ADVERTISEMENT

ന്യൂഡൽഹി∙ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന നിലപാടിൽ മലക്കം മറിഞ്ഞ് അസമിലെ ബിജെപിയുടെ സഖ്യകക്ഷിയായ അസം ഗണപരിഷദ് (എജിപി). ആദ്യം നിയമത്തെ അനുകൂലിച്ച സംഘടന ഇപ്പോൾ നിയമത്തിനെതിരായ നിലപാടാണു സ്വീകരിക്കുന്നത്. പാർട്ടിയുടെ മുതിർന്ന നേതാക്കൾ ശനിയാഴ്ച യോഗം ചേർന്ന ശേഷമാണ് നിര്‍ണായക തീരുമാനം പുറത്തുവിട്ടത്. നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും പാർട്ടി അറിയിച്ചു.

വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും നേരിൽകണ്ടു ചർച്ച നടത്താനും സംഘടന തീരുമാനിച്ചു. അസമിലെ ബിജെപി സർക്കാരിന്റെ ഭാഗമായ എജിപിക്ക് സംസ്ഥാനത്തു മൂന്നു മന്ത്രിമാരുമുണ്ട്. പാർലമെന്റിലടക്കം പൗരത്വ നിയമ ഭേദഗതിയെ എജിപി അനുകൂലിച്ചിരുന്നു. എന്നാൽ പാർട്ടിയിൽനിന്നു നേതാക്കൾ രാജിവച്ചു പ്രതിഷേധം ആരംഭിച്ചതോടെ നിലപാടു മാറ്റി. പാർട്ടി സംസ്ഥാന നേതൃത്വത്തിനു പുതിയ നിയമത്തിനെതിരായ അസം ജനതയുടെ വികാരം മനസ്സിലാക്കാൻ സാധിച്ചില്ലെന്നായിരുന്നു നേതാക്കളുടെ ആരോപണം. അസം പെട്രോകെമിക്കൽസ് ലിമിറ്റഡ് ചെയര്‍മാനും ബിജെപി നേതാവുമായ ജഗദീഷ് ഭുയാൻ പാർട്ടിയിലെ ചുമതലയും ചെയർമാൻ സ്ഥാനവും രാജിവച്ചു.

അസമീസ് ചലചിത്രതാരം ജതിൻ ബോറ സംസ്ഥാന ഫിലിം ഫിനാൻസ് ഡവലപ്മെന്റ് കോർപറേഷൻ ചെയർമാൻ സ്ഥാനവും ബിജെപി അംഗത്വവും രാജി വയ്ക്കുന്നതായി നേരത്തേ പ്രഖ്യാപിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതി അംഗീകരിക്കാനാകില്ലെന്നു പറഞ്ഞായിരുന്നു രാജി. പ്രശ്നത്തിൽ‌ അസം ജനതയ്ക്കൊപ്പമാണെന്നും ജതിൻ വ്യക്തമാക്കി. 2014ലാണ് ജതിൻ ബോറ ബിജെപിയിൽ ചേർന്നത്. അസമിലെ മറ്റൊരു പ്രമുഖ സിനിമാ താരമായ രവി ശർമയും കഴിഞ്ഞ ദിവസം ബിജെപിയിൽ‌നിന്നു രാജി വച്ചിരുന്നു.

English Summary: BJP's Assam Ally AGP Does A U-Turn On Citizenship Act, Days After Backing It

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com