ADVERTISEMENT

റാഞ്ചി∙ പൗരത്വ നിയമത്തിൽ ആവശ്യമെങ്കിൽ ഭേദഗതികൾ വരുത്താമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഗണിക്കുമെന്നും ഷാ പറഞ്ഞു. ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമത്തിനെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാൾ ഉൾപ്പെടെയുള്ളിടത്തും ശക്തമായ പ്രക്ഷോഭങ്ങളും സംഘർഷങ്ങളും അലയടിക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രസ്താവന. അതേസമയം പൗരത്വനിയമത്തിനെതിരെ അസമില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. പൊലീസ് വെടിവയ്പില്‍ പരുക്കേറ്റയാളാണു ഒടുവിൽ മരിച്ചത്.

'മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സംങ്മയും മറ്റു മന്ത്രിമാരും വെള്ളിയാഴ്ച എന്നെ സന്ദർശിച്ച് അവർ നേരിടുന്ന പ്രശ്നങ്ങളക്കുറിച്ച് ധരിപ്പിച്ചു. പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്ന് അവരെ മനസ്സിലാക്കിക്കാൻ ഞാൻ ശ്രമിച്ചു. എന്നാൽ ചില മാറ്റങ്ങൾ നിയമത്തിൽ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ ക്രിസ്മസിനു ശേഷം ഇതുമായി ബന്ധപ്പെട്ടു തീരുമാനമുണ്ടാക്കാമെന്ന് അവരെ അറിയിച്ചിട്ടുണ്ട്. നിയമത്തിൽ കൃത്യമായി ചർച്ച നടത്തി മേഘാലയയിലെ പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാക്കും', ഗിരിധിയിലെ റാലിയിൽ അമിത് ഷാ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലകൊള്ളുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ ശക്തമായ വിമർശനമാണ് അമിത് ഷാ അഴിച്ചുവിട്ടത്. നിയമം പാസായതു മുതൽ കോൺഗ്രസിനു വയറുവേദന തുടങ്ങിയെന്നാണ് ഇന്നലെ നടന്ന തിരഞ്ഞെടുപ്പു റാലിയിൽ ഷാ പരിഹസിച്ചത്. മതത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്ന നിരവധി ആളുകൾ മറ്റു രാജ്യങ്ങളിൽ അഭയാർഥികളെപ്പോലെയാണു കഴിയുന്നത്. അവരെ പൗരന്മാരാക്കണ്ടേ?

കോൺഗ്രസ് പറയുന്നത് ബിജെപി മുസ്‌ലിം വിരുദ്ധരാണെന്നാണ്...ഞങ്ങൾ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നു, അവരാകട്ടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അക്രമങ്ങൾക്കു തുടക്കമിടുകയാണ് ചെയ്തത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ സംസ്കാരം, സാമൂഹിക വ്യക്തിത്വം, ഭാഷ, രാഷ്ട്രീയ അവകാശങ്ങൾ എന്നിവയെയൊന്നും പൗരത്വ നിയമ ഭേദഗതി ബാധിക്കില്ലെന്നും നരേന്ദ്ര മോദി സർക്കാർ ഈ സംസ്ഥാനങ്ങളിലെ ജനങ്ങളെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ശക്തമായിരിക്കെ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും. ഗുവാഹത്തിയിൽ ചേർന്ന ബിജെപി എംപിമാരുടെയും എംഎൽഎമാരുടെയും യോഗത്തിലാണു പ്രധാനമന്ത്രിയെ സ്ഥിതി നേരിട്ടു ബോധ്യപ്പെടുത്താൻ തീരുമാനിച്ചത്. 

അസമിലെ സോണിത്പുരിൽ ടാങ്കർ ലോറി പ്രതിഷേധക്കാർ തീയിട്ട സംഭവത്തിൽ ഡ്രൈവർ കൊല്ലപ്പെട്ടു. നിയമഭേദഗതിക്കെതിരെ അസമിലെ സർക്കാർ ജീവനക്കാർ ബുധനാഴ്ച പണിമുടക്കും. ബംഗാളിലും സംഘർഷത്തിന് അയവുവന്നിട്ടില്ല. ബംഗാളിൽ ഇന്നലെ മാത്രം അഞ്ചു ട്രെയിനുകളും മൂന്നു റെയിൽവേ സ്റ്റേഷനുകളും 25 ബസുകളുമാണ് പ്രക്ഷോഭകർ തീയിട്ടത്.

English Summary : Will tweak Citizenship (Amendment) Act if needed, says Amit Shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com