ADVERTISEMENT

ഹൈദരാബാദ്∙ തെലങ്കാനയിൽ മൃഗ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിക്ക് പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ നാല്  തവണ വെടിയേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്‌. ഡോക്ടറുടെ കൊലപാതകത്തെ തുടർന്നുണ്ടായ ജനരോഷം തണുപ്പിക്കാൻ വേണ്ടി പൊലീസ് നടത്തിയ നാടകമാണ് ഏറ്റുമുട്ടൽ കൊലകളെന്ന ആരോപണം ശക്തമാകുന്നതിടെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഹൈദരാബാദിലെത്തി തെളിവെടുപ്പ് നടത്തി.

ഏറ്റുമുട്ടൽ നടന്ന സ്ഥലത്തും മൃതദേഹങ്ങൾ സൂക്ഷിക്കുന്ന മെഹ്ബൂബ് നഗറിലെ ആശുപത്രിയിലും എത്തിയാണു തെളിവെടുപ്പു നടത്തിയത്. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്നത് തെലങ്കാന ഹൈക്കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി.  ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും പുറത്തുള്ള മെഡിക്കൽ സംഘത്തെ കൊണ്ടു പോസ്റ്റ്മോർട്ടം നടത്തുക, പൊലീസ് ക്യാമറാമാൻ അല്ലാത്തവരെ കൊണ്ടു പോസ്റ്റ്മോർട്ടം  ചിത്രീകരിക്കുക, അന്വേഷണങ്ങൾക്കു ഹൈക്കോടതി മേൽനോട്ടം വഹിക്കുക തുടങ്ങിയ ആവശ്യങ്ങളാണു ഹർജികളിൽ ഉള്ളത്.

വിവിധ സംഘടനകളും  വ്യക്തികളും അയച്ച കത്തുകൾ ഹൈക്കോടതി പൊതുതാൽപര്യ ഹർജിയായി പരിഗണിക്കുകയായിരുന്നു. അതിനിടെ  പൊലീസിനെതിരെ കൊലക്കുറ്റത്തിനു കേസ് റജിസ്റ്റർ ചെയ്യാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയിൽ മൂന്ന് ഹർജികൾ ഫയൽ ചെയ്തു. സംഭവത്തിൽ വീഴ്ചകൾ ഓരോന്നായി പുറത്തുവരാൻ തുടങ്ങിയതോടെ പൊലീസ് കടുത്ത പ്രതിരോധത്തിലായി. കൊല്ലപ്പെട്ട പ്രതികൾക്കു മറ്റു കേസുകളിൽ പങ്കുണ്ടോയെന്ന കാര്യം വിശദമായി അനേഷിക്കുമെന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്.

English Summary: Telangana police in trouble on rape case accused encounter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com