ADVERTISEMENT

ബഗ്ദാദ്∙ ഇറാൻ ജനറൽ ഖാസിം സുലൈമാനിയുടെ വധം ഇറാഖിൽ യുഎസ് സേനയുടെ നിലനിൽപ്പിന് ഭീഷണിയായേക്കുമെന്നു സൂചന.  സുലൈമാനിയുടെ ഓർമയിൽ ഇറാനിൽ ആളിക്കത്തുന്ന യുഎസ് വിരുദ്ധ വികാരത്തിന്റെ തനിപ്പകർപ്പ് ഇറാഖിലും ആവർത്തിക്കുമോ എന്ന ആശങ്കയിലാണു യുഎസ്. സദ്ദാം ഹുസൈൻ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട യുദ്ധത്തിലും തുടർന്നുണ്ടായ ആഭ്യന്തര സംഘർഷങ്ങളിലും  നട്ടംതിരിഞ്ഞ ഇറാഖ് രണ്ടു വർഷത്തോളമായി താരതമ്യേന ‘സമാധാന’ച്ചിറകിലേറി മുന്നോട്ടുപോകുന്നതിനിടെയാണ് സുലൈമാനിയെ വധിച്ചത്. ഇതോടെ യുഎസ് വിരുദ്ധവികാരത്തിൽ ഇറാനൊപ്പം ഇറാഖിലെ ശാക്തികചേരികളും ഒത്തുചേരാനുള്ള സാധ്യതയും ചർച്ചയാവുകയാണ്.

സുലൈമാനിക്ക് പകരം?

പശ്ചിമേഷ്യയിൽ ഇറാന്റെ എല്ലാ പരോക്ഷ സൈനിക ഇടപെടലുകളുടെയും തലപ്പത്തു ജനറൽ ഖാസിം സുലൈമാനിയായിരുന്നു. ഇറാഖിലും സിറിയയിലും ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് കടന്നുകയറിയപ്പോൾ അതു ചെറുക്കാൻ സുലൈമാനിയുടെ നേതൃത്വത്തിലാണ് ഷിയാ സായുധസംഘങ്ങൾ രംഗത്തിറങ്ങിയത്. ഐഎസിനെ തുരത്താൻ ഇറാഖ് സേന പോരാട്ടം തുടങ്ങിയതു 2016 ഒക്ടോബറിലായിരുന്നു. കുർദ് പോരാളികളും സുന്നി അറബ് ഗോത്രവർഗക്കാരും ഷിയ സേനയും യുഎസ് നേതൃസഖ്യസേ‌നയുടെ യുദ്ധവിമാനങ്ങളും കൈകോർത്തുള്ള കനത്ത യുദ്ധമായിരുന്നു അത്. 2017 ജനുവരിയോടെ കിഴക്കൻ മൊസൂൾ ഐഎസ് ഭീകരരുടെ അധീനതയിൽ നിന്നു മോചിപ്പിച്ചു. തുടർന്നു പഴയ മൊസൂൾ നഗരത്തിലേക്ക് ഒതുങ്ങിയ ഐഎസിനെ പരാജയപ്പെടുത്തി ഇറാഖ് സേന വിജയം പ്രഖ്യാപിച്ചതു കഴിഞ്ഞ ജൂലൈയിൽ. 

വിദേശത്തെ സൈനികതാൽപര്യങ്ങൾ സംരക്ഷിക്കാനായി ഇറാൻ രൂപം നൽകിയ ഖുദ്‌സ് ഫോഴ്സിന്റെ തലവൻ രണ്ടു ദശകത്തിലേറെയായി സുലൈമാനിയായിരുന്നു. ഇറാനിൽ പകരം വയ്ക്കാനില്ലാത്ത സൈനിക നേതൃപാടവം കാഴ്ചവച്ച സുലൈമാനിയെ വധിച്ചതോടെ ഇറാഖിൽ ഇറാൻ അനുകൂല ഷിയാ സായുധശക്തിയുടെ വ്യാപനം കൂടിയാണ് യുഎസ് ചെറുത്തത്. അതേസമയം, ശക്തനായ സുലൈമാനിയുടെ അഭാവം ഐഎസ് പോലെയുള്ള ഭീകരസംഘടനകളുടെ തിരിച്ചുവരവിലേക്കും അരാജകത്വത്തിലേക്കും നയിക്കുമെന്നും കരുതുന്നവരുമുണ്ട്. നാശത്തിൽ നിന്ന് പുനർജനിക്കുന്നതു പുതുമയല്ലാത്ത ഈ ഭീകരസംഘടനയിൽപ്പെട്ടവര്‍ ഇനി ഇറാഖിനും അഫ്ഗാനിസ്ഥാനിലുമായിരിക്കും വേരുറപ്പിച്ച് പടരുകയെന്ന് പ്രതിരോധ നിരീക്ഷകർ പറയുന്നു. 

മടങ്ങിവരുമോ ഐഎസ്?

2003 ൽ ഇറാഖിനെ ആക്രമിക്കാനായി അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ളിയു. ബുഷ് പടയൊരുക്കം നടത്തുമ്പോൾ  ഐഎസ് അഥവാ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരത ആരുടെയും സങ്കൽപ്പത്തിൽ പോലുമുണ്ടായിരുന്നില്ല. യുദ്ധം സൃഷ്ടിച്ച അരാജകത്വത്തിന്റെ സന്തതിയായാണ് ഐഎസ് ജനിച്ചത്. യുദ്ധം അരാജകത്വത്തിനു കാരണമാകുമെന്ന മുന്നറിയിപ്പുകൾ സദ്ദാം ഹുസൈനെതിരായ യുദ്ധവേളയിൽ യുഎസ് നേതൃത്വം ചെവിക്കൊണ്ടില്ല. ബുഷും യുദ്ധത്തിന് അദ്ദേഹത്തോടൊപ്പം നിലകൊണ്ട വൈസ് പ്രസിഡന്റ് ഡിക്‌ ചെയ്നി, പ്രതിരോധ സെക്രട്ടറി  ഡോണൾഡ് റംസ്ഫെൽഡ് തുടങ്ങിയവരും അത്തരമൊരു സാധ്യത ചിന്തിച്ചില്ല. സമാനമായ സാഹചര്യമാണ് നിലവിൽ ഇറാഖിൽ നിലനിൽക്കുന്നതെന്നും ഇറാനും യുഎസുമായുളള പരോക്ഷ യുദ്ധം അരാജകത്വത്തിലേക്കും തുടർന്ന് ഇറാഖിന്റെ നാശത്തിലേക്കും നയിക്കുമെന്നും ചില രാജ്യാന്തര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.

aai-khamenei-supreme-leader
ബഗ്ദാദിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനിയുടെ അനുശോചന ചടങ്ങിനെത്തിയ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ സ്വീകരിക്കുന്ന സുലൈമാനിയുടെ പിൻഗാമിയും ഖുദ്സ് ഫോഴ്സ് തലവനുമായ ഇസ്മായിൽ ഗാനി, ഇറാനിയൻ സായുധ സേനാ തലവൻ മേജർ ജനറൽ മുഹമ്മദ് ബാഗെരി, ഇറാനിയൻ ഇസ്‌ലാമിക് റെവലൂഷനറി ഗാർഡ് കോർപ്‌സ് ചീഫ് കമാൻഡർ ഹുസൈൻ സലാമി എന്നിവർ.

മനംമാറ്റത്തിൽ ഇറാഖ്

ബഗ്ദാദ് വിമാനത്താവളത്തിനു സമീപം യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്‍ സേനാ കമാൻഡർ ജനറൽ ഖാസിം സുലൈമാനി, ഇറാഖിലെ സായുധ ഷിയാ സംഘടന ഹാഷിദ് അൽ ഷാബിയുടെ ഉപമേധാവി അബു മഹ്ദി അൽ മുഹന്ദിസ് ഉൾപ്പടെ ഏഴ് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാഖ് ഐക്യരാഷ്ട്ര സംഘടനയെ സമീപിച്ചിരുന്നു. യുഎസ് നടപടി ഇറാഖിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റവും യുഎസ് സാന്നിധ്യത്തിന്റെ നിബന്ധനകൾ ലംഘിക്കുന്നതുമായിരുന്നുവെന്നാണ് ഇറാഖിന്റെ ആരോപണം.  യുഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണെങ്കിൽപോലും ഇറാഖിലേക്ക് ഇറാൻ നടത്തിയ മിസൈല്‍ ആക്രമണങ്ങളെയും  ഇറാഖ് പ്രസിഡന്റ് ബർ‌ഹാൻ സാലിഹ് അപലപിച്ചു. ഇറാഖിനെ പോരാട്ടവേദിയാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഇറാഖിന്റെ പരമാധികാരത്തില്‍ ഇറാന്‍ തുടര്‍ച്ചയായി കടന്നുകയറുന്നതില്‍ എതിർപ്പ് അറിയിക്കുന്നുവെന്നും ഇറാഖ് പ്രസിഡന്റ് ബർ‌ഹാൻ സാലിഹ് പ്രസ്താവനയിൽ വ്യക്തമാക്കുകയും ചെയ്തു. 

