ADVERTISEMENT

വാഷിങ്ടൻ ∙ ചൈനയ്ക്ക് വായ്പ അനുവദിച്ചതിനു പിന്നാലെ ലോക ബാങ്കിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘എന്തിനാണ് ചൈനയ്ക്ക് ലോക ബാങ്ക് പണം കടംകൊടുക്കുന്നത്? ചൈന സമ്പന്ന രാജ്യമാണ്. പണമില്ലെങ്കിൽ അവർ സ്വയം കണ്ടെത്തണം. നിർത്തൂ’ – ട്രംപ് ട്വിറ്ററിൽ കുറിച്ചു.

ട്രംപിനു കീഴിൽ യുഎസ് ട്രഷറി വകുപ്പ് സെക്രട്ടറിയായിരുന്ന ഡേവിഡ് മൽപാസ് ലോക ബാങ്ക് തലവൻ ആയിരിക്കെയാണ് പ്രസിഡന്റിന്റെ വിമർശനമെന്നത് ശ്രദ്ധേയമാണ്. ഇപ്പോൾ ട്രഷറി സെക്രട്ടറി സ്ഥാനം വഹിക്കുന്ന സ്റ്റീവൻ മ്യുചിനും ട്രംപിനു പിന്തുണയുമായെത്തി. ചൈനയിലെ വിവിധ പദ്ധതികൾക്ക് ലോക ബാങ്ക് വായ്പ അനുവദിക്കുന്നത് യുഎസ് എതിർക്കുമെന്നു ജനപ്രതിനിധി സഭയുടെ യോഗത്തിൽ സ്റ്റീവൻ മ്യൂചിൻ പറഞ്ഞു.

വ്യാഴാഴ്ചയാണ് വിവിധ പദ്ധതികൾക്കായി 2025 വരെ ചൈനയ്ക്ക് എല്ലാ വർഷവും 100 കോടി ഡോളർ മുതൽ 150 കോടി ഡോളർ വരെ കുറഞ്ഞ പലിശ നിരക്കിൽ നൽകുമെന്നു ലോക ബാങ്ക് അറിയിച്ചത്. മുൻ വർഷങ്ങളിൽ ചൈനയ്ക്ക് ശരാശരി 180 കോടി ഡോളറിന്റെ സാമ്പത്തിക സഹായമാണ് ലോക ബാങ്ക് നൽകിയിരുന്നത്. 2017ൽ 240 കോടി ഡോളറും 2019ൽ 130 കോടി ഡോളറും വായ്പ നൽകി.

തുക കുറച്ചാൽ പോര, വായ്പ നൽകുന്നത് പൂർണമായും അവസാനിപ്പിക്കണമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആവശ്യം. എന്നാൽ ഇതിനോടു ലോക ബാങ്ക് പ്രതികരിച്ചിട്ടില്ല. ചൈനയുമായുള്ള ബന്ധത്തിന്റെ പരിണാമമാണ് നിലവിലെ ഇടപാട് സൂചിപ്പിക്കുന്നതെന്നു ചൈനയുടെ ചുമതലയുള്ള ലോക ബാങ്ക് ഡയറക്ടർ മാർട്ടിൻ റെയ്സർ പറഞ്ഞു.

18 മാസത്തിലേറെയായി തുടരുന്ന യുഎസ്–ചൈന വ്യാപാര യുദ്ധത്തിന്റെ തുടർച്ചയായാണ് ഡോണൾഡ് ട്രംപിന്റെ ഇപ്പോഴത്തെ പരസ്യ പ്രതികരണം. യുഎസ്– ചൈന വ്യാപാര കരാറിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പ്രസിഡന്റിന്റെ പരസ്യപ്രതികരണം തിരിച്ചടിയായേക്കും.

അടുത്ത വർഷം നവംബറിൽ നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപു കരാറിൽ ഒപ്പുവയ്ക്കേണ്ടതില്ലെന്നാണ് ട്രംപിന്റെ നിലപാട്. ഈ മാസമാദ്യം, യുഎസിന്റെ യുദ്ധക്കപ്പലുകള്‍ക്ക് ഹോങ്കോങ്ങില്‍ ഉപരോധം ഏര്‍പ്പെടുത്തി ചൈനയും നിലപാട് കടുപ്പിച്ചിരുന്നു.

English Summary: "China Has Plenty, Why Is World Bank Loaning Money? Stop!": Donald Trump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com