ADVERTISEMENT

ന്യൂഡൽഹി∙ ജെഎൻയു സർവകലാശാലയിൽ അരങ്ങേറിയ മുഖംമൂടി ആക്രമണത്തിൽ പങ്കുണ്ടെന്ന പൊലീസ് വാദത്തെ തള്ളി ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്. ഐഷിയടക്കം 9 പേർക്ക് അക്രമവുമായി ബന്ധമുണ്ടെന്നാണ് ഇന്ന് ഡൽഹി പൊലീസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കാൻ ഐഷി ഡൽഹി പൊലീസിനെ വെല്ലുവിളിച്ചു.

‘ഞാൻ മുഖംമൂടി ധരിച്ചവരിലല്ല, മറിച്ച് അവരാൽ ബാധിക്കപ്പെട്ടവരിൽ ഒരാളാണ്. രക്തത്തിൽ കുളിച്ച വസ്ത്രങ്ങൾ ഇപ്പോഴും എന്റെ കൈവശമുണ്ട്.’– ഐഷി മാധ്യമങ്ങളോടു പറഞ്ഞു.

ഞായറാഴ്ചയാണ് ‍ജെഎൻയുവിലെ ക്യാംപസിൽ മുഖംമൂടി ധരിച്ച ഒരുപറ്റം ആളുകൾ അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിട്ടത്. അക്രമത്തിൽ ഐഷി ഘോഷിനടക്കം നിരവധി പേർക്കു പരുക്കേറ്റിരുന്നു. എന്നാൽ അക്രമം നടത്തിയ 9 പേരുടേതെന്നു കാണിച്ച് ഡൽഹി പൊലീസ് ഇന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ പുറത്തുവിട്ടിരുന്നു. ചില ചിത്രങ്ങൾ വ്യകതമല്ല. ചിത്രത്തിൽ ഉൾപ്പെട്ട ആളുകൾ എന്ന് കാണിച്ചു തന്ന വിവരങ്ങൾ മാത്രമാണു വ്യക്തമായിട്ടുള്ളത്. 

‘എനിക്ക് നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ട്. ഞങ്ങൾ ഒരു അനീതിയും പ്രവർത്തിച്ചിട്ടില്ല. ഡൽഹി പൊലീസ് ഞങ്ങളുടെ ചിത്രങ്ങൾ പുറത്തുവിടട്ടെ. ഞങ്ങൾ കുറ്റവാളികളെന്നു സംശയിക്കപ്പെടില്ല. ഞങ്ങളുടെ ഒരു പ്രവർത്തകനും തെറ്റായി ഒന്നും ചെയ്തിട്ടില്ല. അന്വേഷണം കൃത്യമായി നടന്നാൽ എനിക്കു നീതി ലഭിക്കും. എന്നാൽ എന്തു കൊണ്ടാണ് ഡൽഹി പൊലീസ് പക്ഷപാതം കാണിക്കുന്നത് ? എന്റെ പരാതിയിൽ എഫഐആർ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഞാൻ ഒരു അക്രമത്തിലും പങ്കാളിയല്ല’– പൊലീസ് ദൃശ്യങ്ങൾ പുറത്തിവിട്ടതിനു ശേഷം ഐഷി മാധ്യമങ്ങളോടു പറഞ്ഞു.

ഐഷി ഉൾപ്പെടെ അ‍ഞ്ച് ഇടതു വിദ്യാർഥി സംഘടനാ പ്രവർത്തകർക്കും രണ്ട് എബിവിപി പ്രവർത്തകർക്കും അക്രമത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. അക്രമത്തിൽ തലയ്ക്കു സാരമായി പരുക്കേറ്റ ഐഷിയെ ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

English Summary : "Wasn't The One In A Mask": Aishe Ghosh Hits Back At Delhi Police Claims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com