sections
MORE

ചുറ്റും എസ്പിജി ഉണ്ടെങ്കില്‍ നിങ്ങള്‍ പ്രധാനമന്ത്രിയാണെന്നു തോന്നും: മുൻ പ്രധാനമന്ത്രിയുടെ മകൻ

special-protection-group
ചിത്രത്തിന് കടപ്പാട്:spg.nic.in
SHARE

ന്യൂഡൽഹി∙ വന്‍ പ്രതിഷേധങ്ങള്‍ക്കിടെയാണ് എസ്പിജി ബില്‍ രാജ്യസഭയില്‍ പാസാക്കിയത്. ഗാന്ധി കുടുംബത്തെ മുന്നില്‍ കണ്ടല്ല  ബിൽ ഭേദഗതി ചെയ്തതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. എന്നാൽ മുൻ പ്രധാനമന്ത്രി ചന്ദ്രശേഖരന്റെ മകനും ബിജെപി എംപിയുമായ നീരജ് ശേഖർ ബില്ലിനെ അനുകൂലിച്ച് രാജ്യസഭയിൽ നടത്തിയ പ്രസംഗം ശ്രദ്ധേയമായി. എസ്‌പിജി സുരക്ഷയുടെ കീഴിൽ നിങ്ങൾ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്നു നിങ്ങൾക്കു തോന്നുമെന്നു രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിൽ നീരജ് പറഞ്ഞു. 

മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറുടെ മകൻ എന്ന നിലയിൽ 11 വർഷം എസ്പിജി സുരക്ഷ ലഭിച്ചിരുന്നയാളാണ് ഞാൻ. എന്നാൽ തിരിഞ്ഞു നോക്കുമ്പോൾ അതെല്ലാം അനാവശ്യമാണെന്നു തോന്നുന്നു– നീരജ് ചന്ദ്രശേഖർ പറഞ്ഞു. വിഐപി സംസ്കാരത്തിന് അന്ത്യം കുറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്തെ യുവതലമുറ വിഐപി സംസ്കാരം ഇഷ്ടപ്പെടുന്നില്ലെന്നും നീരജ് ചന്ദ്രശേഖർ പറഞ്ഞു. 

എസ്പിജി സുരക്ഷ ആദ്യമായി ഏർപ്പെടുത്തിയ 1991 ൽ ചന്ദ്രശേഖറിന്റെ മകൻ എന്ന നിലയിൽ എനിക്കും സുരക്ഷ ലഭിച്ചിരുന്നു. 22 വയസ് മാത്രം പ്രായമുള്ള ഒരാളെന്ന നിലയിൽ സുരക്ഷാ ഉദ്യോഗസ്ഥർ നിഴൽ പോലെ കൂടെ നടക്കുന്നത് അഭിമാനമായി ഞാൻ കരുതി. വിമാനത്താവളത്തിൽ ചെന്നാൽ വിമാനത്തിനു െതാട്ടരികെ എന്റെ കാറെത്തുമായിരുന്നു. ബുള്ളറ്റ് പ്രൂഫ് കാറുകളിലായിരുന്നു സഞ്ചാരം.

വാഹനങ്ങളുടെ വ്യൂഹം എല്ലായ്പ്പോഴും എന്നെ അകമ്പടി സേവിക്കുന്നുണ്ടാകും. ഞാൻ ആരുമല്ലായിരുന്നെങ്കിലും എസ്പിജി സുരക്ഷ, രാജ്യത്തെ വളരെ പ്രധാനപ്പെട്ട ആളാണ് ഞാനെന്ന തോന്നൽ എന്നിൽ ഉണ്ടാക്കി. എന്നെ അറിയില്ലെങ്കിൽ പോലും വളരെ പ്രധാനപ്പെട്ട ആളെന്ന തോന്നലിൽ ആളുകൾ എന്റെ ഓട്ടോഗ്രാഫ് വാങ്ങാൻ എത്തുമായിരുന്നു.

പ്രായത്തിൽ മുതിർന്ന, ഏറെ അവശതകൾ അനുഭവിക്കുന്ന നിരവധി പേർ സുരക്ഷാപരിശോധനയ്ക്കായി വരിയിൽ മണിക്കൂറുകളോളം നിൽക്കുന്നത് എന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. എന്നാൽ എനിക്ക് അത്തരത്തിലുള്ള യാതൊരു പരിശോധനകളും നേരിടേണ്ടി വന്നിട്ടില്ല. തോക്കേന്തിയ സുരക്ഷാ ഉദ്യോഗസ്ഥൻ യാത്രയിൽ എന്നെ അനുഗമിച്ചിരുന്നു– നീരജ് പറഞ്ഞു.

