ADVERTISEMENT

കൊച്ചി∙ ‘ഗർഭിണിയായിരിക്കുമ്പോ എനിക്ക് കിട്ടുകേലന്ന് ഡോക്ടർമാർ പറഞ്ഞ കുട്ടിയാണ്. കയ്യും കാലുമൊന്നും ഉണ്ടാകില്ലെന്നാണ് പറഞ്ഞത്. അവിടെനിന്ന് ഞാനവളെ 17 വയസുവരെ വളർത്തിയെടുത്തത് ഇതിനാകുമെന്ന് അറിയില്ലായിരുന്നു. എല്ലാ ഇല്ലായ്മയിലും അവളും ചേച്ചിയും ഞങ്ങളും വളരെ സന്തോഷത്തോടെയാണ് ഇവിടെ കഴിഞ്ഞത്’

തൃശൂർ മനയ്ക്കപ്പാറയിൽ നെട്ടൂർ സ്വദേശി സഫർ ഷാ എന്ന യുവാവ് കൊലപ്പെടുത്തിയ കലൂർ താണിപ്പിള്ളി വീട്ടിൽ ഇവ ആന്റണിയുടെ പിതാവ് വിനോദ് കണ്ണീരോടെ പറയുന്നു. ഇന്നലെ രാത്രിയാണ് മകൾ മരിച്ച വിവരം അറിയുന്നത്. പ്ലസ്ടു വിന് പഠിച്ചിരുന്ന ഇവ സ്കൂളിൽ സ്പെഷൽ ക്ലാസിനെന്നു പറഞ്ഞാണ് പോയത്. വരാൻ വൈകിയപ്പോൾ പൊലീസിൽ പരാതി നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. 

‘എട്ടു മാസമായി ഈ പയ്യൻ മകളെ ശല്യം ചെയ്യുന്നത് അറിയാമായിരുന്നു. അവൾ പലപ്പോഴും പരാതിയും പറഞ്ഞിട്ടുണ്ട്. ഒരു തവണ പിതാവും സുഹൃത്തും കൂടി സഫറിനെ കണ്ട് ശല്യപ്പെടുത്തരുതെന്ന് പറഞ്ഞിരുന്നു. ഇനി ശല്യപ്പെടുത്തില്ല എന്ന് ഉറപ്പു നൽകിയതാണ്. പിന്നെയും ശല്യപ്പെടുത്തുന്ന വിവരം അറിയില്ലായിരുന്നു. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സാർ അവനോട് സംസാരിച്ചപ്പോൾ അവളെ താൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അവൻ കൊല്ലുമെന്ന് മകളോടും പലപ്പോഴും പറഞ്ഞു. അതുകൊണ്ടു തന്നെ അവൾക്ക് സ്കൂളിൽ പോകുന്നതു പോലും പേടിയായിരുന്നു.

കഴിഞ്ഞ ദിവസം ഞാനാണ് മകളെ സ്കൂളിൽ കൊണ്ടാക്കിയത്. തിരിച്ച് കൂട്ടുകാർക്കൊപ്പം വരുന്നതാണ് പതിവ്. കഴിഞ്ഞ ദിവസം അവൾ സാധാരണ കയറുന്ന സ്റ്റോപ്പിൽനിന്ന് കാറിൽ കയറാതെ അടുത്ത സ്റ്റോപ്പിൽനിന്ന് കയറാമെന്നു കൂട്ടുകാരോട് പറഞ്ഞാണ് പോയത്. അതുകഴിഞ്ഞ് കൂട്ടുകാരുടെ ആരുടെയൊ ബർത്ത്ഡേ പാർട്ടിയുണ്ടെന്നും പറഞ്ഞിരുന്നു. അതുകൊണ്ടാണ് അവൾ സാധാരണ എത്തുന്ന സമയമായിട്ടും അന്വേഷിക്കാതിരുന്നത്. പിന്നെ കൂട്ടുകാരെ വിളിച്ചപ്പോഴാണ് അവൾ ബസ് സ്റ്റോപ്പിലേയ്ക്ക് നടന്നു പോയ വിവരം പറയുന്നത്. 

അവൻ എന്തു പറഞ്ഞാണ് അവളെ കാറിൽ കയറ്റിക്കൊണ്ടുപോയത് എന്നറിയില്ല. ഇത് പരിശോധിക്കണമെന്ന് പൊലീസിനോട് ഇന്നലെത്തന്നെ ആവശ്യപ്പെട്ടിരുന്നു. അതിന് ഇതുവരെ പൊലീസും മറുപടി നൽകിയിട്ടില്ല.’ വിനോദ് പറഞ്ഞു. 

