ADVERTISEMENT

ചെന്നൈ ∙ കന്യാകുമാരിക്കും ശ്രീലങ്കയ്ക്കും ഇടയിൽ രൂപംകൊണ്ട  ന്യൂനമർദം ദുർബലമാവാത്തതിനാൽ അടുത്ത 2 ദിവസം കൂടി സംസ്ഥാനത്തു മഴ തുടരുമെന്നു  മേഖലാ കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ എസ്.ബാലചന്ദ്രൻ പറഞ്ഞു. കന്യാകുമാരി, തൂത്തുക്കുടി എന്നിവിടങ്ങളിൽ നിന്നു കടലിൽ പോകുന്നത് ഒഴിവാക്കണമെന്നു കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി. കാറ്റ് 40 മുതൽ 50 കി.മീ വരെ വേഗം കൈവരിക്കാൻ സാധ്യതയുണ്ട്. 

രാമനാഥപുരം, തൂത്തുക്കുടി, ശിവഗംഗ, വിരുദുനഗർ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ചെന്നൈയിലും പുതുച്ചേരിയിലും മിതമായ മഴയ്ക്കു സാധ്യതയുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ നീലഗിരിയിലെ കൂനൂരിലാണു കൂടുതൽ മഴ ലഭിച്ചത് (13 സെന്റീമീറ്റർ). രാമനാഥപുരത്ത് 9 സെന്റീമീറ്ററും, നാഗപട്ടണം തരങ്കംപാടിയിൽ 8 സെന്റീമീറ്റർ മഴയും രേഖപ്പെടുത്തി. 

ഇത്തവണ വടക്കു കിഴക്കൻ മൺസൂണിൽ 11 ശതമാനം കൂടുതൽ മഴ ലഭിച്ചതായി കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ഒക്ടോബർ ഒന്നു മുതൽ സംസ്ഥാനത്ത് 402.6 മില്ലീ മീറ്റർ മഴ ലഭിച്ചു. നീലഗിരി, രാമനാഥപുരം, പുതുക്കോട്ട, തൂത്തുക്കുടി, തിരുനെൽവേലി, കോയമ്പത്തൂർ ജില്ലകളിലാണ് ഇത്തവണത്തെ മൺസൂണിൽ കൂടുതൽ മഴ ലഭിച്ചത്.

EdappadiK-Palaniswami
മേട്ടുപ്പാളയത്തു വീടുകൾക്കു മുകളിൽ മതിൽ തകർന്നുവീണു മരിച്ചവരുടെ കുടുംബാംഗങ്ങളെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി ആശ്വസിപ്പിക്കുന്നു. ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം സമീപം.

മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

തമിഴ്നാട്ടിലുടനീളം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി ചർച്ച നടത്തി. മൺസൂണിനെ നേരിടാനുള്ള ഒരുക്കങ്ങൾ അദ്ദേഹം വിലയിരുത്തി. റവന്യു കമ്മിഷണർ ജെ.രാധാകൃഷ്ണൻ, മന്ത്രിമാർ, കലക്ടർമാർ, ഉന്നത തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

മുന്നൊരുക്കത്തിന് സോണൽ സംഘം

പ്രളയ ഭീഷണിയുള്ള സ്ഥലങ്ങൾ കണ്ടെത്തി മുന്നൊരുക്കങ്ങൾ നടത്താൻ 639 സോണൽ സംഘങ്ങളെ നിയമിച്ചു. പ്രളയ മേഖലകളിൽ നിന്ന് ഒഴിപ്പിക്കുന്നവരെ പാർപ്പിക്കാൻ 4,500 സ്കൂളുകളിലും, 100 കോളജുകളിലും ദുരിതാശ്വാസ ക്യാംപുകൾ തുറക്കാനുള്ള സൗകര്യം ഒരുക്കി. 2,400 കമ്യൂണിറ്റി ഹാളുകളും കല്യാണ മണ്ഡപങ്ങളും ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാംപുകളായി മാറ്റുമെന്നും സർക്കാർ അറിയിച്ചു. പ്രളയ മേഖലകളിൽ വെള്ളം പമ്പു ചെയ്തു കളയാൻ 2,100 ജനറേറ്ററുകളും ഉയർന്ന ശേഷിയുള്ള 480 പമ്പുകളും സജ്ജമാക്കി. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആർഎഫ്) 1,000 ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിൽ നിയമിച്ചു. എസ്ഡിആർഎഫ് പരിശീലിപ്പിച്ച 4,100 പേരെയും വിവിധ ജില്ലകളിൽ വിന്യസിച്ചു. 

മഴയിൽ ആകെ മരണം 25

‌തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴക്കെടുതിയിൽ 8 പേർ മരിച്ചതായി സർക്കാർ അറിയിച്ചു. മേട്ടുപ്പാളയത്ത് കനത്ത മഴയിൽ മതിൽ ഇടിഞ്ഞു വീണു 17 പേർ മരിച്ചതും ചേർത്തു സംസ്ഥാനത്ത് മൺസൂൺ മരണങ്ങൾ 25 ആയി. മഴയെ തുടർന്നുള്ള അപകടങ്ങളിൽ 8 പേർക്കു ഗുരുതരമായി പരുക്കേറ്റു. 58 കന്നുകാലികൾ ചത്തു. 1,305 കുടിലുകൾ, 465 വീടുകൾ എന്നിവ നശിച്ചു. 

