ADVERTISEMENT

ളെണ്ണത്തിൽ ലോകത്തിലെ നാലാമത്തെ വലിയ സൈനികശക്തി. മികച്ച പരിശീലനം നേടിയ സ്പെഷൽ സേനകൾ. ആണവ, രാസായുധങ്ങളുടെ വൻ ശേഖരം. പുറംലോകവുമായി കാര്യമായി ബന്ധമില്ലാതെ, രഹസ്യങ്ങളും നിഗൂഢതകളും ആവരണമാക്കി ലോകത്തെ മുൾമുനയിൽ നിർത്തുന്ന രാജ്യം – ഉത്തരകൊറിയ. അവിടത്തെ ഏകാധിപതിയായ ഭരണാധികാരി കിം ജോങ് ഉന്നിനെ പലർക്കും ഭയമാണ്. ആണവ പരീക്ഷണങ്ങൾ നടത്തിയും ദീർഘദൂര മിസൈലുകൾ പരീക്ഷിച്ചും കിം ‘മുഖ്യശത്രു’ യുഎസിനോടുള്ള ഭീഷണി തുടരുന്നു. ഇറാനിൽ താരപദവിയുള്ള സൈനിക ജനറൽ ഖാസിം സുലൈമാനിയെ വ്യോമാക്രമണത്തിൽ വധിച്ച് യുഎസ് പ്രസിഡന്റ് ‘ട്രംപ് കാർഡ്’ പുറത്തെടുത്തിരിക്കുന്നു. യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പദവിയിൽ തുടരാൻ ഡോണൾഡ് ട്രംപ് കിമ്മിനെതിരെ ഇത്തരമൊരു നടപടിയെടുക്കുമോ? സുലൈമാനി വധം കിമ്മിനും കൂടിയുള്ള പാഠമാണോ? ലോകം ഭയപ്പാടിലാണ്.

യുദ്ധഭീതിയുടെ അന്തരീക്ഷം ചൂടുപിടിപ്പിച്ച് വാക്പയറ്റ് നടത്തുന്ന യുഎസും ഉത്തരകൊറിയയും 2017ൽ ലോകത്തിനു നൽകിയ ആശങ്കയ്ക്കു കണക്കില്ല. അന്ന് വൈറ്റ് ഹൗസിൽനിന്നൊരു ചോദ്യമുയർന്നു. ആണവായുധത്തിലും ബാലിസ്റ്റിക് മിസൈലുകളിലും ഭ്രമിച്ച കിമ്മിനെ ഭയപ്പെടുത്താൻ ഉത്തര കൊറിയയ്ക്കു നേരെ യുഎസിന് നിയന്ത്രിത ആക്രമണം നടത്തിക്കൂടെ? ‘ഈ മണ്ണിലെ ഒരു പുൽക്കൊടിയെങ്കിലും നശിപ്പിക്കപ്പെട്ടാൽ അമേരിക്ക എന്ന രാജ്യം നരകത്തിലേക്കു പോകും. അവരുടെ കുറഞ്ഞ കാലത്തെ ചരിത്രം വിസ്മൃതമാകും.’– 2018 ഫെബ്രുവരിയിൽ ഔദ്യോഗിക മാധ്യമത്തിലൂടെ ഉത്തര കൊറിയയുടെ മറുപടിയെത്തി. ഉത്തര കൊറിയയുടെ പ്രസ്താവന ഗൗരവത്തിലായിരുന്നോ എന്നു നിശ്ചയമില്ല. എന്തായാലും അങ്ങനെയൊരു ആക്രമണത്തിന് യുഎസ് മുതിർന്നില്ല.

