ADVERTISEMENT

ലക്നൗ ∙ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്ന് സ്വയം രക്ഷനേടാൻ പുരുഷന്മാരിൽ നിന്ന് അധികാരം തട്ടിയെടുക്കണമെന്ന് പറഞ്ഞു. 

‘സമൂഹത്തിൽ സ്ത്രീകൾക്ക് അധികാരം ലഭിക്കണമെന്ന് ഞാൻ പറയുന്നു. പുരുഷന്മാരിൽ നിന്ന് അധികാരം തട്ടിയെടുക്കാനും പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പോരാടാനും രാഷ്ട്രീയത്തിൽ മുന്നോട്ട് വരാനും എന്റെ സഹോദരിമാരോട് ആവശ്യപ്പെടുന്നു. അങ്ങനെ ആയാൽ നിങ്ങൾക്ക് അധികാരം ലഭിക്കുകയും സ്വയം പരിരക്ഷിക്കുകയും ചെയ്യാം’– മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചക്കിടെ അവർ പറഞ്ഞു. എല്ലാ തലങ്ങളിലുമുള്ള സ്ത്രീകളുടെ അവകാശങ്ങൾക്കായി കോൺഗ്രസ് പാർട്ടി പോരാടുമെന്നും പ്രിയങ്ക ആവർത്തിച്ചു. രണ്ടു ദിവസത്തെ യുപി സന്ദർശനത്തിനെത്തിയതായിരുന്നു അവർ.

‘ഉന്നാവിൽ കഴിഞ്ഞ 11 മാസത്തിനിടെ 90 ഓളം പീഡനകേസുകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ സംഭവത്തിൽ സർക്കാർ കുറ്റവാളികളെ അവസാനം വരെ സംരക്ഷിച്ചിരുന്നു. മെയ്ൻ‌പുരിയിലും സമ്പലിലും എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ കണ്ടിരിക്കണം? സ്ത്രീകൾക്ക് ഈ സർക്കാരിൽ എങ്ങനെ വിശ്വാസമുണ്ടാകും? സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ യുപി ഒന്നാം സ്ഥാനത്ത് എത്തി. മുഖ്യമന്ത്രി എന്താണ് പറയുന്നത്, എന്ത് നടപടിയാണ് സ്വീകരിക്കുന്നത്? അദ്ദേഹം അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം’– അവർ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു സെൽ സ്ഥാപിക്കണമെന്നാണ് എന്റെ നിർദ്ദേശം. സ്ത്രീകൾ പരാതിപ്പെടുന്ന കേസുകളെക്കുറിച്ച് എല്ലാ ജില്ലകളിലെയും എസ്പി മുഖ്യമന്ത്രിക്ക് നേരിട്ട് റിപ്പോർട്ട് നൽകണം. 24 മണിക്കൂറിനുള്ളിൽ എഫ്‌ഐആർ സമർപ്പിക്കുകയും സുരക്ഷ വിപുലീകരിക്കുകയും വേണം.

‘സംസ്ഥാന സർക്കാർ കുറ്റവാളികൾക്ക് സുരക്ഷ നൽകുന്നു. ഇത് ഒരു രാഷ്ട്രീയ പ്രശ്നമല്ല. സ്ത്രീകളുടെ സുരക്ഷയെ ഗൗരവമായി കാണണം. സ്ത്രീകൾ ഇന്ന് വീടുകളിൽ നിന്ന് പുറത്തുപോകുന്നതിന് ഭയപ്പെടുന്നു. ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഉന്നാവ് കേസിൽ എഫ്‌ഐആർ സമർപ്പിക്കാൻ നാല് മാസമെടുത്തു. അതും കോടതി നിർദേശപ്രകാരം മാത്രമാണ്’ – അവർ പറഞ്ഞു. 

ഹൈദരാബാദിൽ പ്രതികളെ വെടിവച്ചു കൊലപ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ക്രമസമാധാനം ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട സർക്കാരുകളുടെ കടമയാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. വിശദാംശങ്ങൾ എനിക്കറിയില്ല, പൂർണ്ണമായ അറിവില്ലാതെ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് അവർ പ്രതികരിച്ചു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൂടുതൽ കർശനമായ നിയമങ്ങൾ ആവശ്യമുണ്ടോയെന്ന ചോദ്യത്തിന്, നിർഭയ കേസിന് ശേഷം നിയമം വ്യക്തമാണെന്നും അവ നടപ്പാക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

English Summary: Snatch Power From Men, Protect Yourself: Priyanka Gandhi To Women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com