ADVERTISEMENT

ലക്നൗ ∙ ഉന്നാവിൽ ലൈംഗിക പീഡന പരാതി നൽകിയതിനു പ്രതികൾ തീയിട്ടു കൊലപ്പെടുത്തിയ യുവതിയുടെ കേസ് അതിവേഗ കോടതി പരിഗണിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 23 കാരിയായ യുവതി പൊള്ളലേറ്റതിനെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ഇന്നലെ രാത്രി മരിച്ചിരുന്നു. ‘യുവതിയുടെ മരണത്തിൽ അങ്ങേയറ്റം ദുഃഖിതനാണ്. കേസ് അതിവേഗ കോടതിയിൽ കേൾക്കും. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും.’– അദ്ദേഹം പറഞ്ഞു.

കേസ് അതിവേഗ കോടതിയിലേക്ക് മാറ്റി ദൈനംദിന അടിസ്ഥാനത്തിൽ കേൾക്കാൻ അപ്പീൽ നൽകുമെന്ന് ഉത്തർപ്രദേശ് നീതിന്യായ മന്ത്രി ബ്രജേഷ് പഥക്കും അറിയിച്ചു. 90 ശതമാനം പൊള്ളലേറ്റ യുവതി വ്യാഴാഴ്ച വൈകിട്ട് 11:40 ന് സഫ്ദർജങ് ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. യുവതിയുടെ മൃതദേഹം ആശുപത്രിയിലെ ഫൊറൻസിക് വിഭാഗത്തിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിന് കൈമാറും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അന്വേഷണത്തിന്റെ ഭാഗമായി പൊലീസിന് കൈമാറുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

അതിനിടെ, തന്റെ മകളെ പീഡിപ്പിച്ച് തീകൊളുത്തിക്കൊന്നവർക്കെതിരെ ശക്തമായ നടപടി തേടി പെൺകുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ഹൈദരാബാദിൽ സംഭവിച്ച പോലെ പ്രതികളെ തൂക്കിക്കൊല്ലുകയോ വെടിവച്ചു കൊല്ലുകയോ ചെയ്യണം. അതാണ് സർക്കാരിൽ നിന്നും അധികാരികളിൽ നിന്നും എനിക്ക് വേണ്ടത്. ഞാൻ അത്യാഗ്രഹിയല്ല. ഒരു വീടും നിർമ്മിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നീതി നടപ്പാക്കണം.’– യുവതിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. 

പീഡനക്കേസിൽ കോടതിയിൽ ഹാജരാകാൻ റായ് ബറേലിയിലേക്ക് ട്രെയിൻയാത്രയ്ക്കെത്തവേ പ്രതികൾ ഉൾപ്പെടെ അഞ്ചംഗ സംഘം യുവതിയുടെ മേൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വ്യാഴാഴ്ച മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ തീകൊളുത്തിയ അഞ്ച് പേരുടെയും പേരുകള്‍ യുവതി പറഞ്ഞിരുന്നു.

English Summary: Death Of Unnao Woman 'Extremely Saddening'; Yogi Adityanath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com