ഇതിനു മുന്നോടിയായി യുഎസ് സൈന്യത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇറാഖ് പാര്‍ലമെന്റ് പ്രമേയവും പാസാക്കി. എന്നാൽ ഈ പ്രമേയത്തിനെതിരെ മുഖം തിരിഞ്ഞു നിൽക്കുകയാണ് യുഎസ്. ഇറാഖില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കില്ലെന്നും അങ്ങനെയെങ്കിൽ ഇറാഖില്‍ വ്യോമ താവളം നിര്‍മ്മിക്കാന്‍ യുഎസിനു ചെലവായ പണം തിരികെ നല്‍കേണ്ടി വരുമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. 2014 ൽ ഭീകരസംഘടനയായ ഐഎസിനെ തുരത്താനാണ് യുഎസ് സൈന്യത്തെ ഇറാഖ് രാജ്യത്തേക്കു ക്ഷണിച്ചത്. യുഎസ് സൈന്യത്തിന് ആവശ്യമായ സഹായങ്ങൾ നൽകിയിരുന്നത് ഇറാഖ് ഭരണകൂടമാണ്. എന്നാൽ സുലൈമാനിയുടെ വധത്തോടെ ഇറാഖിൽ അവശേഷിക്കുന്ന 5,200 ഓളം വരുന്ന യുഎസ് സൈന്യത്തിന്റെ ഉദ്ദേശലക്ഷ്യം മാറിയതായും സുലൈമാനിയുടെ ചോരയ്ക്ക് പകരം വീട്ടാൻ വെമ്പുന്നവരിൽ നിന്നു സ്വയം പ്രതിരോധം തീർക്കുന്നതിലേക്കു അതു ചുരുങ്ങിയതായും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 

Trump US Iran

ചക്രവ്യൂഹത്തിൽ യുഎസ് സേന

സുലൈമാനിയെ വധിച്ചതോടെ ഇറാഖിലെ യുഎസ് സൈനികനേതൃത്വമാണ് ഫലത്തിൽ സമ്മർദ്ദത്തിലായത്. 2014 ൽ മൊസൂളിൽ ആധിപത്യം നേടിയ ശേഷം ബഗ്ദാദ് പിടിച്ചെടുക്കാൻ കച്ചകെട്ടിയ ഐഎസിനെതിരായ യുദ്ധത്തിൽ ഇറാഖ് ഭരണകൂടത്തിന് തുണയേകാനാണ് യുഎസ് സേന വീണ്ടും ഇറാഖിലെത്തിയത്. ഇറാഖി സേനയ്ക്കും അർധസൈനിക വിഭാഗങ്ങൾക്കും രഹസ്യാന്വേഷണ വിവരങ്ങളും യുദ്ധസാമഗ്രികളും നൽകിയും മറ്റും ഐഎസിനെതിരായ പോരാട്ടത്തിൽ യുഎസ് പിന്തുണയേകി. ഇറാഖി സേനയ്ക്കൊപ്പം ഹാഷിദ്  അൽ ഷാബി എന്ന ഷിയാ അർധസൈനിക വിഭാഗമാണ് ഐഎസിനെ തുരത്താൻ സജീവമായിരുന്നത്. ഹാഷിദ് അൽ ഷാബിയുടെ ഉപമേധാവി അബു മഹ്ദി അൽ മുഹന്ദിസിനെയാണ് സുലൈമാനിക്കൊപ്പം യുഎസ്  ഡ്രോൺ ആക്രമണത്തിൽ വധിച്ചതെന്നതാണ് മറ്റൊരു വിരോധാഭാസം.

ഐഎസിനെതിരായ പോരാട്ടത്തിൽ ഹാഷിദ് അൽ ഷാബിയിലെ  പോരാളികൾക്ക് ഇറാഖ് സേനയാണ് വേണ്ട ധനസഹായം നൽകിവന്നത്. ഇറാഖ് സർക്കാരിന്റെ തന്നെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇത് ഏകോപിപ്പിച്ചതും. ഈ വിഭാഗങ്ങളിൽ പലതിനും ഇറാനുമായി  നേരിട്ടോ പരോക്ഷമായോ ബന്ധമുണ്ടെന്നതാണ് വാസ്തവം. സുലൈമാനിയെയും അബു മഹ്ദി അൽ മുഹന്ദിസിനെയും വധിച്ചതോടെ ഇറാഖിലെ യുഎസ് സേനയുടെ നിലപാടിലും മാറ്റം വന്നു. ഐഎസിനെ ചെറുക്കുകയെന്ന പ്രാഥമിക ലക്ഷ്യത്തിൽ നിന്ന് മാറി ഷിയാ സായുധ വിഭാഗങ്ങളിൽ നിന്ന് യുഎസ് സേനാ താവളങ്ങളെ സുരക്ഷിതമാക്കുകയെന്ന രീതിയിലേക്കാണ് ഇത്  മാറിയത്. തിരിച്ചുവരവിന് കച്ചമുറുക്കുന്ന ഐഎസ് വിഭാഗങ്ങൾക്ക് ഇത് പുതിയ അവസരമാണ് തുറന്നിടുന്നത്. ഇറാഖിലെയും സിറിയയിലെയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സജീവമായ ഐഎസ് കേന്ദ്രങ്ങളാണ് സുലൈമാനിയുടെ വധം ആഘോഷിച്ചതെന്നതും  ഇവിടെ കൂട്ടിവായിക്കണം. 

IRAN-POLITICS

ഇറാഖിലെ യുഎസ് താവളങ്ങൾ പലത്തും ഇറാഖി സേനാ മേഖലകളുടെ വലയത്തിലാണ്. ഇറാഖി സേനാ വിഭാഗങ്ങൾക്ക് മനംമാറ്റമുണ്ടായാൽ യുഎസ് സൈനികർ ബന്ദികളാക്കപ്പെടാനുളള സാധ്യതയാണ് ഇത് സൃഷ്ടിക്കുന്നത്. സുലൈമാനി വധത്തിന് പിന്നാലെ ബഗ്ദാദിലെ അതിസുരക്ഷാ മേഖലയായ ഗ്രീൻ സോണിൽ പ്രവർത്തിക്കുന്ന യുഎസ് എംബസിക്കു വേണ്ട സുരക്ഷയൊരുക്കാൻ ഇറാഖ്  സേന ശ്രദ്ധ പുലർത്തിയില്ലെന്നും ചില രാജ്യാന്തര പ്രതിരോധ വിദഗ്ധർ സൂചിപ്പിക്കുന്നു. ഉസാമ ബിൻ ലാദന്റെ അൽഖായിദ പോലുള്ള ഭീകര സംഘടനകൾക്കു സഹായം നൽകി, ആണവ-രാസ-ജൈവായുധങ്ങൾ നിർമ്മിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സദ്ദാം ഹുസൈനു മേൽ അമേരിക്ക ചുമത്തിയത്.

എന്നാൽ സദ്ദാമിന്റെ പതനത്തിനു ശേഷമാണ് അൽ ഖായിദ ഇറാഖിൽ വൻ ശക്തിയായി മാറിയത്. അൽ ഖായിദയുടെ നീക്കങ്ങൾക്കു തീവ്രത പോരെന്ന പേരിൽ തെറ്റിപ്പിരിഞ്ഞവരാണ് പിന്നീട് ഐഎസ് പോലെയുള്ള ഭീകരസംഘടനകൾക്കു രൂപം നൽകിയതും. സുന്നി വംശജനായ സദ്ദാം ഹുസൈന്റെ പതനത്തിനുശേഷം ഭരണം ഷിയാ വിഭാഗക്കാരുടെ കൈകളിൽ എത്തിയതോടെ സുന്നി– ഷിയാ തർക്കത്തിനു പുതിയ മാനം കൈവരുകയും ചെയ്തു. പുതിയ സാഹചര്യങ്ങളിൽ അന്യരാജ്യത്ത് സ്വന്തം സേനയെ സംരക്ഷിക്കുകയെന്ന വലിയ ദൗത്യത്തിലാണ് യുഎസ്. പ്രകോപനം ഒഴിവാക്കി യുഎസ്  പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ വാർത്താസമ്മേളനവും ഇത് മുൻകൂട്ടിയുള്ള നയപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നതും.

ഐഎസ്, ബഗ്ദാദി, ഇനിയെന്ത്...?