മാത്രമല്ല, മാസങ്ങൾക്കുശേഷം സിംഗപ്പൂരിൽ യുഎസ് പ്രസിഡന്റും ഉത്തര കൊറിയൻ ഭരണാധികാരിയും ആദ്യമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ആണവ നിരായുധീകരണത്തിനു സന്നദ്ധമാണെന്ന് അറിയിച്ചെങ്കിലും നിയമപരമായി ഉത്തരവാദിത്തമുള്ള കരാറുകളിലൊന്നും ഉത്തര കൊറിയയെ ഭാഗമാക്കാൻ യുഎസിനു സാധിച്ചില്ല. കിമ്മിന്റെ ഭീഷണി കലർന്ന മറുപടി അപ്പോഴും അന്തരീക്ഷത്തിൽ മുഴങ്ങി. യുഎസിലേക്കു നേരിട്ടു തൊടുക്കാവുന്ന, ശേഷി കൂടിയ ആണവായുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും വികസിപ്പിക്കുന്നതിൽ പ്യോങ്യാങ് പിന്മാറിയതുമില്ല. ഉത്തര കൊറിയയ്ക്കെതിരെ നേരിട്ടൊരു ആക്രമണത്തിൽനിന്നു യുഎസിനെ പിന്തിരിപ്പിക്കുന്നത് ഇതുതന്നെയാണ്. എന്നാൽ, ഇറാനിലെ ഏറ്റവും കരുത്തനായ സേനാ കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ (62) ഇറാഖിലെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതോടെ ട്രംപിന്റെ സാഹസികതയും ചർച്ചയാവുന്നു.

FILES-US-UN-NKOREA-DIPLOMACY
കിം ജോങ് ഉന്നും ഡോണൾഡ് ട്രംപും.

ഇറാനു പിന്നാലെ ഉത്തരകൊറിയ

യുഎസിന്റെ കാഴ്ചപ്പാടിൽ, ഭരണകൂടം പിന്തുണയ്ക്കുന്ന ഭീകരതയിൽ ഇറാനു തൊട്ടുപിന്നിലാണ് ഉത്തര കൊറിയയുടെ സ്ഥാനം. ഇറാനിൽ സേനാ കമാൻഡർ ആണെങ്കിലും സുലൈമാനി ഭീകരനാണ് എന്നാണു യുഎസിന്റെ നിലപാട്. ഡിസംബർ 27 ന് ഹാഷിദ് അൽ ഷാബി എന്ന ഷിയാ സംഘടനയുടെ സായുധ വിഭാഗമായ കത്തബ് ഹിസ്ബുല്ലയുടെ ആക്രമണത്തിൽ യുഎസ് കരാറുകാരനും ഇറാഖ് സൈനികനും കൊല്ലപ്പെട്ടിരുന്നു. മറുപടിയായി ഡിസംബർ 29 ന് സിറിയയിലെയും ഇറാഖിലെയും ഹിസ്ബുല്ല കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം; 25 മരണം. ഡിസംബർ 31ന് ഹാഷിദ് അൽ ഷാബി സംഘടനയുടെ നേതൃത്വത്തിൽ ബഗ്ദാദിലെ യുഎസ് എംബസി കയ്യേറി. ജനുവരി 3 ന് സുലൈമാനി ഉൾപ്പെടെ 7 പേരെ കൊലപ്പെടുത്തി പ്രതികാരം. ഇറാനിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കഴിഞ്ഞാൽ ഏറ്റവും ശക്തനാണു സുലൈമാനി എന്നതോർക്കണം.

kim-jong-un-nk
കിം ജോങ് ഉൻ

9/11 ഭീകരാക്രമണത്തിനു ശേഷം സ്റ്റേറ്റ് ഓഫ് ദ് യൂണിയനിലെ പ്രസംഗത്തിൽ അന്നത്തെ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് ‘തിന്മയുടെ അച്ചുതണ്ട്’ എന്നു വിശേഷിപ്പിച്ചത് മൂന്നു രാജ്യങ്ങളെയാണ്– ഇറാൻ, ഇറാഖ്, ഉത്തര കൊറിയ. ഇറാഖിൽ അമേരിക്ക കടന്നു കയറിയതും സദ്ദാം ഹുസൈനു യുഎസ് വധശിക്ഷ വിധിച്ചതും ഉത്തര കൊറിയയെ ചിലതു പഠിപ്പിച്ചു. ആണവായുധശേഖരം വർധിപ്പിച്ചെങ്കിൽ മാത്രമേ അമേരിക്കയ്ക്കു മുന്നിൽ അതിജീവനം സാധ്യമാകൂ. സദ്ദാമിന്റെയും ലിബിയയിലെ ഗദ്ദാഫിയുടെയും ദുരനുഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആണവായുധം ആവശ്യമാണെന്ന് ഉത്തര കൊറിയ സ്ഥാപിച്ചെടുത്തത്. ‘യുഎസിനെ വിശ്വസിക്കാൻ പറ്റില്ലെന്ന് അവർ കരുതുന്നുണ്ടാകും. ആണവായുധങ്ങളിലാണ് അവരുടെ വിശ്വാസം. ഇറാഖിന്റെയോ ലിബിയയുടെയോ വിധി വരാതിരിക്കുന്നതും അതിനാലാണെന്ന് ഉത്തര കൊറിയ വിശ്വസിക്കുന്നു’– ഒബാമയുടെ സമയത്ത് യുഎസ് ഡിഫൻസ് ഡിപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്ന വാൻ ജാക്സൻ പറഞ്ഞു.

NKOREA-POLITICS-KIM
കിം ജോങ് ഉൻ.

മുൻഗാമികൾക്കു സാധിക്കാത്തതു സാധിക്കുന്നയാളാണ് എന്നു തെളിയിക്കാനുള്ള വ്യഗ്രതയിലായിരുന്നു ട്രംപ്. ശത്രുപക്ഷത്തു നിൽക്കുന്ന, ആരോടും അടുക്കാത്ത ഉത്തര കൊറിയൻ ഏകാധിപതിയുമായി കൂടിക്കാഴ്ച നടത്തി എന്നതിൽക്കവിഞ്ഞ് നയതന്ത്ര തലത്തിൽ വലിയ നേട്ടങ്ങളൊന്നും ട്രംപിന് അവകാശപ്പെടാൻ കിട്ടിയില്ല. പ്യോങ്യാങ്ങും വാഷിങ്ടനും തമ്മിൽ പറയത്തക്ക കരാറുകളിലും ഒപ്പിട്ടില്ല. എത്തിച്ചേർന്ന ധാരണകൾ നടപ്പാക്കാതെ ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തൽ തുടർന്നു. യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ അയവു വരുത്തണമെന്ന് ഉത്തര കൊറിയയും, ആണവ നിരായുധീകരണം പൂർണമായി നടപ്പാക്കണമെന്ന് യുഎസും കടുംപിടുത്തം പിടിച്ചതോടെ ലോകത്തിനു പ്രതീക്ഷ നൽകിയ കൂടിക്കാഴ്ചകളുടെ സാധ്യതകൾ അവസാനിച്ചു. ട്രംപിന് ‘ക്രിസ്മസ് സമ്മാനം’ നൽകുമെന്നു പ്രഖ്യാപിച്ചാണു കിം തിരിച്ചടിച്ചത്.

ആണവായുധ പദ്ധതികളുമായി മുന്നോട്ടു പോകുമെന്നു കിം പ്രഖ്യാപിക്കുന്നതാണു പുതുവർഷപ്പുലരിയിൽ കേട്ടത്. ഉടന്‍ തന്നെ തന്ത്രപ്രധാനമായ പുതിയ ആയുധം അവതരിപ്പിക്കുമെന്നും ദേശീയ മാധ്യമമായ കെസിഎന്‍എ വാർത്ത പുറത്തുവിട്ടു. യുഎസുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കിം പ്രഖ്യാപിച്ച സമയപരിധി പിന്നിട്ടതിനു പിന്നാലെയായിരുന്നു പ്രഖ്യാപനം. ദക്ഷിണ കൊറിയയുമായി ചേര്‍ന്നുള്ള യുഎസിന്റെ സംയുക്ത സൈനികാഭ്യാസവും കിമ്മിനെ പ്രകോപിപ്പിച്ചു. 2017ൽ സമാനമായ സാഹചര്യത്തിൽ ജപ്പാനു മുകളിലൂടെ രണ്ടു മിസൈൽ പറത്തിയാണ് കിം പ്രതികരിച്ചത്. യുഎസിന്റെ കീഴിലുള്ള ഹവായ് ദ്വീപ് വരെ എത്തിച്ചേരാനാകുന്ന ഭൂഖണ്ഡാന്തര മിസൈൽ ഉത്തര കൊറിയ പരീക്ഷിച്ചതിനു പിന്നാലെയാണു ട്രംപ് കിമ്മിനെ ചർച്ചയ്ക്കു വിളിച്ചതും. സിംഗപ്പൂരിലും വിയറ്റ്നാമിലും നടത്തിയ രണ്ടു ചർച്ചകളും പക്ഷേ പരാജയമായിരുന്നു.

kim-jong-un-paektu-visit
കിം ജോങ് ഉൻ

ഇല്ലാതാക്കിയത് ഇറാന്റെ യുദ്ധക്കണ്ണ്

സുലൈമാനിയെ ഇല്ലാതാക്കിയതിലൂടെ ഇറാനു മാത്രമല്ല, ഉത്തര കൊറിയ ഉൾപ്പെടെ ശത്രുപക്ഷത്തുള്ള എല്ലാവർക്കുമുള്ള മുന്നറിയിപ്പാണു യുഎസ് നൽകിയത്. മധ്യപൂർവദേശത്ത് ഇറാന്റെ കരുത്ത് പ്രകടിപ്പിക്കാനുള്ള എല്ലാ പരോക്ഷ സൈനിക ഇടപെടലുകളുടെയും തലപ്പത്തു ജനറൽ ഖാസിം സുലൈമാനിയായിരുന്നു. ഭീകരസംഘടനയായ ഐഎസ് ഇറാഖിലും സിറിയയിലും കടന്നുകയറിയപ്പോൾ സുലൈമാനിയുടെ നേതൃത്വത്തിൽ ഷിയാ സായുധസംഘങ്ങൾ രംഗത്തിറങ്ങി. അറബ് വസന്തത്തിന്റെ നാളുകളിൽ 2011ൽ അധികാര ഭ്രഷ്ടനാകുന്നതിന്റെ വക്കിലെത്തിയ സിറിയ പ്രസിഡന്റ് ബഷാർ അൽ അസദിനെ രക്ഷിച്ചുനിർത്തിയതു സുലൈമാനിയുടെ നേതൃത്വത്തിൽ യുദ്ധക്കളത്തിൽ ഇറാൻ നടത്തിയ ഇടപെടലായിരുന്നു. സിറിയൻ ആഭ്യന്തരയുദ്ധം മൂർച്ഛിച്ചുനിൽക്കേ, 2015ൽ സുലൈമാനി മോസ്കോയിൽ സന്ദർശനം നടത്തി. പിന്നാലെ അസദിനുവേണ്ടി റഷ്യൻ പോർവിമാനങ്ങൾ സിറിയയിൽ പറന്നിറങ്ങുകയായിരുന്നു.

