ADVERTISEMENT

കേരളത്തിൽ ഒരു പഞ്ചായത്ത് പ്രസിഡന്റോ അംഗമോ ആകണമെങ്കിൽ എത്ര വിയർപ്പൊഴുക്കണം. തമിഴ്നാട്ടിൽ പക്ഷേ, കുപ്പായമൊന്നും ചുളിയാതെ പഞ്ചായത്ത് പ്രസിഡന്റും മെമ്പറുമാക്കെയാകാം. പോക്കറ്റിൽ കുറച്ചു പണം വേണമെന്നു മാത്രം. ഒൻപതു വർഷത്തിനു ശേഷം തമിഴ്നാട്ടിൽ തദ്ദേശ തിരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. ഈ മാസം 27, 30 തീയതികളിലായി രണ്ടു ഘട്ടങ്ങളായാണു തിരഞ്ഞെടുപ്പ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ കേട്ടാൽ മൂക്കത്തു വിരൽവച്ചു പോകും. ഇതിനകം പത്തിലധികം പഞ്ചായത്തുകളിലാണു പ്രസിഡന്റ് പദവികൾ ലേലം വിളിച്ചു നൽകിയത്. ഒരിടത്തു നറുക്കിട്ടാണു തിരഞ്ഞെടുപ്പു നടന്നത്. ഇതു നിയമവിരുദ്ധമാണെന്നും നടപടിയുണ്ടാകുമെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ മുന്നറിയിപ്പു നൽകിയിട്ടുണ്ടെങ്കിലും ദിവസവും പുതിയ ലേലം കഥകൾ പുറത്തുവരുന്നു.

പാർട്ടിയല്ല, സ്വതന്ത്രർ

കേരളത്തിലേതു പോലെയല്ല തമിഴ്നാട്ടിലെ പഞ്ചായത്ത് സംവിധാനം. ഗ്രാമ പഞ്ചായത്തിലേക്കു രാഷ്ട്രീയ അടിസ്ഥാനത്തിലല്ല തിരഞ്ഞെടുപ്പ്. സ്വതന്ത്രരായാണു സ്ഥാനാർഥികൾ മൽസരിക്കുന്നത്. മെമ്പർമാർ ചേർന്നല്ല, വോട്ടർമാർ നേരിട്ടാണു പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. സ്വതന്ത്രരായാണു മൽസരിക്കുന്നതെങ്കിലും പാർട്ടിയുടെ പ്രാദേശിക നേതാക്കളാണു ഭൂരിഭാഗം പഞ്ചായത്തുകളിലും പദവി പിടിക്കുന്നത്. തമിഴ്നാട്ടിൽ പന്ത്രണ്ടായിരത്തിലധികം പഞ്ചായത്തുകളുണ്ട്. ഓരോന്നിലും 1000 മുതൽ 10000 വരെയാണു ജനസംഖ്യ.

പ്രസിഡന്റ്, ഒരു വട്ടം, രണ്ടു വട്ടം

ഗ്രാമ മുഖ്യന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ ഭൂരിഭാഗം വോട്ടർമാരും ഒത്തുചേർന്നാണു ലേലം നടക്കുന്നത്. പഞ്ചായത്തിന്റെ ഒരു പൊതു ഫണ്ടുണ്ടാകും. ഗ്രാമത്തിലെ മത സ്ഥാപനങ്ങളുടെ നവീകരണത്തിനും ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമാണു തുക ഉപയോഗിക്കുക. പ്രസിഡന്റ്, മെമ്പർ സ്ഥാനത്തേക്കു മൽസരിക്കുന്നവർ ഒരു തുക വാഗ്ദാനം ചെയ്യും. ഇതു യോഗം അംഗീകരിച്ചാൽ പിന്നെ ഗ്രാമത്തിൽ നിന്നു പ്രസിഡന്റ് സ്ഥാനത്തേക്കു മറ്റാരും പത്രിക നൽകാൻ പാടില്ലെന്നാണു ‘നിയമം’. ഗ്രാമമുഖ്യന്റെ നേതൃത്വത്തിൽ എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കും. 

ഇതാ, ചില ലേലക്കഥകൾ

∙ വിരുദു നഗർ ജില്ലയിലെ കോട്ടൈപപൈട്ടി പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പദവി ലേലം ചെയ്യുന്നതു ചോദ്യം ചെയ്ത യുവാവ് മർദനമേറ്റു മരിച്ചു

∙ രാമനാഥപുരം അതനക്കുറിച്ചി പഞ്ചായത്തിൽ പ്രസിഡന്റ് പദവി 23 ലക്ഷത്തിനു ലേലം ചെയ്യുന്നതിനെതിരെ ഗ്രാമീണർ കലക്ടർക്കു പരാതി നൽകി

∙ കടലൂർ ജില്ലയിലെ നടുക്കുപ്പം പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവി 65 ലക്ഷം രൂപയ്ക്കു ലേലം വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു

∙ പുതുക്കോട്ട തിരുവരംകുളം പഞ്ചായത്ത് പ്രസിഡന്റ് പദവി 23 ലക്ഷം രൂപയ്ക്കു ലേലം വിളിച്ചതായി പ്രദേശവാസികളിൽ ചിലരുടെ പരാതി

ലേലത്തിനൊപ്പം നറുക്കെടുപ്പും 

പ്രസിഡന്റിനെയും അംഗങ്ങളെയും തിരഞ്ഞെടുക്കാൻ ലേലം മാത്രമല്ല നറുക്കെടുപ്പും ചില സ്ഥലങ്ങളിൽ നടന്നു. തേനി ജില്ലയിലെ ശ്രീരംഗപുരം പഞ്ചായത്തിലാണു ഗ്രാമീണർ ഒത്തുചേർന്നു പഞ്ചായത്ത് അംഗങ്ങളെയും പ്രസിഡന്റിനെയും തിരഞ്ഞെടുക്കാനായി നറുക്കെടുപ്പ് നടത്തിയത്. ഒരു വിഭാഗം എതിർത്തതിനെത്തുടർന്നു പ്രദേശത്തു സംഘർഷാവസ്ഥ ഉടലെടുത്തു. പഞ്ചായത്തിൽ ആകെ 2519 വോട്ടർമാരാണുള്ളത്. 1234 പുരുഷന്മാരും 1285 സ്ത്രീകളും.

സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ അഞ്ഞൂറോളം വോട്ടർമാർ പ്രദേശത്തെ കല്യാണ മണ്ഡപത്തിൽ ഒത്തുചേർന്നാണു നറുക്കെടുപ്പു നടത്തിയത്. പഞ്ചായത്തിൽ ആകെ ഒൻപതു വാർഡുകളുണ്ട്. വാർഡ് അംഗം, പ്രസിഡന്റ് സ്ഥാനത്തേക്കു മൽസരിക്കാൻ താൽപര്യമുള്ളവരുടെ പേരുകൾ വലിയ കടലാസിൽ എഴുതി ഒരേ രീതിയിൽ ചുരുട്ടി. ഗ്രാമ മുഖ്യന്മാരുടെ നേതൃത്വത്തിൽ ഒരു കുട്ടിയാണു നറുക്കെടുപ്പു നടത്തിയത്. ഓരോ പദവിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു., യോഗം കയ്യടിച്ചു പാസാക്കി.

English Summary: Tamil Nadu village auctions Panchayat seats to raise money for social welfare

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com