ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്ര ബിജെപിയിൽ മറ്റു പിന്നാക്ക വിഭാഗക്കാരായ (ഒബിസി) നേതാക്കളുടെ നേതൃത്വത്തിൽ ഫഡ്നാവിസിനെതിരെ പടയൊരുക്കം. മുതിർന്ന നേതാവായ ഏക്നാഥ് ഖഡ്സെ ഇൗ വിഭാഗത്തിൽ നിന്നുള്ള നേതാക്കളെ അണനിരത്തി കരുത്തുകാട്ടാനുള്ള ശ്രമത്തിലാണ്. കോൺഗ്രസ്, എൻസിപി പാർട്ടികളിൽ നിന്നു തനിക്കു ക്ഷണമുണ്ടെന്നു സ്ഥിരീകരിച്ച മുൻ പ്രതിപക്ഷ നേതാവു കൂടിയായ ഖഡ്സെ ബിജെപി വിടുമെന്നും അഭ്യൂഹമുണ്ട്. 

മറ്റു പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള നേതാവായ മുൻ മന്ത്രി പങ്കജ മുണ്ടെയുടെ നേതൃത്വത്തിൽ ഇൗ മാസം 12ന് മറാഠ്‍വാഡയിൽ നടത്തുന്ന ഗോപിനാഥ് മുണ്ടെ അനുസ്മരണച്ചടങ്ങ് ബിജെപിയിലെ മറ്റു പിന്നാക്കക്കാരുടെ സംഗമമായേക്കും. ഇൗ വിഭാഗത്തിൽ നിന്നുള്ള ബിജെപി എംഎൽഎമാരെ ഖഡ്സെ ബന്ധപ്പെടുന്നുണ്ട്. 

ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള ഫഡ്നാവിസിന്റെയും മറാഠ വംശജനായ സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിന്റെയും നേതൃത്വത്തിൽ തങ്ങളെ ഒതുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഖഡ്സെ-പങ്കജ വിഭാഗം ശക്തി സമാഹരിക്കുന്നത്. 

താൻ ബിജെപി വിട്ട് ശിവസേനയിൽ ചേരുമെന്ന അഭ്യൂഹം പങ്കജ മുണ്ടെ തള്ളിക്കളഞ്ഞിരുന്നെങ്കിലും ഫഡ്നാവിസിനോടും മറ്റും ശക്തമായ വിയോജിപ്പുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്കു പങ്കുള്ളതായി അവരുടെ അനുയായികൾ സംശയിക്കുന്നു. പങ്കജയുടെയും തന്റെ മകൾ രോഹിണി ഖഡ്സെയുടെയും പരാജയത്തിനു കാരണം പ്രചാരണം നയിച്ച ആൾ തന്നെയാണെന്ന് ഫഡ്നാവിസിന്റെ പേരെടുത്തു പറയാതെ ഖഡ്സെ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. 

മറ്റു പിന്നാക്ക വിഭാഗക്കാരാണ് മഹാരാഷ്ട്രയിൽ ബിജെപിയുടെ പരമ്പരാഗത വോട്ട് ബാങ്ക് എന്നിരിക്കെ ഫഡ്നാവിസ് അവർക്കെതിരെ സ്വീകരിച്ച നിലപാടുകൾ അക്കമിട്ടു തുറന്നുകാട്ടിയാണ് എംഎൽഎമാരെയും നേതാക്കളെയും ഖഡ്സെയും പങ്കജയും സ്വാധീനിക്കാൻ ശ്രമിക്കുന്നത്. കോൺഗ്രസും എൻസിപിയും വിട്ട് ബിജെപിയിലെത്തി എംഎൽഎമാരായ പന്ത്രണ്ടോളം പേർ പഴയ പാർട്ടികളിലേക്ക് മടങ്ങാൻ ചർച്ചകൾ ആരംഭിച്ചുവെന്ന വാർത്തയ്ക്കു പിന്നാലെയാണ് പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നതകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ. 

‘ആദ്യം ഒതുക്കി; പിന്നെ സീറ്റ് നിഷേധിച്ചു’

2009ൽ നിയമസഭാ പ്രതിപക്ഷ നേതാവായിരുന്ന ഖഡ്സെ 2014ൽ മുഖ്യമന്ത്രിയാകുമെന്നു കരുതിയിരിക്കെ, അദ്ദേഹത്തെ ഒഴിവാക്കിയാണ് അമിത് ഷായും മോദിയും ചേർന്ന് ഫഡ്നാവിസിനെ പകരക്കാനായി പ്രഖ്യാപിച്ചത്. ഖഡ്സെ റവന്യുമന്ത്രിയായെങ്കിലും അഴിമതിക്കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് ഫഡ്നാവിസ് രാജി വയ്പിച്ചു. ഇത്തവണ അദ്ദേഹത്തിന് നിയമസഭാ സീറ്റ് നിഷേധിച്ച് മകൾ രോഹിണി ഖഡ്സെയ്ക്ക് മൽസരിക്കാൻ അവസരം നൽകിയെങ്കിലും അവർ പരാജയപ്പെട്ടു.

ഫഡ്നാവിസിന്റെ രാഷ്ട്രീയ നീക്കങ്ങൾ പരാജയപ്പെടുകയും മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുകയും ചെയ്തതോടെ വിമത നീക്കങ്ങളുടെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണ്. മറ്റു പിന്നാക്കക്കാർക്കെതിരെ ഫഡ്നാവിസ് എടുത്ത നടപടികൾ കേന്ദ്രനേതൃത്വത്തിനു മുന്നിൽ തുറന്നുകാട്ടുമെന്നും അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിച്ചിട്ടുണ്ടെന്നും ഖഡ്സെ പറഞ്ഞു.

English Summary: Eknath Khadse leads anti-Fadnavis campaign, says leadership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com