Donald Trump, Kim Jong Un
ഡോണൾഡ് ട്രംപും കിം ജോങ് ഉന്നും

നരച്ച മുടിയും ചേർത്തു വെട്ടിനിർത്തിയ താടിയുമുള്ള സുലൈമാനി എന്ന ഉയരം കുറഞ്ഞ മനുഷ്യൻ യുഎസിന്റെയും ഇസ്രയേലിന്റെയും നോട്ടപ്പുള്ളിയായിരുന്നു; ഇറാനിൽ താരപരിവേഷമുള്ള വിഐപിയും. മിതഭാഷിയായ സുലൈമാനി പൊതുവേദിയിൽ അധികം പ്രത്യക്ഷപ്പെടാറില്ല. മധ്യപൂർവദേശത്തെ സൈനികതാൽപര്യങ്ങൾ സംരക്ഷിക്കാനായി ഇറാൻ രൂപം നൽകിയ ഖുദ്‌സ് ഫോഴ്സിന്റെ തലവനായി രണ്ടു ദശകത്തിലേറെയായി സുലൈമാനി വിരാജിച്ചു. ഇറാഖിൽ ഷിയാപക്ഷ സർക്കാർ അധികാരമേറിയപ്പോൾ കുർദ് വിഭാഗങ്ങൾ സ്വയം ഭരണമാവശ്യപ്പെട്ടു കലാപം തുടങ്ങി. അവരെ അനുനയിപ്പിച്ച് അടക്കി നിർത്തിയത് സുലൈമാനിയാണ്. ഇറാഖിലും സിറിയയിലും ഇറാൻ വിരുദ്ധ നേതാക്കളെയും യുഎസ് സൈനികരെയും വധിച്ചും അദ്ദേഹത്തിന്റെ ഖുദ്‌സ് ഫോഴ്സ് ശക്തി പ്രകടിപ്പിച്ചു.

കടുത്ത യുഎസ് വിരുദ്ധ നിലപാടാണ് സുലൈമാനിയെ ഇറാനിൽ ജനപ്രിയനാക്കിയത്. യുഎസുമായുള്ള ഏത് ഒത്തുതീർപ്പും പൂർണമായ കീഴടങ്ങലാകും എന്നായിരുന്നു അഭിപ്രായം. 2018 ൽ ട്രംപിനെ പരസ്യമായി വെല്ലുവിളിച്ചു. ലബനനിലെ ഹിസ്ബുല്ല അടക്കം ഇറാഖിലും സിറിയയിലുമുള്ള ഷിയാ സായുധ വിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ ഖുദ്‌സ് ഫോഴ്സിനെതിരെയും സുലൈമാനിക്കെതിരെയും യുഎസ് ഉപരോധം കൊണ്ടുവന്നു. 2018 ലെ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം സുലൈമാനിയെ വധിക്കാൻ സൗദി ഇന്റലിജൻസ് പദ്ധതി തയാറാക്കിയിരുന്നു. 2013 സെപ്റ്റംബറിൽ ദ് ന്യൂയോർക്കർ സുലൈമാനിയെക്കുറിച്ചു നൽകിയ വിശദ ലേഖനത്തിന്റെ തലക്കെട്ട് ഷാഡോ കമാൻഡർ എന്നായിരുന്നു. വിശേഷണങ്ങൾ ഏറെയുള്ള സുലൈമാനിയെ വകവരുത്തിയതോടെ ഇറാഖിലെ ഇറാൻ അനുകൂല ഷിയാശക്തിയുടെ വ്യാപനമാണു യുഎസ് തടുത്തത്.

Donald Trump, Kim Jong Un
ഡോണൾഡ് ട്രംപും കിം ജോങ് ഉന്നും

കാത്തിരിക്കുന്നോ ട്രംപിനുള്ള സമ്മാനം?

ചൈനയോടു ചേർന്നു സ്ഥിതിചെയ്യുന്ന കൊറിയയിലെ വിശുദ്ധ പർവതമായ പക്‌തുവിൽ കിം ജോങ് ഉൻ വെള്ളക്കുതിരയിൽ സവാരി നടത്തിയത് യുഎസിനുളള ‘ക്രിസ്മസ് സമ്മാനം’ വരുന്നുണ്ടെന്ന ദുഃസൂചനയായാണു ലോകം വിലയിരുത്തിയത്. ഭാഗ്യത്തിന് അതുണ്ടായില്ല. ലണ്ടന്‍ ആതിഥേയത്വം വഹിച്ച നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ) ഉച്ചകോടിയിൽ ഉത്തരകൊറിയയ്ക്ക് എതിരെ ട്രംപ് വാക്കുകൾ കടുപ്പിച്ചിരുന്നു. ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തെ കുറിച്ചുള്ള ചോദ്യത്തിനു ‘റോക്കറ്റ്മാൻ’ എന്നു ട്രംപ് വിശേഷിപ്പിച്ചത് കിമ്മിനെ മുറിവേൽപ്പിച്ചുവത്രേ. 2017ൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ ആദ്യ പരീക്ഷണം ഉത്തര കൊറിയ നടത്തിയതു യുഎസിനുള്ള സമ്മാനമെന്നു വിശേഷിപ്പിച്ചായിരുന്നു. ഇതാണു ‘ക്രിസ്മസ് സമ്മാനം’ എന്ന ഇപ്പോഴത്തെ പരാമർശത്തിനു ഗൗരമേറ്റിയത്.

