പാലാ ആവർത്തിക്കാതിരിക്കാൻ കരുതൽ; കുട്ടനാട് ഏറ്റെടുക്കാൻ കോൺഗ്രസ് ശ്രമം

pj-joseph-jose-k-mani
പി.ജെ.ജോസഫ്, രമേശ് ചെന്നിത്തല
SHARE

ആലപ്പുഴ∙ കേരള കോണ്‍ഗ്രസിന് പുനലൂര്‍ സീറ്റ് നല്‍കി പകരം കുട്ടനാട് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. കേരള കോണ്‍ഗ്രസ് വിഭാഗങ്ങളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകൾ ആരംഭിച്ചത്. കുട്ടനാട്ടില്‍ പാലാ ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് ഉടന്‍ രാഷ്ട്രീയകാര്യ സമിതിയോഗം വിളിക്കണമെന്നും കെ.മുരളീധരന്‍ എംപി ആവശ്യപ്പെട്ടു.

തോമസ് ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് കുട്ടനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് ഉറപ്പായതോടെയാണ് കോണ്‍ഗ്രസും യുഡിഎഫും െഎക്യശ്രമം വീണ്ടും ശക്തമാക്കിയത്. കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളുമായി ഏറെനാളായി ചര്‍ച്ച തുടരുന്ന ക്രൈസ്തവസഭാ അധ്യക്ഷന്‍മാര്‍ കുട്ടനാട്ടില്‍ സമവായ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജോസ് പക്ഷമോ ജോസഫ് വിഭാഗമോ അംഗീകരിച്ചിട്ടില്ല.

ചര്‍ച്ച നടത്തിയവര്‍ കോണ്‍ഗ്രസ് നേതാക്കളെ ഇക്കാര്യം ബോധ്യപ്പെടുത്തിയതോടെയാണ് സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയത്. കേരള കോണ്‍ഗ്രസ് മുൻപു മല്‍സരിച്ചിരുന്ന പുനലൂര്‍ വിട്ടുകൊടുത്ത് പകരം കുട്ടനാട് ഏറ്റെടുക്കാനാണ് ആലോചന. തമ്മിലടിക്കാന്‍ ഇനി അവസരം കൊടുക്കരുതെന്നാണ് കെ.മുരളീധരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ നിലപാട്.

എന്‍സിപിയിലെ തര്‍ക്കം മുതലെടുക്കണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്ക് മറുപടി നല്‍കാനും സര്‍ക്കാരിനെതിരെ ജനവികാരം നിലനില്‍ക്കുന്നുണ്ടെന്ന് തെളിയാക്കാനും കുട്ടനാട്ടില്‍ യുഡിഎഫിന് ജയിച്ചേ പറ്റു. എന്നാല്‍ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേരള കോണ്‍ഗ്രസിലെ ഇരുപക്ഷവും.

English Summary: Congress to Take Over Kuttanad Seat from Kerala Congress

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA