ADVERTISEMENT

കൊല്ലം ∙ പൗരത്വ വിഷയത്തിൽ മുഖ്യമന്ത്രി വസ്തുതാപരമായ നിലപാടു വെളിപ്പെടുത്തണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. ദേശീയ പൗരത്വ റജിസ്റ്റർ കണക്കെടുപ്പിൽ ഇന്ത്യൻ പൗരത്വം നിഷേധിക്കപ്പെടുന്നവരെ പാർപ്പിക്കുവാനുള്ള തടവുകേന്ദ്രങ്ങളുടെ നിർമ്മാണത്തിന്റെ രൂപകൽപനയും സൗകര്യങ്ങളും സംബന്ധിച്ച വിവരങ്ങളടങ്ങിയ കേന്ദ്ര സർക്കാരിൻറെ കത്ത് സംസ്ഥാന സർക്കാരിനു ലഭിച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2019 ജനുവരിയിൽ കേന്ദ്രം നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടി സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവരം ആരാഞ്ഞിട്ടുണ്ടോയെന്ന് അറിയുവാനുള്ള അവകാശം കേരള ജനതയ്ക്കുണ്ട്. പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ റജിസ്റ്റർ കണക്കെടുപ്പും പരസ്പര ബന്ധമുള്ളവയാണ്. പൗരത്വ രജിസ്റ്റർ കണക്കെടുപ്പിലൂടെ പൗരത്വമില്ലെന്നു കണ്ടെത്തുന്നവരെ പാർപ്പിക്കുവാനുള്ള തടവറ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള സർക്കാർ നടപടികൾ ഒരുഭാഗത്തും ബില്ലിനെതിരെയുള്ള സമരം മറുഭാഗത്തും നടത്തുന്നതു പരസ്പരവിരുദ്ധമാണ്. 

കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കത്തിന്മേൽ സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികളുടെ അടിസ്ഥാനത്തിൽ മാത്രമേ വിഷയത്തെക്കുറിച്ച് സംസ്ഥാന സർക്കാരിന്റെ ആത്മാർത്ഥത വിലയിരുത്താൻ കഴിയൂ. രഹസ്യമായി തടവറ തീർക്കുകയും പരസ്യമായി എതിർപ്പു പ്രകടിപ്പിക്കുകയും ചെയ്യുന്നത് സത്യസന്ധമായ നിലപാടല്ല. സമരാഹ്വാനത്തിനു സമാന്തരമായി സർക്കാർ നടപടികളും ജനങ്ങളെ അറിയിക്കുവാനുള്ള സുതാര്യത സർക്കാരിനുണ്ടാകണമെന്നും എം.പി ആവശ്യപ്പെട്ടു.

English Summary: Cheif Minister express his stand on Citizenship Amendment Act says, N K Premachandran MP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com