sections
MORE

ഇന്ത്യയിൽ നിന്ന് ‘മുങ്ങി’ ഇക്വഡോറിൽ പൊങ്ങി; ദ്വീപ് വാങ്ങി രാജ്യം സ്ഥാപിച്ച് നിത്യാനന്ദ

nithyananda-1
SHARE

2018 സെപ്റ്റംബറിൽ അവസാനിച്ചതാണു വിവാദ ആൾദൈവം നിത്യാനന്ദയുടെ പാസ്‌പോർട്ടിന്റെ കാലാവധി. പുതുക്കി നൽകണമെന്ന ആവശ്യം കർണാടക പൊലീസ് തള്ളുകയും ചെയ്തു. ബലാത്സംഗക്കേസും കുട്ടികളെ തട്ടിക്കൊണ്ടു പോയി അനധികൃത തടവിൽ വച്ചെന്നുള്ള കേസും നിലനിൽക്കുന്നതിനിടെ ഇടക്കാലത്ത് ഇയാൾ അപ്രത്യക്ഷനായി. ഇന്ത്യ വിട്ടെന്ന് ഗുജറാത്ത് പൊലീസ് കഴിഞ്ഞ മാസം റിപ്പോർട്ടും നൽകി. എന്നാൽ ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ് നിത്യാനന്ദ. പാസ്‌പോർട്ടില്ലാതെ രാജ്യം വിട്ട ഇയാൾ സ്വന്തമായി പാസ്‌പോർട്ടുള്ള ഒരു രാജ്യം തന്നെയാണിപ്പോൾ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

kailaasa-nithyananda-website

ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങിക്കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ ഹിന്ദുരാഷ്ട്രത്തിലേക്കു സ്വാഗതമെന്നു പറഞ്ഞ് ‘ഭക്തരിൽ’ നിന്ന് സംഭാവനയും സ്വീകരിക്കുന്നു. സൗജന്യ ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങി ഗുരുകുല സമ്പ്രദായം വരെയായി കൈലാസ എന്നു പേരിട്ട ഈ ദ്വീപിന്റെ വിശദവിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെയും രാജ്യത്തിനായുള്ള പ്രത്യേക വെബ്സൈറ്റിലൂടെയും നിത്യാനന്ദ പുറത്തു വിട്ടു കഴിഞ്ഞു.

kailaasa-nithyananda-passport

കൈലാസത്തിനു സ്വന്തമായി പാസ്പോർട്ടും പതാകയും ദേശീയ ചിഹ്നവുമെല്ലാമുണ്ട്. അതിരുകളില്ലാത്ത രാജ്യമായിരിക്കും ഇത്. ലക്ഷ്യമിടുന്നത് ലോകമെമ്പാടുമുള്ള ഹിന്ദുക്കളെയാണ്, അതും സ്വന്തം രാജ്യത്ത് ഹിന്ദുമത പ്രകാരം ജീവിക്കാനുള്ള എല്ലാ ‘അവകാശങ്ങളും’ നഷ്ടപ്പെട്ടവരെ. ജാതി, ലിംഗം, പ്രദേശം, വിഭാഗം ഇങ്ങനെ ഒന്നിന്റെയും തരംതിരിവില്ലാതെ ഭക്തർക്ക് കൈലാസത്തിലേക്കു സ്വാഗതമെന്നും വെബ്സൈറ്റ് പറയുന്നു. സമാധാനത്തോടെ ഇവിടെ ജീവിക്കാം. സ്വന്തം ആധ്യാത്മികജീവിതം ആസ്വദിക്കാം. സ്വന്തം കലയും സംസ്കാരവും പ്രകടമാക്കാം. ആരും അപകീർത്തിപ്പെടുത്താനോ ഇടപെടാനോ ഉണ്ടാകില്ല. അക്രമത്തിനും കൈലാസത്തിൽ സ്ഥാനമില്ലെന്നും https://kailaasa.org എന്ന വെബ്സൈറ്റില്‍ പറയുന്നു.

kailaasa-nithyananda-symbols

ക്ഷേത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ജീവിതവ്യവസ്ഥയായിരിക്കും ഇവിടെ. മൂന്നാം കണ്ണിന്റെ ശാസ്ത്രം, യോഗ, ധ്യാനം എന്നിവയും ഗുരുകുല സമ്പ്രദായത്തിലൂടെ പഠിപ്പിക്കും. ഈ ദ്വീപു രാഷ്ട്രത്തിന് ഒരു സർക്കാരുമുണ്ടാകും. ആഭ്യന്തര സുരക്ഷ, പ്രതിരോധം, സാങ്കേതികം, ധനകാര്യം, വാണിജ്യം, ഭവനകാര്യം, മനുഷ്യസേവനം, വിദ്യാഭ്യാസം തുടങ്ങി പല വകുപ്പുകളുമുണ്ട്. ചിലതിന്റെ തലപ്പത്ത് നിത്യാനന്ദയാണ്. സ്വതന്ത്രമായ, ഒരു പുതുരാഷ്ട്രം എന്നാണു കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്.

kailaasa-nithyananda-flag

ഇംഗ്ലിഷും സംസ്കൃതവും തമിഴുമായിരിക്കും രാജ്യത്തെ ഭാഷകൾ. യുഎസിലാണ് കൈലാസ പ്രസ്ഥാനം ആരംഭിച്ചതെന്നും പറയുന്നു. ഹിന്ദുമതമായിരിക്കും രാജ്യത്ത്. സനാതന ധർമത്തെ അടിസ്ഥാനമാക്കിയുള്ള ഭരണഘടനയും–ഇത് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും വെബ്സൈറ്റിലുണ്ട്. പരമശിവൻ, പരാശക്തി, നന്ദി എന്നിവയായിരിക്കും രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങൾ. ഇതോടൊപ്പം നിത്യാനന്ദ പരമശിവം എന്ന പേരും ചിഹ്നമായി വെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്. ഈ ചിഹ്നങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് കടും ചുവപ്പ് നിറത്തിൽ പതാകയും തയാറാക്കിയിരിക്കുന്നത്.

ലോകമെമ്പാടുമുള്ള ഹിന്ദുക്കളിൽ നിന്ന് പണം സ്വീകരിക്കാൻ ഹിന്ദു ഇൻവെസ്റ്റ്മെന്റ് ആൻഡ് റിസർവ് ബാങ്കും ഒരുക്കുന്നുണ്ട്. ഇതുവഴിയാണ് രാജ്യത്തിന്റെ ‘വികസനത്തിനുള്ള’ സംഭാവന സ്വീകരിക്കുന്നത്. ക്രിപ്റ്റോകറൻസി വഴിയായിരിക്കും ഇടപാടുകളെന്നും സൂചനയുണ്ട്. അക്രമരഹിത വ്യാപാരങ്ങളിൽ നിക്ഷേപിക്കാനായി കൈലാസത്തിലെ ജനങ്ങൾക്ക് ഈ പണം ഉപയോഗിക്കുകയുമാകാം,. നിത്യാനന്ദ ടിവി, ഹിന്ദുയിസം നൗ എന്നീ ചാനലുകളും നിത്യാനന്ദ ടൈംസ് എന്ന പത്രവും രാജ്യത്തു ലഭ്യം.

ഹിന്ദു സർവകലാശാല, ഗുരുകുലം. യൂണിവേഴ്സിറ്റി ഓഫ് പ്രസ്, സേക്രഡ് ആർട്സ് യൂണിവേഴ്സിറ്റി എന്നിവയും തയാറാക്കും. ഇതോടൊപ്പമാണ് കൈലാസത്തിലെ രണ്ടു തരം പാസ്പോർട്ടും പുറത്തുവിട്ടിരിക്കുന്നത്. യുഎസിലെ ഒരു നിയമോപദേശ കമ്പനിയുമായി ചേർന്ന് ‘കൈലാസ’ ദ്വീപിനെ രാജ്യമായി പ്രഖ്യാപിക്കാനുള്ള അപേക്ഷയും ഐക്യരാഷ്ട്ര സംഘടനയിൽ നൽകിയിട്ടുണ്ട് നിത്യാനന്ദയെന്നാണ് റിപ്പോർട്ടുകൾ. ആശ്രമത്തിൽ ഭക്തർ നിത്യാനന്ദയ്ക്കു തുലാഭാരം നടത്താനായി കൊണ്ടു വന്ന ആറു ടണ്ണോളം സ്വർണവും കൈലാസത്തിലെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന വാർത്തകളും പരക്കുന്നുണ്ട്. കൈലസത്തിലെ പൗരനായി റജിസ്റ്റർ ചെയ്യാനുള്ള വെബ്സൈറ്റ് ലിങ്ക് പ്രവർത്തനക്ഷമമായിട്ടില്ല. എന്നാൽ കൈലാസത്തിലേക്കാവശ്യമായ സംഭാവന നൽകാനുള്ള ലിങ്ക് സജീവമാണ്.