kim-jong-un-paektu
കിം ജോങ് ഉൻ

‘റോക്കറ്റ്മാൻ’, ‘ലിറ്റിൽ റോക്കറ്റ്മാൻ’ എന്നീ ട്രംപിന്റെ മുൻകാല പ്രയോഗങ്ങൾ ജീവനെടുക്കുന്നതിനു തുല്യമായാണു കിം കാണുന്നതെന്ന് ഉത്തര കൊറിയയിലെ ഉദ്യോഗസ്ഥർ പറയുന്നു. നാറ്റോയിലും ഈ അധിക്ഷേപം ആവർത്തിച്ചതാണു പ്രശ്നമായത്. സൈനികശക്തിയെ ആശ്രയിച്ചു യുഎസ് മുന്നോട്ടു പോവുകയാണെങ്കില്‍ ഉടനടി തക്കതായ നടപടി ഉണ്ടാകുമെന്നും ഉത്തര കൊറിയ വ്യക്തമാക്കി. പക്‌തു പർവതസാനുക്കളിലേക്കുള്ള കിമ്മിന്റെ യാത്ര എന്നും സംശയങ്ങൾക്ക് ഇടനൽകാറുണ്ട്. ചോര ചിന്തുന്ന യുദ്ധത്തിലേക്കു മേഖലയെ നയിക്കുന്ന തീരുമാനമെടുക്കാനാണു കിമ്മിന്റെ ആ യാത്രയെന്നാണ് ലോകത്തിന്റെ ആശങ്ക. കൊറിയൻ സാമ്രാജ്യം സ്ഥാപിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന ഡാൻഗുനിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് ഈ മലനിരകളിലാണ്. ഉത്തരകൊറിയക്കാർ ഏറെ പവിത്രമായി കരുതുന്ന പ്രദേശം. നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനു തൊട്ടുമുൻപാണ് ഭരണാധികാരികൾ ഇവിടം സന്ദർശിക്കുക.

1950 കളിലെ കൊറിയൻ യുദ്ധത്തിനു ശേഷമാണു മേഖലയിൽ യുഎസ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ചൈനയുടെ കൂട്ടുപിടിച്ചുള്ള ഉത്തര കൊറിയയുടെ വളർച്ച വലിയ ഭീഷണിയായി യുഎസ് കണ്ടു. 1990ൽ ഉത്തര കൊറിയയുടെ ആദ്യ മിസൈൽ പരീക്ഷണം. ആപത്ത് മുന്‍കൂട്ടിക്കണ്ട യുഎസ് പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു.ബുഷ് വൈകാതെ തന്നെ ഉത്തര കൊറിയൻ ഭരണാധികാരി കിം ഇൽ–സുങ്ങിനോട് (കിം ജോങ് ഉന്നിന്റെ മുത്തച്ഛൻ) ആണവ പരീക്ഷണങ്ങളിൽ നിന്നു പിന്മാറാൻ നിർദേശിച്ചു. ദക്ഷിണ കൊറിയയിൽ സൂക്ഷിച്ചിരുന്ന ആണവായുധങ്ങൾ മാറ്റാൻ യുഎസ് തയാറായി. 1994ൽ അന്നത്തെ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഇൽ, ആണവപദ്ധതികൾ മരവിപ്പിക്കുന്നതു സംബന്ധിച്ച് അംഗീകൃത വ്യവസ്ഥകളോടെ ഒപ്പിട്ടു. അന്ന് ബിൽ ക്ലിന്റനായിരുന്നു യുഎസ് തലപ്പത്ത്. അഞ്ചു വർഷം കഴിഞ്ഞപ്പോൾ ദീർഘദൂര മിസൈൽ പരീക്ഷണം മരവിപ്പിക്കാനും സമ്മതമറിയിച്ചു.

