ADVERTISEMENT

ചേർത്തല ∙ കേരളത്തിൽ ഏതു സർക്കാർ വന്നാലും സവർണ ലോബി ഹൈജാക് ചെയ്യുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൽഡിഎഫ് എംഎൽഎമാരിൽ അവരുടെ ചാരന്മാരുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എസ്എൻഡിപി യോഗം വാർഷിക പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തെ തകർക്കാൻ അധികാര മത്ത് തലയ്ക്കു പിടിച്ച ചിലർ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ‘ഡിസംബർ 25 നു മുൻപ് യോഗത്തെ റിസീവർ ഭരണത്തിനു കീഴിലാക്ക‍ി അതിന്റെ ചെയർമാനായി ഒരു മുൻ ഐപിഎസ് ഉദ്യോഗസ്ഥനെ ഇരുത്തുമെന്നു ചിലർ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നുണ്ട്. പ്രചാരണം നടത്തുന്നയാൾ സെക്രട്ടറിയാകുമെന്നാണ് എന്നും രാവിലെ മുതൽ ഫോൺ വിളിച്ച് വിവിധ യൂണ‍ിയൻ ഭാരവാഹികളോടു പറയുന്നത്. എസ്എൻഡിപി യോഗമെന്ന സ്വന്തം കുഞ്ഞിനെ കൊല്ലാനാണ് ഇവരുടെ ശ്രമം. മാവേലിക്കര യൂണിയനിലെ സാമ്പത്തിക ക്രമക്കേട് അന്വേഷണം ക്രൈംബ്രാഞ്ചിനു നൽകിയത് സംസ്ഥാന പൊലീസ് മേധാവിയാണ്. അതിന്റെ പേരിൽ എന്നെ നശിപ്പിക്കാനാണു ശ്രമം–’ അദ്ദേഹം ആരോപിച്ചു.

‘ആദ്യം അപ്പനും മോനും (വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും) തമ്മിൽ തർക്കമാണെന്നും മോൻ തനിക്കൊപ്പമാണെന്നും പ്രചരിപ്പിച്ചയാൾ ഇപ്പോൾ അപ്പനെയും മകനെയും ഒതുക്കണമെന്നും അതു ബിജെപി അധ്യക്ഷന്റെ നിർദേശമാണെന്നുമാണ് പ്രചരിപ്പിക്കുന്നത്. അമിത് ഷായെ അടുത്തു നിന്നു കണ്ടിട്ടില്ലാത്തയാളാണ് ഇതു പ്രചരിപ്പിക്കുന്നത്. പിന്നിൽ നിന്നു കുത്തുന്ന ബ്രൂട്ടസുകളാണ് ഇവർ.’ വെള്ളാപ്പള്ളി പറഞ്ഞു.

‌മാവേലിക്കരയിലെ സാമ്പത്തിക ക്രമക്കേടിൽ എത്ര വമ്പനായാലും കുറ്റക്കാരെന്നു കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും സുഭാഷ് വാസു എന്ന വ്യക്തിയല്ല, യൂണിയൻ പ്രസിഡന്റും സെക്രട്ടറിയും എന്തൊക്കെ ചെയ്തുവെന്ന് പരിശോധിച്ചേ നടപടിയെടുക്കാൻ കഴിയുകയുള്ളൂവെന്നും വെള്ളാപ്പള്ളി പൊതുയോഗത്തിനു മുൻപ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലും കോന്നിയിലും യുഡിഎഫിനു വേണ്ടി പരസ്യമായി വോട്ട് പിടിച്ച എൻഎസ്എസിനെ ഒരു ബിജെപിക്കാരനും തള്ളിപ്പറഞ്ഞില്ല. ഇതേ സ്ഥാനത്ത് എസ്എൻഡിപി യോഗമായിരുന്നെങ്കിൽ തന്നെ കുത്തിക്കൊല്ലാൻ തയാറാകുമായിരുന്നെന്നും വെള്ളാപ്പള്ളി പറ‍ഞ്ഞു.

∙ ശബരിമലയിൽ ആചാരം സംരക്ഷിക്കണം

ശബരിമലയിൽ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും വെള്ളാപ്പള്ളി നടേശൻ  പറഞ്ഞു. ചില സ്ത്രീകൾ ശബരിമലയിൽ പോകുന്നതു വാർത്ത സൃഷ്ടിക്കാനാണ്. നവോഥാന മൂല്യ സംരക്ഷണ സമിതിയിൽ കെപ‍ിഎംഎസ് അഭിപ്രായം പറഞ്ഞതിനർഥം അവർ സമിതിക്ക് എതിരാണെന്നല്ല. ശബരിമല വിധിയിൽ വ്യക്തതയില്ലാത്തതിനാൽ  സമാധാനം നിലനിർത്താനാണ് സംസ്ഥാന സർക്കാർ പുതിയ നിലപാടെടുത്തത്. 

English Summary: Vellappally Natesan About SNDP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com