ADVERTISEMENT

പാലക്കാട്∙ വാളയാറിൽ സഹോദരികളായ പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കോടതി വിട്ടയച്ച പ്രതിക്കു മർദനം. കേസിലെ നാലാം പ്രതി അട്ടപ്പള്ളം സ്വദേശി കുട്ടിമധു എന്ന എം.മധുവിനെയാണു മർദിച്ചത്. വാക്കുതർക്കത്തെ തുടർന്ന് ശനിയാഴ്ച രാവിലെയാണ് ഒരു സംഘം ആളുകൾ ഇയാളെ കയ്യേറ്റം ചെയ്തത്.

ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാനയിൽ പൊലീസുമായുളള ഏറ്റുമുട്ടലിൽ പീഡനക്കേസിലെ നാലു പ്രതികൾ വെടിയേറ്റു മരിച്ചതിന് പിന്നാലെയാണ് വാളയാര്‍ കേസിലെ പ്രതിക്ക് നേരേ ചിലരുടെ കയ്യേറ്റമുണ്ടായത്. മധുവിന്റെ ദേഹമാസകലം പരുക്കുണ്ടെങ്കിലും ഗുരുതരമല്ല. കേസിലെ പ്രതിയായ ഇയാൾക്കെതിരെ ചില നാട്ടുകാരുടെ ഭീഷണിയുണ്ടായിരുന്നതായി പറയുന്നു.

നാട്ടുകാരില്‍ ചിലര്‍ വാക്കുതര്‍ക്കത്തിനൊടുവില്‍ മര്‍ദിക്കുകയായിരുന്നു എന്ന് മധു പൊലീസിനോട് പറഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘമാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. വാളയാർ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുട്ടിമധു ഉള്‍പ്പെടെയുള്ള പ്രതികളെ പാലക്കാട് പോക്‌സോ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ കനത്തപ്രതിഷേധം ഉയർന്നതോടെ പ്രതികളെ വിട്ടയച്ചതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ നേരത്തെ അപ്പീൽ നൽകിയിരുന്നു. അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്നും കേസിൽ തുടരന്വേഷണവും പുനർവിചാരണയും അനുവദിക്കണമെന്നുമാണ് അപ്പീലിൽ പറഞ്ഞത്. 6 കേസുകളിലായി 4 പ്രതികളെ വിട്ടയച്ച വിചാരണക്കോടതി ഉത്തരവു റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ നൽകിയിരുന്നത്.

പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നായിരുന്നു വിചാരണ കോടതി നിഗമനം. എന്നാൽ, ശക്തമായ തെളിവുകൾ പോലും പരിഗണിച്ചില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. കേസ് അന്വേഷണത്തിന്റെ തുടക്കത്തിലുണ്ടായ വീഴ്ച വിചാരണയെ ബാധിച്ചെന്നും വിധിയിൽ പ്രതിഫലിച്ചെന്നും അപ്പീലിൽ പറയുന്നു. 13 വയസ്സുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ 9 വയസ്സുകാരിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളുടെ പീ‍ഡനം സഹിക്കവയ്യാതെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നാണ് കേസ്. പ്രദീപ് കുമാർ, വലിയ മധു, കുട്ടി മധു, ഷിബു എന്നിവരാണു പ്രതികൾ. ഇതിൽ പ്രദീപ്കുമാർ, വലിയ മധു എന്നിവർ 2 കേസുകളിലും പ്രതിയാണ്.

English Summary : Walayar rape case accused attacked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com