1991  ജനുവരി 30–ന് ഡിഎംകെ സർക്കാരിനെ പിരിച്ചു വിടുകയും ജനുവരി 31 ന് രാഷ്ട്രപതിഭരണം ഏർപ്പെടുത്തുകയും ചെയ്തതിനു പിന്നാലെ ചെന്നൈയിൽ വിമാനമിറങ്ങിയപ്പോൾ ഞാൻ കണ്ടത് അസാധാരണമായ കാഴ്ചയായിരുന്നു. ഇത്രയും വലിയ സുരക്ഷാക്രമീകരണം എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല– നീരജ് ചന്ദ്രശേഖർ പറഞ്ഞു. 

എന്റെ വാഹനത്തിന് അകമ്പടി നൽകിയത് 15 ഓളം വാഹനങ്ങളായിരുന്നു. എന്റെ അമ്മയോടും സഹോദരനോടുമൊപ്പം യാത്ര ചെയ്യുന്ന അവസരങ്ങളിൽ ഞങ്ങൾക്കൊപ്പം ഒരു ആൾക്കൂട്ടം തന്നെ സുരക്ഷയുടെ പേരിൽ ‍ഉണ്ടായിരുന്നു. 9 ഓളം വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഞങ്ങൾ സഞ്ചരിച്ചിരുന്നത്.

ഇതിനു പുറമേ ഡൽഹി പൊലീസിന്റെ 15 ഓളം വാഹനങ്ങളും ഞങ്ങളെ അനുഗമിക്കുന്നുണ്ടാകും. 2001 മുതൽ ഞാൻ എംപിയാണ്. പക്ഷേ ഇത്തരത്തിലുള്ള വൻ സുരക്ഷയൊന്നും എനിക്കില്ല. എന്നെ പോലെയുള്ള ഒരു സാധാരണക്കാരന് ഇത്രയും വലിയ സുരക്ഷാ സന്നാഹം ആവശ്യമില്ലെന്നും എസ്പിജി ബില്ലിനെ അനുകൂലിച്ച് സംസാരിക്കവേ നീരജ് ചന്ദ്രശേഖർ പറഞ്ഞു. 

എന്നാൽ മുൻപ്രധാനമന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ അതീവ പ്രധാനമാണെന്നും ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും നീരജ് ചന്ദ്രശേഖർ പറഞ്ഞു. എസ്പിജി നൽകുന്നതിൽ മാത്രമാണ് എതിർപ്പ്. പ്രിയങ്ക ഗാന്ധിയുടെ വീട്ടിലെ സുരക്ഷാ വീഴ്ച അതീവ ഗുരുതരമായ വിഷയമാണ്. വിഷയത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും നീരജ് ശേഖർ പറഞ്ഞു. വി.പി. സിങ്, ഐ.കെ. ഗുജ്റാൾ, മൻമോഹൻ സിങ് തുടങ്ങിയ മുൻ പ്രധാനമന്ത്രിമാരുടെ എസ്പിജി സുരക്ഷാ പിൻവലിച്ചപ്പോൾ ആരും പ്രതികരിച്ചില്ല. നെഹ്‌റു കുടുംബത്തിന്റെ സുരക്ഷ പിൻവലിച്ചപ്പോൾ മാത്രമാണ് പ്രതിഷേധം.

പ്രധാനമന്ത്രിക്കും അദ്ദേഹത്തിനൊപ്പം താമസിക്കുന്ന ഏറ്റവും അടുത്ത കുടുംബാംഗങ്ങൾക്കും മാത്രമാണ് എസ്പിജി സുരക്ഷയ്ക്ക് അർഹതയെന്നും നീരജ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയില്‍ പെട്ട ഇബ്രാഹിംപട്ടി ഗ്രാമത്തിൽ നിന്നുള്ള ചന്ദ്രശേഖർ 1990 നവംബർ 10 മുതൽ 1991 ജൂൺ 21 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു.

English Summary: Under SPG Cover, You Feel Like PM, Says Former PM Chandra Shekhar's Son

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA