എങ്കിലും ബംഗാള്‍ അതിർത്തി വഴി അനധികൃതമായി ബംഗ്ലദേശിലേക്ക് സവാള കയറ്റുമതി ചെയ്യുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. അതിനിടെ 1.2 ലക്ഷം ടൺ സവാള ഇറക്കുമതി ചെയ്യാനും കേന്ദ്രം തീരുമാനിച്ചു. തുർക്കിയിൽ നിന്നുൾപ്പെടെ സവാള എത്തിക്കും. ഡൽഹി എംഎംടിസി 4000 ടണ്‍ സവാള തുർക്കിയില്‍ നിന്ന് ഇറക്കുമതി ചെയ്യും. ഇതു ജനുവരി മധ്യത്തോടെ എത്തുമെന്നാണു കരുതുന്നത്. 11,000 ടണ്ണിന് ഓർഡർ നൽകിയത് കൂടാതെയാണിത്. ഈജിപ്തിൽ നിന്ന് 6090 ടണ്ണാണ് ഇറക്കുമതി ചെയ്യുക.

ഉള്ളിയുടെയും സവാളയുടെയും ഇറക്കുമതി വേഗത്തിലാക്കാൻ കൂടുതൽ സൗകര്യം ചെയ്യുമെന്ന് ഷിപ്പിങ് മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്ന് പഞ്ചാബ് ‌വഴി ദിവസവും 10–15 ട്രക്കുകളിൽ സവാളയും ഉള്ളിയും എത്തിക്കുന്നുണ്ട്. ഓരോ ട്രക്കിലും 35 മെട്രിക് ടൺ വരെ ഉൽപന്നങ്ങളുണ്ട്. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കാണ് ഇതെത്തിക്കുന്നത്. പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ തടഞ്ഞിരിക്കുകയാണെങ്കിലും പാക്ക്–അഫ്ഗാൻ വ്യാപാര കരാർ പ്രകാരമാണ് ഇന്ത്യയിലേക്ക് സവാളയും ഉള്ളിയും എത്തിക്കാൻ അതിർത്തി തുറന്നുകൊടുത്തത്.

അതിനിടെ, മൊത്തക്കച്ചവടക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും സംഭരിക്കാവുന്ന സവാളയുടെ പരിധി കേന്ദ്രം പകുതിയായി കുറച്ചു. മൊത്തക്കച്ചവടക്കാര്‍ക്ക് 25 ടണ്ണും ചെറുകിട കച്ചവടക്കാര്‍ക്ക് അഞ്ചു ടണ്ണും മാത്രമേ സംഭരിക്കാനാവൂ. ഇറക്കുമതി ചെയ്യുന്ന സവാള സംഭരിക്കുന്നവർക്കു പക്ഷേ ഇളവുണ്ട്.  

English Summary: Onion price may touch Rs 150 per kg in Indian States, claim traders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com