ADVERTISEMENT

കൊച്ചി ∙ മരടിലെ ഫ്ലാറ്റുകളുടെ പൊളിക്കല്‍ പൂര്‍ണവിജയമെന്ന് എഡിഫസ് കമ്പനി എംഡി ഉത്കര്‍ഷ് മേത്ത. മറ്റു കെട്ടിടങ്ങള്‍ക്കൊന്നും ചെറിയ വിള്ളല്‍ പോലുമുണ്ടായിട്ടില്ല. 45 ദിവസത്തിനകം അവശിഷ്ടങ്ങള്‍ നീക്കാനാകും. കാഴ്ചയിൽ ജെയിൻ കോറൽ കോവിന്റെ പൊളിക്കലായിരുന്നു ഏറ്റവും മികച്ചത്, രണ്ടാമത് എച്ച്ടുഒ ഹോളിഫെയ്ത്തും. സാങ്കേതികമായി ഏറ്റവും വെല്ലുവിളി നേരിട്ടത് ഗോൾഡൻ കായലോരം പൊളിക്കുന്നതിന് ആയിരുന്നെന്നും ഉത്കര്‍ഷ് മേത്ത മാധ്യമങ്ങളോടു പറഞ്ഞു.

മൂന്നു ഫ്ലാറ്റുകളാണ് എഡിഫസ് എൻജിനീയറിങ് പൊളിച്ചത്. ആൽഫ സെറീൻ ഫ്ലാറ്റിന്റെ രണ്ടു ടവറുകളും വിജയ് സ്റ്റീല്‍സാണ് പൊളിച്ചത്. ‘ഇവിടെ താമസിച്ചയാളുകളുടെ കാര്യത്തിൽ സങ്കടമുണ്ട്. ഞങ്ങളോടു ദേഷ്യം തോന്നരുത്. ഇതു ഞങ്ങളുടെ ജോലിയാണ്, വെറും കരാറുകാർ മാത്രമാണ്. ഞങ്ങളുടെ പ്രവൃത്തി കൊണ്ട് എന്തെങ്കിലും ദുഃഖം തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.’ – ഉത്കര്‍ഷ് പറഞ്ഞു.

മരടിലെ നാലു ഫ്ലാറ്റുകളും തകര്‍ത്ത നിയന്ത്രിത സ്ഫോടനത്തിൽ വീടുകള്‍ക്കോ കെട്ടിടങ്ങള്‍ക്കോ കേടുപാടില്ല. ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റുകളാണു ഞായറാഴ്ച പൊളിച്ചത്. 17 നിലയും 128 അപ്പാര്‍ട്ട്മെന്റുമുള്ള ജെയിന്‍ തകരാനെടുത്തത് 5.6 സെക്കന്‍ഡാണ്. ഗോള്‍‍ഡന്‍ കായലോരത്തിന് വേണ്ടിവന്നത് ആറു സെക്കന്‍ഡ്. ഗോൾഡൻ കായലോരത്തിനു സമീപത്തെ അങ്കണവാടി കെട്ടിടം സുരക്ഷിതമാണ്. എന്നാൽ ചുറ്റുമതില്‍ ഭാഗികമായി തകര്‍ന്നു.

എച്ച്ടുഒ ഹോളിഫെയ്ത്, ആൽഫ സെറീൻ ഫ്ലാറ്റുകളാണ് ശനിയാഴ്ച പൊളിച്ചത്. നിരീക്ഷണ ഹെലികോപ്റ്റർ കൂടുതൽ സമയമെടുത്തതിനെ തുടർന്ന് 17 മിനിറ്റ് വൈകിയാണ് സ്ഫോടനം നടന്നത്. രാവിലെ 11.17ന് എച്ച്ടുഒ ഫ്ലാറ്റും 11.44ന് ആൽഫ സെറീനിലെ ടവർ രണ്ടിലും 11.46ന് ടവർ ഒന്നിലും സ്ഫോടനം നടന്നു. ആൽഫ സെറീന്റെ അവശിഷ്ടങ്ങൾ കായലിൽ വീഴുകയും വലിയ അലകളുയരുകയും ചെയ്തിരുന്നു. എന്നാൽ ഇതു മനഃപൂർവം ചെയ്തതാണെന്നു കലക്ടർ എസ്.സുഹാസ് പറഞ്ഞു.

English Summary: Edifice Company Evaluation on Maradu Flat Demolition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com