ADVERTISEMENT

ദുബായ്∙ ടെഹ്റാനിലെ വിമാനത്താവളത്തിൽനിന്നു പറന്നുയർന്നയുടനെ യുക്രെയ്ൻ വിമാനം തകർന്നത് മിസൈലേറ്റാണെന്ന് ഇറാൻ സമ്മതിച്ചു. വിമാനം തകർന്നത് മിസൈലേറ്റാണെന്ന റിപ്പോർട്ടുകൾ ഇറാൻ ഇതുവരെ തള്ളിക്കളയുകയായിരുന്നു. എന്നാൽ രഹസ്യാന്വേഷണ റിപ്പോർട്ട് വച്ച് യുഎസ്, കാനഡയും വിമാനം ഇറാൻ വെടിവച്ചിട്ടതാണ് എന്ന നിലപാടിലായിരുന്നു. വിമാനം തകർന്നുവീണ് യാത്രക്കാരും ജീവനക്കാരുമായി 176 പേരും കൊല്ലപ്പെട്ടിരുന്നു.

ഖുദ്സ് സേനാ മേധാവി ഖാസിം സുലൈമാനിയെ യുഎസ് കൊലപ്പെടുത്തിയതിനു പിന്നാലെ ഇറാഖിലെ യുഎസ് വ്യോമതാവളങ്ങൾക്കുനേർക്ക് ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരുന്നു. ഒരു സൈനിക കേന്ദ്രത്തോടു ചേർന്നാണു വിമാനം പറന്നതെന്നും മനുഷ്യത്വപരമായ പിഴവുണ്ടായെന്നും ഇറാൻ ടിവി റിപ്പോർട്ട് ചെയ്തു. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നും അവർ അറിയിച്ചു.

യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് പൊവുകയായിരുന്ന യുക്രെയ്ന്റെ ബോയിങ് 737-800 വിമാനം ഇറാനിൽ ടേക് ഓഫിനു തൊട്ടുപിന്നാലെയാണ് തകർന്നത്. ടെഹ്‌റാനിലെ ഇമാം ഖുമൈനി വിമാനത്താവളത്തിൽനിന്നു യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്കു പ്രാദേശിക സമയം രാവിലെ 6.12ന് പുറപ്പെട്ട വിമാനമാണ് തകർന്നത്. സാങ്കേതിക തകരാറാണ് വിമാനം തകരാൻ ഇടയാക്കിയതെന്നാണ് ഇറാൻ മാധ്യമങ്ങൾ ആദ്യം റിപ്പോർട്ടു ചെയ്തത്. ബുധനാഴ്ച ഉണ്ടായ അപകടത്തിൽ 167 യാത്രക്കാരും 9 ജീവനക്കാരും കൊല്ലപ്പെട്ടു. 82 ഇറാൻകാരും 63 കനേഡിയന്‍ പൗരന്മാരും 11 യുക്രെയ്ൻകാരുമാണ് ഉണ്ടായിരുന്നത്.

English Summary: Iran says it 'unintentionally' shot down Ukrainian jetliner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com