ADVERTISEMENT

പാറശാല ∙ കളിയിക്കാവിള അതിർത്തി ചെക്പോസ്റ്റിൽ തമിഴ്നാട് എഎസ്ഐയെ വെടിവച്ചു കൊന്ന കേസിലെ പ്രതികൾക്കു ഡൽ‌ഹിയിൽ പിടിയിലായ ഭീകരരുമായി ബന്ധമെന്നു പൊലീസ്. കന്യാകുമാരി സ്വദേശികളായ അബ്ദുള്‍ സമദ്, സയിദ് നവാസ്, ഖ്വാസ മൊയ്നുദീന്‍ എന്നിവരെ ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

ഇവരുടെ സംഘത്തിൽ ഉൾപ്പെട്ട നാലുപേരാണ് എഎസ്ഐയെ കൊലപ്പെടുത്തിയത് എന്നാണ് തമിഴ്നാട് പൊലീസ് വ്യക്തമാക്കുന്നത്. സംഘത്തിലുള്ള രണ്ടുപേരെ തിരിച്ചറിഞ്ഞിരുന്നു. മൂന്നാമന്‍ കന്യാകുമാരി സ്വദേശി സെയ്തലിയാണെന്നും വ്യക്തമായി. സംഘത്തിലെ നാലാമനെക്കുറിച്ച് വിവരമില്ല. ഇവർക്കു വേണ്ടി തമിഴ്നാട്ടിലും കേരളത്തിലും തിരച്ചില്‍ തുടരുകയാണ്.

തിരുവിതാംകോട് സ്വദേശി അബ്ദുൽ ഷമീം (29), തൗഫിഖ് (27) എന്നിവരാണ് വെടിവച്ചതെന്നു തമിഴ്നാട് പൊലീസ് ഉറപ്പിച്ച് കഴിഞ്ഞു. കൃത്യമായ പദ്ധതിയോടെയായിരുന്നു ആക്രമണമെന്നും കണ്ടെത്തി. വില്‍സണെ വെടിവച്ച് കൊല്ലുന്നതിനായി ഓട്ടോറിക്ഷയിലാണ് ഇവര്‍ ചെക്പോസ്റ്റിന് സമീപത്തെത്തിയത്. ആദ്യം പരിസരവും വഴികളും കണ്ട് മനസിലാക്കാനായി നടന്ന് നിരീക്ഷിച്ചു. അതിനു ശേഷം തിരിച്ചെത്തിയാണ് വെടിയുതിര്‍ത്തത്. രക്ഷപെടാനുള്ള കാര്‍ ഒന്നര കിലോമീറ്റര്‍ അകലെ തയാറാക്കി നിര്‍ത്തിയിരുന്നു. ഈ കാറില്‍ അക്രമികളെ കൂടാതെ ഇതേസംഘത്തില്‍പെട്ട രണ്ട് പേരെങ്കിലുമുണ്ടെന്നാണു പൊലീസിന്റെ നിഗമനം. കാറില്‍ കയറി അവര്‍ കേരളത്തിലേക്ക് വന്നോ തമിഴ്നാട്ടിലേക്ക് തിരികെപോയോ എന്നതിലാണ് ഇനി വ്യക്തത വരേണ്ടത്.

അതിനായി റോഡിലേയും ചെക്പോസ്റ്റുകളിലെയും മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയാണ് കേരള, തമിഴ്നാട് പൊലീസ്. അന്വേഷണത്തില്‍ സഹായിക്കാനായി തമിഴ്നാട് പൊലീസിന്റെ ആവശ്യപ്രകാരം കേരള പൊലീസ് രണ്ട് പ്രത്യേക സംഘത്തെ രൂപീകരിച്ചു. പ്രതികള്‍ കേരളത്തിലുണ്ടെന്ന് ഉറപ്പിച്ചാല്‍ കൂടുതല്‍ സംഘത്തെ നിയോഗിക്കും. ഭീകര ആക്രമണങ്ങളെ തുടര്‍ന്ന് നിരോധിച്ച സംഘടനയിലുണ്ടായിരുന്നവര്‍ പുനഃസംഘടിപ്പിച്ച സംഘടനയിലെ അംഗങ്ങളാണ് ഇവരെന്നാണ് തമിഴ്നാട് പൊലീസിന്റെ നിഗമനം.

ഈ സംഘടനയില്‍പെട്ട ചിലരെ ഏതാനും ആഴ്ച മുന്‍പ് തമിഴ്നാട് പൊലീസ് പിടികൂടിയിരുന്നു. കൊലപാതക കേസിലടക്കം പ്രതികളായതോടെ അബ്ദുള്‍ ഷമീമിനും തൗഫീഖിനുമെതിരെ ലുക്കൗട്ട് നോട്ടിസ് ഇറക്കുകയും വീടുകളിലടക്കം തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. ഈ രണ്ടു കാര്യങ്ങളിലുള്ള പ്രതികാരമാകാം പൊലീസിനെ നേരെയുള്ള ആക്രമണമെന്നും സംശയിക്കുന്നുണ്ട്.

English Summary: Kaliyikkavila ASI Murder, Terrorist Connection for Culprits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com