ADVERTISEMENT

ലക്നൗ∙ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ 57 പൊലീസുകാർക്ക് വെടിയേറ്റെന്ന യുപി വാദം വസ്തുതാ വിരുദ്ധമെന്ന് റിപ്പോർട്ട്. പരുക്കേറ്റവരുടെ പേരുവിവരങ്ങൾ വ്യക്തമാക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല. സംഭവത്തിൽ യുപി സർക്കാരിന്റെ ഒളിച്ചുകളി, 57 പൊലീസുകാർക്ക് പരുക്കേറ്റെന്ന വാദം തെറ്റാണെന്ന് തെളിയിക്കുന്നതായാണ് ദേശീയമാധ്യമം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നത്. 

ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കല്ലേറിലും വെടിവയ്പ്പിലും പരുക്കേറ്റെന്നാണു മീററ്റിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം.  ബിജ്നോറിൽ 21 പൊലീസ് ഉദ്യോഗസ്ഥർക്കും സമ്പാലിൽ 15 പേർക്കും വെടിവയ്പ്പിൽ പരുക്കേറ്റതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഇവർ ആരൊക്കെയാണെന്നോ ഇവരുടെ പേരുവിവരങ്ങളോ പരസ്യപ്പെടുത്താൻ പൊലീസ് തയാറാകുന്നില്ല എന്നത് സംശയാസ്പദമാണ്. ഒരു പൊലീസുകാരനു മാത്രമാണ് വെടിവയ്പിൽ പരുക്കേറ്റതെന്ന് ദേശീയ മാധ്യമം നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. 

കഴിഞ്ഞ മാസമുണ്ടായ പ്രതിഷേധത്തിൽ ഉത്തർ പ്രദേശിൽ മാത്രം കൊല്ലപ്പെട്ടത് 21 പേരാണ്. നിരവധി പേർക്കു പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ 300 പൊലീസുകാരും ഉൾപ്പെടുന്നു. വെടിവയ്പ്പിൽ പരുക്കേറ്റ സത്പാൽ അന്തിലിന്റെ വാക്കുകൾ ഇങ്ങനെ. ‘ഡിസംബർ 20ന് മീനാക്ഷി ചൗക്കിലായിരുന്നു. പെട്ടെന്ന് അടികിട്ടിയപോലെ തോന്നി. എന്താണു സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. പക്ഷേ, എന്റെ ദേഹത്തു നിന്നും ചോരവാർന്നൊഴുകുന്നുണ്ടായിരുന്നു.’ പരുക്കേറ്റ ഫോട്ടോ സഹിതമാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചത്. 

സത്പാലിനു സംഭവിച്ചതെന്താണെന്നതു സംബന്ധിച്ച് ഇതുവരെയും അന്വേഷണം നടന്നിട്ടില്ല. എന്നാൽ അതേ പ്രതിഷേധത്തില്‍ മുസാഫർനഗറിൽ 200 പേർക്കെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തിട്ടുണ്ട്. അന്നേദിവസം തന്നെ പൊലീസ് വെടിവയ്പ്പിൽ ഒരു പ്രതിഷേധക്കാരനും കൊല്ലപ്പെട്ടിരുന്നു. വെടിവയ്പിൽ പരുക്കേറ്റ പൊലീസുകാരുടെ വിവരങ്ങൾ ശേഖരിക്കുക എന്നത് ശ്രമകരമായ ദൗത്യമാണെന്നാണ് ഉത്തർപ്രദേശ് ഡിജിപി പി.വി. രാമശാസ്ത്രിയുടെ പ്രതികരണം. 

English Summary: UP Police Say 57 Cops Had Bullet Injuries In Clashes. We Found Only One

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com