ADVERTISEMENT

ന്യൂഡൽഹി∙ ചീഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) നിയമനത്തെ പുകഴ്ത്തി കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ. വലിയ ചുവടുവയ്പെന്നാണു നീക്കത്തെ കരസേനാ മേധാവി വിശേഷിപ്പിച്ചത്. മൂന്നു സേനകളുടെയും ഏകീകരണത്തിൽ ഇതു വലിയ ചുവടുവയ്പാണ്. നീക്കത്തിന്റെ വിജയം ഉറപ്പാക്കാൻ ശ്രമിക്കുമെന്നും കരസേനാ മേധാവി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഭരണഘടനയോടുള്ള കർ‌ത്തവ്യമാണ് നമ്മെ എല്ലായ്പ്പോഴും നയിക്കേണ്ടത്. ഭരണഘടനയിലെ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയാണു നമ്മളെ മുന്നോട്ടുകൊണ്ടുപോകേണ്ടത്. ഭാവിയിലെ പോരാട്ടങ്ങൾക്കു കരസേനയെ സജ്ജമാക്കുന്നതിനുള്ള പരിശീലനത്തിനാണു പ്രാധാന്യം നൽകുന്നത്. അളവിനേക്കാളും മികവിനാണ് ഭാവിയിൽ പ്രാധാന്യം നൽകുക. ചൈനീസ് അതിർത്തിയിലെ വെല്ലുവിളികൾ നേരിടാൻ സൈന്യം തയാറെടുത്തുകൊണ്ടിരിക്കുകയാണ്. നൂതന ആയുധങ്ങളുൾപ്പെടെ വടക്കൻ മേഖലയിലെ അതിർത്തിയിലേക്കു എത്തിക്കുന്നുണ്ട്.

പാക്ക് അധിനിവേശ കശ്മീര്‍ തിരികെ പിടിക്കുന്നതിനായി ഉത്തരവ് ലഭിച്ചാൽ നടപടിയെടുക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. സിഡിഎസിന്റെ നിയമനവും സൈനികകാര്യങ്ങൾക്കു വകുപ്പിന്റെ രൂപീകരണവും വലിയ നീക്കങ്ങളാണ്. ഇതു വിജയിപ്പിക്കാൻ ഞങ്ങളുടെ ഭാഗത്തുനിന്നും എല്ലാം ചെയ്യുമെന്നും കരസേനാ മേധാവി പറഞ്ഞു.

ഡിസംബർ 31നാണ് എം.എം. നരവനെ കരസേനാ മേധാവിയായി ചുമതലയേറ്റത്. ചൈനയുമായുള്ള 4,000 കിലോമീറ്റർ നീളമുള്ള അതിർത്തി കാക്കുന്ന ഈസ്റ്റേൺ കമാൻഡിന്റെ തലവനായിരുന്നു നേരത്തേ നരവനെ. ഇന്ത്യയുടെ സിഡിഎസായി ജനറൽ ബിപിൻ‌ റാവത്ത് ചുമതലയേറ്റു ദിവസങ്ങൾക്കുശേഷമാണ് കരേസനാ മേധാവി വിഷയത്തിൽ പ്രതികരിക്കുന്നത്.

English Summary: Creation of CDS a 'very big step' towards integration of forces: Army chief 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com