nithyananda-main

രാജശേഖരൻ എന്ന പേരിലറിയപ്പെട്ടിരുന്ന നിത്യാനന്ദ തമിഴ്നാട് സ്വദേശിയാണ്. 2000ത്തിൽ ബെംഗളൂരുവിൽ ആശ്രമം സ്ഥാപിച്ചതോടെയാണ് ഇയാൾ വിവാദ വെളിച്ചത്തിലേക്കെത്തുന്നത്. ഓഷോ രജനീഷിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ആശ്രമത്തിലെ രീതികൾ. അതിനാൽത്തന്നെ വിവാദങ്ങള്‍ക്കു കുറവൊന്നുമുണ്ടായില്ല. 2010ൽ തെന്നിന്ത്യൻ നടിയുമൊത്തുള്ള വിഡിയോ പുറത്തുവന്നതോടെ ആശ്രമം വാർത്താകേന്ദ്രമായി. പിന്നീട് ഇയാൾക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കർണാടകയിൽ ഈ കേസ് നിലനില്‍ക്കുന്നുമുണ്ട്.

നിത്യാനന്ദ നടത്തുന്ന ആശ്രമത്തിൽ തങ്ങളുടെ പെൺകുട്ടികളെ തടഞ്ഞുവച്ചിരിക്കുകയാണെന്നും അവരെ തിരിച്ചെത്തിക്കാൻ നടപടിയെടുക്കണമെന്നും ആരോപിച്ച് ഗുജറാത്ത് ദമ്പതികളായ ജനാർദന ശർമയും ഭാര്യയും അടുത്തിടെ അഹമ്മദാബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയതോടെയാണ് വീണ്ടും കുരുക്ക് മുറുകിയത്. ഗുജറാത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ രാജ്യം വിട്ടതായി കണ്ടെത്തി. 2018 അവസാനമായിരിക്കാം രക്ഷപ്പെട്ടതെന്നും പറയുന്നു. ബലാത്സംഗക്കേസിൽ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ സമയത്തായിരുന്നു അത്. അതിനാൽത്തന്നെ 2018 സെപ്റ്റംബറിൽ കാലാവധി കഴിഞ്ഞ പാസ്‌പോർട്ട് പുതുക്കാൻ കർണാടക പൊലീസ് തയാറായുമില്ല.

FILES-INDIA-CULT-CRIME-GURU

എന്നാൽ നിത്യാനന്ദ രാജ്യം വിട്ടുവെന്ന കാര്യം വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്. ഇപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ദിവസവും ഇയാളുടെ പ്രഭാഷണങ്ങളും മറ്റും പുറത്തുവരുന്നുമുണ്ട്. കൈലാസവുമായി ബന്ധപ്പെട്ട വെബ്സൈറ്റിൽ അപ്ഡേഷനുകളുമുണ്ട്. എന്നാൽ ഇയാൾ എവിടെയാണെന്ന കാര്യം ഇപ്പോഴും രഹസ്യം. ദ്വീപിന്റെ യഥാർഥ സ്ഥാനവും ലഭ്യമല്ല. ട്രിനിഡാഡ് ആൻഡ് ടുബാഗോയ്ക്കു സമീപമായിരിക്കും കൈലാസമെന്നു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2018 ഒക്ടോബർ 21നാണ് കൈലാസത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. അവസാനമായി അപ്ഡേറ്റ് ചെയ്തിരിക്കുന്നതാകട്ടെ 2019 ഒക്ടോബർ 10നും. അടുത്ത വര്‍ഷം ഒക്ടോബർ 21 ഇതിന്റെ കാലാവധി തീരുമെന്നും സൈബർ പരിശോധനയിൽ കണ്ടെത്തി. പാനമയിലാണ് സൈറ്റിന്റ റജിസ്ട്രേൻ. യുഎസിലെ ഡാലസിലാണ് വെബ്സൈറ്റിന്റെ ഐപി ലൊക്കേഷൻ.

English Summary: Nithyananda Establishes His Own 'Nation' Called 'Kailaasa' Near Ecuador Says Reports

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA