ADVERTISEMENT

തിരുവനന്തപുരം ∙ ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐയെ വെടിവച്ചു കൊന്നതിനു താൻ ദൃക്സാക്ഷിയാണെന്ന് കളിയിക്കാവിള എസ്ഐ രഘു ബാലാജി. പട്രോളിങ്ങി‌നിടെ ചെക്പോസ്റ്റിനടുത്തേക്ക് ജീപ്പിൽ വരുമ്പോൾ ഒരാൾ എഎസ്ഐ വിൽസനെ വെടിവയ്ക്കുന്നതു കണ്ടു. അതിനുശേഷം വലിച്ചു താഴെയിട്ടു വീണ്ടും വെടിവച്ചു. രണ്ടാമത്തെയാൾ കത്തികൊണ്ടു കുത്തി. ഒച്ചവച്ചപ്പോൾ കൊല്ലുമെന്നു പറഞ്ഞ് അവർ ഭീഷണിപ്പെടുത്തി’– രഘുബാലാജി കളിയിക്കാവിള സിഐയ്ക്കു നൽകിയ പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്ത കേസിന്റെ എഫ്ഐആറിൽ പറയുന്നതിങ്ങനെ: ‘എട്ടാം തീയതി 9 മണിക്ക് രഘു ബാലാജിയും സംഘവും കളിയിക്കാവിളയിലെ പ്രധാന ചെക്പോസ്റ്റിൽ പരിശോധനയ്ക്കുശേഷം മടങ്ങി. പിന്നീട് മാർക്കറ്റ് റോഡിലെ ചെക്പോസ്റ്റിൽ പരിശോധനയ്ക്കു പോയി. 9.20ന് അവിടെ എത്തുമ്പോൾ ഒരാൾ എഎസ്ഐ വിൽസനെ വെടിവയ്ക്കുന്നതു കണ്ടു. പിന്നീടു തറയിലേക്കു വലിച്ചിട്ടു വീണ്ടും വെടിവച്ചു. മറ്റൊരാൾ കത്തി കൊണ്ടു കുത്തി. രഘു ബാലാജിയും കൂടെയുണ്ടായിരുന്ന നാല് പൊലീസുകാരും ഒച്ചവച്ചുകൊണ്ട് അങ്ങോട്ടേക്കു പോകാൻ ശ്രമിച്ചു.

അടുത്തേക്കു വന്നാൽ വെടിവയ്ക്കുമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തി. രഘുബാലാജിയുടെ കൂടെവന്ന പൊലീസുകാർ വീണ്ടും ഒച്ചവച്ചപ്പോൾ രണ്ട് അക്രമികളും അടുത്തുള്ള ആരാധനാലയത്തിന്റെ പുറകുവശത്തുള്ള കോമ്പൗണ്ടിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചു. അവരെ പിടികൂടാനായി പൊലീസുകാർ ശ്രമിച്ചെങ്കിലും വിൽസന്റെ നില മോശമായതിനാൽ തിരികെവന്നു. സിഐയുടെ വാഹനത്തിൽ കുഴിത്തുറയുള്ള സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയി. ആശുപത്രിയെത്തുന്നതിനു മുൻപു തന്നെ വിൽസൺ മരിച്ചു. തുടർന്നു മൃതദേഹം ആശാരിപള്ളം ആശുപത്രിയിലേക്ക് കൊണ്ടുപോയി.’

34 വർഷങ്ങൾക്ക് മുൻപാണ് വിൽസൺ തമിഴ്നാട് പൊലീസിൽ ചേർന്നത്. സ്പോർട്സ് ക്വാട്ടയിലായിരുന്നു പ്രവേശനം. ഓട്ടത്തിൽ സംസ്ഥാനതലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. രണ്ടുവർഷം മുൻപാണ് സ്ഥാനക്കയറ്റം ലഭിച്ചത്. കഴിഞ്ഞവർഷം നവംബറിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വിൽസൺ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരിക്കുന്നതിന് എട്ടു ദിവസം മുൻപാണ് ഡ്യൂട്ടിയിൽ തിരികെ പ്രവേശിച്ചത്.

English Summary : Kaliyikkavila ASI murder case FIR out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com