മേട്ടുപ്പാളയം ദുരന്തം: വീട്ടുടമ അറസ്റ്റിൽ

മേട്ടുപ്പാളയത്തു മതിൽ തകർന്നു 17 പേർ മരിച്ച സംഭവത്തിൽ വീട്ടുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. വസ്ത്രവ്യാപാരി ശിവസുബ്രഹ്മണ്യമാണ് അന്നൂർ കോവിൽപാളയത്ത് അറസ്റ്റിലായത്. മക്കളായ അരവിന്ദൻ (28), അഭിഷേക് (24) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മേട്ടുപ്പാളയം നടൂർ ഗ്രാമത്തിൽ തന്റെ വീടിനെ കോളനിയിൽനിന്നു വേർതിരിക്കാൻ ശിവസുബ്രഹ്മണ്യം 20 അടി ഉയരത്തിൽ കെട്ടിയ മതിൽ തകർന്നു വീടുകൾക്കു മുകളിൽ പതിച്ച് 11 സ്ത്രീകളും 3 കുട്ടികളുമടക്കം 17 പേരാണു മരിച്ചത്.

സംഭവത്തിനു ശേഷം ഒളിവിലായിരുന്നു ശിവസുബ്രഹ്മണ്യം. വീടിനും ആദിദ്രാവിഡ കോളനിക്കും ഇടയിൽ 20 അടി ഉയരത്തിലും 80 അടി നീളത്തിലുമാണു മതിൽ നിർമിച്ചിരുന്നത്. 200 ൽ അധികം ദലിത് കുടുംബങ്ങൾ കോളനിയിൽ താമസമുണ്ട്. നേരത്തെ അഞ്ചടി ഉയരമുണ്ടായിരുന്ന മതിൽ പിന്നീട് 20 അടിയാക്കുകയായിരുന്നു. എന്നാൽ, അടിത്തറ പുതുക്കാതെയും തദ്ദേശ സ്ഥാപനത്തിൽ നിന്ന് അനുമതി നേടാതെയുമാണ് മതിലിന്റെ ഉയരം കൂട്ടിയത്.

മുഖ്യമന്ത്രി എടപ്പാടി. കെ.പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീർശെൽവം, പ്രതിപക്ഷ നേതാവും ഡിഎംകെ പ്രസിഡന്റുമായ എംകെ.സ്റ്റാലിൻ എന്നിവർ ഇന്നലെ സംഭവസ്ഥലവും മരിച്ചവരുടെ ബന്ധുക്കളെയും സന്ദർശിച്ചു. ബന്ധുക്കൾക്ക് സർക്കാർ സഹായധനമായി നേരത്തെ പ്രഖ്യാപിച്ച നാലു ലക്ഷം രൂപ കൂടാതെ മുഖ്യമന്ത്രിയുടെ പൊതു ദുരന്തനിവാരണ ഫണ്ടിൽ നിന്ന് ആറു ലക്ഷം വീതവും നൽകുമെന്നു പളനിസാമി അറിയിച്ചു. വീടുകൾ തകർന്നവർക്കു പുതിയ വീടുകൾ നിർമിച്ചു നൽകും. കോളനിയിയിലെ ഓടുമേഞ്ഞ വീടുകളിലെ താമസക്കാർക്ക് തമിഴ്നാട് ചേരി നിർമാർജന ബോർഡിന്റെ സഹായത്തോടെ പുതിയ വീടുകൾ നിർമിച്ചു നൽകും. മരിച്ചവരുടെ ബന്ധുക്കൾക്ക് അർഹത പരിഗണിച്ചു സർക്കാർ ജോലി നൽകുമെന്നും പളനിസാമി പറഞ്ഞു.

മതിൽ തകർന്ന അപകടത്തെത്തുടർന്ന് റോഡ് ഉപരോധിച്ചവരെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട സ്റ്റാലിൻ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് ആരോപിച്ചു. ഇതിനിടെ, തകർന്നുവീണത് സ്വകാര്യ വ്യക്തി നിർമിച്ച വിവേചനത്തിന്റെ മതിലാണെന്നു ചില ദലിത്, മുസ്‌ലിം സംഘടനകൾ കുറ്റപ്പെടുത്തി.

ഊട്ടി പൈതൃക ട്രെയിൻ 8 വരെ റദ്ദാക്കി

കനത്ത മഴയെത്തുടർന്നു മണ്ണിടിഞ്ഞും പാറവീണും ഗതാഗതം മുടങ്ങിയ കൂനൂർ – മേട്ടുപ്പാളയം റോഡ് ഗതാഗതയോഗ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. മേഖലയിൽ തുടരുന്ന ചാറ്റൽ മഴയും കാറ്റും ജോലികൾക്കു തടസ്സമായിട്ടുണ്ട്. ഊട്ടിയിൽ നിന്നു മേട്ടുപ്പാളയത്തേക്കും തിരിച്ചും കോത്തഗിരി വഴി ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണ്. കനത്ത മഴയെത്തുടർന്നു പൈതൃക ട്രെയിൻ പാതയിൽ വീണ പാറകൾ മാറ്റുന്നതും തുടരുന്നു. എട്ടാം തിയതി വരെ പൈതൃക ട്രെയിൻ സർവീസ് റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.

കൂനൂർ മരപ്പാലത്തിനു സമീപം കൂറ്റൻ പാറ വീണതു പൊട്ടിച്ചു നീക്കുകയാണ്. 25 ജോലിക്കാരാണു യന്ത്രസഹായത്തോടെ ഈ പ്രവൃത്തി ചെയ്യുന്നത്. ഞായറാഴ്ച രാത്രി തുടങ്ങി തിങ്കളാഴ്ച രാവിലെ വരെ പെയ്ത മഴയിൽ 12 സ്ഥലങ്ങളിലാണു മണ്ണിടിഞ്ഞത്. ഇതു മാറ്റുന്ന ജോലി നടക്കുന്നതിനിടെയാണു മരപ്പാലത്തെ പാതയിൽ വലിയ പാറ പതിച്ചത്. 

English Summary: Tamil Nadu: Heavy rain continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com