2014 ജൂലൈയില്‍ മൊസൂളിലെ ഗ്രേറ്റ് മോസ്‌കില്‍ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെയാണ് ഐഎസ് തലവനായ അബൂബക്കര്‍ അല്‍ ബഗ്ദാദി ലോകത്തെ മുസ്‌ലിംകളുടെ 'ഖലീഫ’യായി സ്വയം പ്രഖ്യാപിച്ചത്. ടൈഗ്രിസ് നദിയൊഴുകുന്ന മൊസൂള്‍ ചരിത്രശേഷിപ്പുകളുടെയും വ്യവസായങ്ങളുടെയും നഗരമായിരുന്നു. സമ്പന്നമായ എണ്ണപ്പാടങ്ങളുള്ള മൊസൂളിനെ തലസ്ഥാനമാക്കിയായിരുന്നു ഐഎസിന്റെ വളർച്ച. ഇറാഖിലെ യുഎസ് അധിനിവേശത്തോടുള്ള ചെറുത്തുനിൽപിന്റെ ഭാഗമായി അൽ ഖായിദയിലെ ഒരു വിഭാഗമാണ് ഐഎസ് ആയി രൂപമെടുത്തത്.

iran-us-tension

പരസ്യമായി തലയറുത്തും സ്വവര്‍ഗാനുരാഗികളെ കെട്ടിടങ്ങളില്‍നിന്ന് എറിഞ്ഞു കൊന്നും താടി വളര്‍ത്താത്ത പുരുഷന്‍മാരെയും പര്‍ദ്ദയും ശിരോവസ്ത്രവും ധരിക്കാത്ത സ്ത്രീകളെയും തടവുകാരാക്കിയും പിടികൂടിയ സ്ത്രീകളെ ലൈംഗിക അടിമകളാക്കിയും ജനങ്ങള്‍ക്കിടയിൽ പരിഭ്രാന്തി പടർത്തിയാണ് ഐഎസ് പിടിമുറുക്കിയത്. യസീദി വിഭാഗത്തില്‍പ്പെട്ടവരെ നിരത്തിനിര്‍ത്തി വെടിവച്ചു കൊല്ലുന്ന ചിത്രങ്ങള്‍ ലോകമനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു. മൊസൂൾ പിടിച്ചെടുത്ത ഐഎസ് ആഭ്യന്തര യുദ്ധത്തിലാണ്ട സിറിയയിലും കടന്നുകയറി ആധിപത്യം നേടുകയായിരുന്നു.

അബൂബക്കർ അൽ ബഗ്ദാദി, സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ്
അബൂബക്കർ അൽ ബഗ്ദാദി, സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ്

ഇക്കഴിഞ്ഞ ഒക്ടോബറിൽ ഐഎസിന്റെ തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ വധിച്ചതിനു ശേഷം യുഎസ് നടത്തിയ നിർണായക ആക്രമണമായാണ് സുലൈമാനിയുടെ വധം ചിത്രീകരിക്കപ്പെടുന്നത്. അതേസമയം, ഇതുവരെ അൽഖായിദയും മറ്റു ഭീകരസംഘടനകളും സ്വീകരിച്ചുവന്ന ‘തിരിച്ചുവരവ്’ തന്ത്രങ്ങൾ യുഎസ് രഹസ്യാന്വേഷണ കേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. ബിൻ ലാദൻ ഉൾപ്പെടെ പ്രധാനപ്പെട്ട തലവന്മാരെല്ലാം കൊല്ലപ്പെട്ടപ്പോൾ പിൻവലിഞ്ഞ് പിന്നീട് ശക്തിയോടെ പുനരവതരിക്കുന്നതാണ് ഒന്നര പതിറ്റാണ്ടിലേറെയായി ഇത്തരം ഭീകരതയുടെ രീതി. ഒറ്റപ്പെട്ട ആക്രമണം തുടരുന്നുണ്ടാകും. ഒരു വലിയ സംഘമായി വീണ്ടും ഒത്തുചേരും. ഏതാനും നാളത്തെ പിൻവാങ്ങലിനു ശേഷം ഐഎസ് പോലെ പുതിയൊരു  ഭീകരരൂപം വീണ്ടും രൂപപ്പെട്ടേക്കാനുളള സാധ്യതകളിലേക്കാണ് രാജ്യാന്തര നിരീക്ഷകർ വിരൽചൂണ്ടുന്നതും.

English Summary: Why Iraqis Are Worried About an Islamic State Resurgence After Soleimani's Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com