കൊറിയർ സ്ഥാപനത്തിലെ ചെറിയ വരുമാനമുള്ള ജോലി കൊണ്ടാണ് മക്കളെ രണ്ടുപേരെയും വിനോദ് പഠിപ്പിക്കുന്നത്. പലപ്പോഴും സ്കൂളിലെ ഫീസ് കൊടുക്കാൻ സാധിക്കാതെ വരാറുണ്ട്. അതിന്റെ സങ്കടം അവൾ വീട്ടിൽ അറിയിക്കാറില്ല. ഫീസടയ്ക്കാത്തതിന് ആരുമില്ലാത്ത ക്ലാസ്മുറിയിൽ ഇരുത്താറുണ്ടെന്ന് കഴിഞ്ഞ ദിവസം അവൾ പറഞ്ഞിരുന്നു. പണം ഇല്ലാത്തതുകൊണ്ടാണ് ഫീസ് അടയ്ക്കാൻ വൈകിയിട്ടുള്ളത്. ഈ വർഷംകൊണ്ട് ക്ലാസ് തീരുമല്ലോ എന്ന് അവൾതന്നെ ഞങ്ങളെ സമാധാനിപ്പിക്കുന്നതായിരുന്നു പതിവെന്നും വിനോദ് പറഞ്ഞു. 

ഇന്നലെ സ്പെഷൽ ക്ലാസിനു പോയി വൈകിയപ്പോൾ സഫറിന്റെ നമ്പരിലേയ്ക്കു വിളിച്ചിരുന്നതായി ഇവയുടെ സഹോദരിയും പറഞ്ഞു. അവൻ ഫോണെടുക്കാൻ കൂട്ടാക്കിയില്ല. പിന്നെ വിളിക്കുമ്പോൾ സ്വിച്ച് ഓഫായിരുന്നു. തമിഴ്നാട് അതിർത്തിയിൽ നിന്നുള്ള സന്ദേശമാണ് ഫോണിൽ നിന്ന് ലഭിക്കുന്നത് എന്നു മനസിലായി. 17 വയസ് മാത്രമുള്ള പെൺകുട്ടിയാണ്. കേസ് സ്ട്രോങ് ആണ്. നീ കളിക്കരുത്. അവളെ പെട്ടെന്ന് തിരികെ കൊണ്ടു വിടണം എന്നു പറഞ്ഞ് അവന് മെസേജ് അയച്ചിരുന്നു. അതിനൊന്നും അവൻ മറുപടി നൽകിയില്ലെന്നും സഹോദരി പറഞ്ഞു. 

പ്രതി ലക്ഷ്യമിട്ടത് പൊള്ളാച്ചിയിലേയ്ക്കു കടക്കാൻ

ഇവയെ കൊലപ്പെടുത്താൻ യുവാവ് നേരത്തെ തന്നെ ലക്ഷ്യമിട്ടിരുന്നതായി പൊലീസ് വെളിപ്പെടുത്തുന്നു. വാഹനത്തിൽ ആയുധം കരുതിയ ശേഷമാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയത്. കാറിൽ വച്ച് കൊലപ്പെടുത്തി മൃതദേഹം മനയ്ക്കപ്പാറയിൽ തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ച് മടങ്ങിയതായി പ്രതി തന്നെയാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. 

പെൺകുട്ടിയെ കാണാനില്ലെന്ന വിവരം ചാലക്കുടി പൊലീസിനു ലഭിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തനൊടുവിൽ ഇന്നലെയാണ് തമിഴ്നാട് ചെക്പോസ്റ്റിൽ സഫർ പിടിയിലാകുന്നത്. വാഹനത്തിൽ രക്തക്കറ കണ്ടത് ചെക്പോസ്റ്റ് ഉദ്യോഗസ്ഥരിലുണ്ടാക്കിയ സംശയവും പെൺകുട്ടിയെ കാണാനില്ലെന്ന വിവരവുമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

തുടർന്ന് പ്രതിയുമായി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തേയിലത്തോട്ടത്തിൽ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രണയം അംഗീകരിക്കാതിരുന്നതിനാണ് കൊലപ്പെടുത്തിയതെന്നും യുവാവ് വെളിപ്പെടുത്തിയിട്ടുണ്ട്. കൊലപാതക ശേഷം പൊള്ളാച്ചിയിലേയ്ക്ക് കടന്നുകളയുകയായിരുന്നു ഉദ്ദേശ്യമെന്നും യുവാവ് പൊലീസിനോടു പറഞ്ഞു. 

English Summary : Father of 17 year old killed by friend speaks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com