ADVERTISEMENT

ന്യൂഡൽഹി ∙ പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട ഭീകരാക്രമണം വീണ്ടും അന്വേഷിക്കണമെന്നു കോൺഗ്രസ്. ഭീകരർക്കൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ ജമ്മു കശ്മീർ ഡിവൈഎസ്പി ദവീന്ദർ സിങ് അറസ്റ്റിലായ സാഹചര്യത്തിലാണ് ആവശ്യം. കോൺഗ്രസിന്റെ ലോക്സഭാ നേതാവ് അധിർ രഞ്ജൻ ചൗധരി ട്വിറ്ററിലൂടെയാണു ഇക്കാര്യം ഉന്നയിച്ചത്.

‘ദവീന്ദർ സിങ്ങിന്റെ അറസ്റ്റോടെ പുൽവാമ ഭീകരാക്രമണത്തിൽ ആരാണു യഥാർഥ പ്രതിയെന്നതിൽ സംശയങ്ങളുയരുന്നു. ഈ സാഹചര്യത്തിൽ പുതിയ അന്വേഷണം ആവശ്യമാണ്. ദവീന്ദർ സിങ്ങിന്റെ പേര് ദേവീന്ദർ ഖാൻ എന്നാണെങ്കിൽ ആർഎസ്എസിന്റെ ട്രോൾ വിഭാഗത്തിന്റെ പ്രതികരണം എന്തായിരുന്നേനെ? നമ്മുടെ രാജ്യത്തിന്റെ ശത്രു, അവർ ആരായിരുന്നാലും അപലപിക്കേണ്ടതാണ്’– അധിർ രഞ്ജൻ ചൗധരി പറഞ്ഞു.

ദവീന്ദർ സിങ് ആരാണെന്നും 2001ലെ പാർലമെന്റ് ആക്രമണത്തിലും പുൽവാമ ആക്രമണത്തിലുമുള്ള പങ്ക് എന്താണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല കഴിഞ്ഞദിവസം ചോദിച്ചിരുന്നു. സിങ് സ്വന്തം നിലയ്ക്കാണോ അതോ വലിയ ആരുടെയെങ്കിലും കരുവായിരുന്നോ എന്ന് അന്വേഷിക്കണമെന്നും സുർജേവാല ആവശ്യപ്പെട്ടു.

ഹിസ്ബുൽ മുജാഹിദീൻ ജില്ലാ കമാൻഡർ നവീദ് ബാബു ഉൾപ്പെടെ 2 ഭീകരരെ ഷോപിയാൻ മേഖലയിൽനിന്നു കാറിൽ ഒപ്പം കൊണ്ടുപോയപ്പോഴാണു ദവീന്ദർ അറസ്റ്റിലായത്. ശ്രീനഗർ വിമാനത്താവളം ഡിവൈഎസ്പിയാണു ദവീന്ദർ. ഒട്ടേറെ ഭീകര വിരുദ്ധ ഓപ്പറേഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. ഒപ്പം പിടിയിലായ നവീദ് ബാബു മുൻ പൊലീസുകാരനാണ്.

ദേവീന്ദറിന്റെ ഗൂഢബന്ധങ്ങളെക്കുറിച്ച് റിസർച് ആൻഡ് അനലിസിസ് വിങ്ങും (റോ), ഇന്റലിജൻസ് ബ്യൂറോയും കൂടുതൽ അന്വേഷണം നടത്തും. പാർലമെന്റ് ആക്രമണക്കേസ് അന്വേഷണ സമയത്ത് പ്രതി അഫ്സൽ ഗുരു, ആക്രമണത്തിൽ പങ്കെടുത്തവരെ ഡൽഹിയിലെത്തിക്കാൻ നിർദേശിച്ചത് ദേവീന്ദർ സിങ് ആണെന്നു കത്തിൽ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ച ഉദ്യോഗസ്ഥനാണു ദേവീന്ദർ.

English Summary: ‘Need fresh look into Pulwama attack’: Congress’ Adhir Ranjan Chowdhury after J&K cop held for ‘ferrying terrorists’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com