NKOREA-POLITICS-KIM
കിം ജോങ് ഉൻ

എന്നാൽ വ്യവസ്ഥകളിൽ നിന്നു മാറി ഉത്തരകൊറിയ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നുണ്ടെന്നു പിന്നീടു വ്യക്തമായി. പ്ലൂട്ടോണിയത്തെ ആണവ പരീക്ഷണത്തിൽ ഉപയോഗിക്കാവുന്ന വിധം മാറ്റിയെടുക്കാനുള്ള സാങ്കേതികവിദ്യ തയാറാക്കാനുള്ള അവരുടെ ശ്രമങ്ങളും പുറത്തുവന്നു. ജോർജ് ബുഷിന്റെ കാലത്തുണ്ടായ ഈ ‘ചതി’ പൊറുക്കാൻ പിന്നീട് അമേരിക്ക തയാറായില്ല. 2003 ൽ ഉത്തര കൊറിയ ആണവനിർവ്യാപന കരാറിൽ നിന്നു പിന്മാറി. 2006 ൽ അവർ ആദ്യ ഭൂഗർഭ അണുപരീക്ഷണം നടത്തി. മൂന്നു വർഷം കൂടി കഴിഞ്ഞതോടെ രാജ്യത്തു നിന്ന് യുഎന്നിന്റെ നിരീക്ഷകരെ പുറത്താക്കി. പിന്നാലെ രണ്ടാമത്തെ ആണവ പരീക്ഷണവും. 2010ൽ യെല്ലോ സീയിൽ ദക്ഷിണകൊറിയൻ യുദ്ധക്കപ്പലിനെ നെടുകെ പിളർത്തിയ ‘ടോർപിഡോ’ കൂടിയുണ്ടായതോടെ കൊറിയൻ ഉപദ്വീപ് വീണ്ടും യുദ്ധഭീതിയിലായി.

പിതാവ് കിം ജോങ് ഇ‌ല്ലിന്റെ മരണത്തോടെയാണ് കിം ജോങ് ഉന്നിന്റെ വരവ്- 2011ൽ. പ്രായം 27 തികഞ്ഞതേയുള്ളൂവെങ്കിലും തുടക്കം കിം ഗംഭീരമാക്കിയത് 2013ൽ ഉത്തര കൊറിയയുടെ മൂന്നാം ആണവപരീക്ഷണം നടത്തിയായിരുന്നു. 2016ൽ നാലാമത്തെയും അഞ്ചാമത്തെയും ആണവപരീക്ഷണങ്ങളുമായി പ്രകോപനം തുടർന്നു. ഒബാമ ഭരണകൂടം കാര്യമായ തിരിച്ചടിക്കു മുതിർന്നില്ല. പിന്നീടാണു ട്രംപിന്റെ വരവ്. ആരംഭകാലത്തെ തണുപ്പൻ സമീപനത്തിനു ശേഷം അദ്ദേഹം ഉത്തര കൊറിയയ്ക്കെതിരെ തിരിഞ്ഞു. 2017 സെപ്റ്റംബർ മൂന്നിലെ ആണവ പരീക്ഷണത്തിനു ശേഷം വാക്പോരായി. അന്നു പൊട്ടിച്ച ഹൈഡ്രജൻ ബോംബിന്റെ ‘പ്രകമ്പന’ത്തിൽ ട്രംപ് നന്നായി ‘കുലുങ്ങി’. 1945ൽ ഹിരോഷിമയിൽ അമേരിക്ക പ്രയോഗിച്ച ബോംബിന്റെ എട്ടിരട്ടി ശേഷിയുള്ളതായിരുന്നു അത്. ഇപ്പോഴും പരസ്പരം ഭീഷണികൾ മുഴക്കി മുന്നേറുകയാണ് ഇരുരാജ്യങ്ങളും.

