കശ്മീരിൽ ഇന്റർനെറ്റ് പുനഃസ്ഥാപിക്കണം: യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം

jammu-kashmir-un
SHARE

ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ ഇന്റർനെറ്റ് സേവനം നിർത്തിവച്ചതും രാഷ്ട്രീയ പ്രവർത്തകരെ വീട്ടുതടങ്കലിൽ പാർപ്പിച്ചതും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം. ഇന്ത്യൻ വംശജയും ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് അംഗവുമായ പ്രമീള ജയപാലും റിപ്പബ്ലിക്കൻ അംഗം സ്റ്റീവ് വാറ്റ്കിൻസും ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്.

അതിർത്തി കടന്നുള്ള ഭീകരത മൂലം ജമ്മു കശ്മീരിൽ ഇന്ത്യ നേരിടുന്ന കടുത്ത സുരക്ഷാ വെല്ലുവിളികളെയും പ്രമേയം അംഗീകരിക്കുന്നു. സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദാക്കുന്നതിന് മുന്നോടിയായി മൂന്ന് മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിൽ പാർപ്പിച്ചിട്ട് നാലുമാസത്തിലേറെയായി. മിക്ക ആളുകൾക്കും ഇന്റർനെറ്റ് ലഭ്യമല്ല.

ആശയവിനിമയത്തിനുള്ള ശേഷിക്കുന്ന നിയന്ത്രണങ്ങൾ നീക്കാനും ജമ്മു കശ്മീരിലുടനീളം ഇന്റർനെറ്റ് പുനഃസ്ഥാപിക്കാനും ഇന്ത്യൻ സർക്കാരിനോട് പ്രമേയം ആവശ്യപ്പെടുന്നു. താഴ്‍വരയിലെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, രാജ്യാന്തര മനുഷ്യാവകാശ നിരീക്ഷകരെയും മാധ്യമപ്രവർത്തകരെയും ജമ്മു കശ്മീരിലേക്ക് പ്രവേശിക്കാനും ഇന്ത്യയിലുടനീളം സ്വതന്ത്രമായി പ്രവർത്തിക്കാനും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കൊപ്പം മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ ഉൾപ്പെടെ മതപ്രേരിതമായ എല്ലാ അക്രമങ്ങളെയും പ്രമേയം അപലപിക്കുകയും ചെയ്യുന്നു.

‘നിയമാനുസൃതമായ സുരക്ഷാ മുൻ‌ഗണനകൾക്കായി സ്വീകരിക്കുന്ന നടപടികൾ എല്ലാ ആളുകളുടെയും മനുഷ്യാവകാശങ്ങളെ മാനിക്കുന്നുവെന്നും രാജ്യാന്തര മനുഷ്യാവകാശ നിയമം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിക്കുന്നു’– പ്രമേയം വ്യക്തമാക്കി.

English Summary: 'Restore Internet, End Detentions In J&K': Bipartisan Resolution In US

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA