ADVERTISEMENT

മുംബൈ ∙ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് അജിത് പവാറാണ് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ തന്നെ സമീപിച്ചതെന്ന് പ്രതിപക്ഷ നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. 54 എൻ‌സി‌പി എം‌എൽ‌എമാരുടെയും പിന്തുണ പവാർ ഉറപ്പു നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു, മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഫഡ്‌നാവിസ്.

ബിജെപിക്കൊപ്പം പോകണമെന്ന് അദ്ദേഹത്തോട് ചില എം‌എൽ‌എമാർ പറഞ്ഞതായി അജിത് പവാർ എന്നോടു പറഞ്ഞു. എൻ‌സി‌പി മേധാവി ശരദ് പവാറുമായി താൻ ഇത് ചർച്ച ചെയ്തെന്നും എൻ‌സി‌പിക്ക് കോൺഗ്രസിനൊപ്പം പോകാൻ താൽപര്യമില്ലെന്നും അറിയിച്ചു. ശിവസേന ഉൾപ്പെടുന്ന ത്രികക്ഷി സർക്കാരിന്  പ്രവർത്തിക്കാൻ കഴിയില്ല. ഒരു സുസ്ഥിര സർക്കാറിനായി എൻ‌സി‌പി ബിജെപിക്കൊപ്പം നിൽക്കാൻ തയാറാണെന്നും പവാർ പറഞ്ഞിരുന്നു. തിരശ്ശീലയ്ക്കു പിന്നിലെ രാഷ്ട്രീയ നാടകത്തെക്കുറിച്ചുള്ള കഥകൾ വരും ദിവസങ്ങളിൽ വെളിപ്പെടുമെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു. ജലസേചന അഴിമതിക്കേസിൽ അജിത് പവാറിന് നൽകിയ ക്ലീൻ ചിറ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു. 

ബിജെപി ഇതര പാർട്ടികൾ തമ്മിലുള്ള ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കെ, ഫഡ്‌നാവിസും പവാറും നവംബർ 23 ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഭൂരിപക്ഷം ലഭിക്കില്ലെന്നു വ്യക്തമായതിനെത്തുടർന്ന് നവംബർ 26 ന് ഫഡ്‌നാവിസ് രാജിവച്ചു. ശിവസേന മേധാവി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര വികാസ് അഘാഡി സർക്കാർ ചുമതലയേൽക്കുകയും ചെയ്തു.

ഒക്ടോബർ 24 ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 288 അംഗ സഭയിൽ ബിജെപിക്കു 105 സീറ്റ് ലഭിച്ചിരുന്നു. 56 സീറ്റുകളുമായി സേന രണ്ടാം സ്ഥാനത്തെത്തി. എൻസിപിക്ക് 54 സീറ്റുകളും കോൺഗ്രസിന് 44 സീറ്റുകളും ലഭിച്ചു.

English Summary: Ajit Pawar Approached Me to Form Govt in Maharashtra, Says Fadnavis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com