കിം ജോങ് ഉൻ

അമർഷം തീരാതെ കിം

ആണവ നിരായുധീകരണത്തിന് ഉപാധികളോടെ സമ്മതം അറിയിച്ചെങ്കിലും യുഎസ് കടുത്ത ഉപരോധം തുടരുന്നതിൽ ഉത്തര കൊറിയ അമർഷത്തിലാണ്. ‘ഞങ്ങളുടെ രാജ്യത്തെ ശത്രുവായാണ് യുഎസ് മുദ്ര കുത്തിയിരിക്കുന്നത്. ‘തിന്മയുടെ അച്ചുതണ്ട്’ എന്നു വിശേഷിപ്പിച്ച് ഇല്ലാത്ത ആണവായുധ ആക്രമണം ചൂണ്ടിക്കാട്ടി ക്രൂരവും മനുഷ്യത്വവിരുദ്ധവുമായ ഉപരോധങ്ങൾ നടപ്പാക്കുകയാണ്. ഏഴു ദശകത്തിലേറെയായി ഇതനുഭവിക്കുന്നു’– യുഎസിനെ കുത്തി കിമ്മിന്റെ വാക്കുകൾ. അതായത്, യുഎസുമായി സ്ഥിരതയും വിശ്വാസ്യതയുമുള്ള ബന്ധം രൂപപ്പെട്ടാൽ ആണവായുധങ്ങൾ ഉപേക്ഷിക്കാൻ ഉത്തര കൊറിയ തയാറാകുമെന്നാണു വിദഗ്ധർ പറയുന്നത്. കാരണം, ഉപരോധങ്ങളെ തുടർന്നു കടുത്ത സാമ്പത്തിക പ്രയാസമാണു രാജ്യം അനുഭവിക്കുന്നത്. യുഎസ് നിർബന്ധബുദ്ധി ഉപേക്ഷിച്ച്, ഉപരോധങ്ങൾ ഒഴിവാക്കിയാൽ ഉത്തര കൊറിയ സാമ്പത്തികമായി മെച്ചപ്പെടുമെന്നും ബന്ധം ഊഷ്മളമാക്കുമെന്നും വാദിക്കുന്നവരുണ്ട്.

കിം ജോങ് ഉൻ

ഈ അനിശ്ചിതാവസ്ഥയിലേക്കാണു സുലൈമാനി വധത്തിന്റെ വാർത്ത വന്നുവീണത്. ഒരു രാജ്യത്തിന്റെ രണ്ടാമത്തെ അധികാരകേന്ദ്രത്തെ പോലും നേരിട്ടുള്ള ആക്രമണത്തിലൂടെ വധിക്കുമെന്ന സന്ദേശമാണ് ഇതിലൂടെ യുഎസ് നൽകിയത്. വാചാടോപം നടത്തുന്നയാൾ മാത്രമല്ല, വേണ്ടിവന്നാൽ സാഹസികവും കർശനവുമായ സൈനിക നടപടികൾക്കും കരുത്തുള്ളയാളാണു താനെന്നും ട്രംപ് തെളിയിച്ചു. ആണവ–ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടത്തി യുഎസിനെ അധികകാലം പ്രകോപിപ്പിക്കാനോ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനോ സാധിക്കില്ലെന്ന് ഇപ്പോൾ ഉത്തര കൊറിയയും മനസ്സിലാക്കിയിട്ടുണ്ടാകുമെന്നാണു നയതന്ത്ര വിദഗ്ധരുടെ അഭിപ്രായം. അപ്പോഴും ആശങ്കയുടെ ആവനാഴിയിൽ ആ ചോദ്യം അവശേഷിക്കുന്നു: ഭയം കൂടുന്നതോടെ കൂടുതൽ ആണവ പോർമുനകളുമായി കിം അവതരിക്കുമോ?

English Summary: A lesson for North Korea's Kim Jong Un in the death of Iran's Qasem Soleimani by US President Donald Trump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com