ADVERTISEMENT

ന്യൂഡൽഹി∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് വിളിച്ചുചേർത്ത പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ‌ പങ്കെടുക്കാതിരുന്നതിനു വിശദീകരണവുമായി ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ). ഡിഎംകെ തലവൻ എം.കെ. സ്റ്റാലിനെതിരായ കോൺഗ്രസിന്റെ വിമർശനങ്ങളെ തുടർന്നാണ് യോഗത്തിൽനിന്നു വിട്ടുനിന്നതെന്ന് മുതിർന്ന നേതാവും എംപിയുമായ ടി.ആർ‌. ബാലു പറഞ്ഞു. തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പിൽ സ്റ്റാലിൻ ‘സഖ്യധർമം’ പാലിച്ചില്ലെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. അതാണു യോഗത്തിൽ‌ എത്താതിരുന്നതിനു കാരണം– ബാലു പറഞ്ഞു.

കോൺഗ്രസുമായുള്ള സഖ്യം പഴയ പടി തുടരുമോയെന്ന ചോദ്യത്തിന് പ്രതികരിക്കാൻ ഡിഎംകെ തയാറായിട്ടില്ല. സമയമാകുമ്പോൾ ഇക്കാര്യം വ്യക്തമാകും. നിങ്ങൾക്ക് എന്തിനാണ് ഉത്കണ്ഠയെന്നും ബാലു പ്രതികരിച്ചു. തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരിയാണ് കഴിഞ്ഞ ആഴ്ച ഡിഎംകെയ്ക്കെതിരെ വിമര്‍ശനമുയർത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനങ്ങൾ നീതിപൂർവമല്ല ലഭിച്ചതെന്നായിരുന്നു ആരോപണം. ഇതു സഖ്യധർമത്തിന് എതിരാണെന്നും അഴഗിരി വാദിച്ചു.

എന്നാൽ ഇത്തരം പ്രസ്താവനകള്‍ക്ക് അഴഗിരി മുതിരരുതായിരുന്നെന്ന് ടി.ആർ. ബാലു പറഞ്ഞു. ഡിഎംകെയ്ക്കെതിരായ വാക്കുകളിൽ അഴഗിരി ഖേദം പ്രകടിപ്പിച്ചതായാണു വിവരം. ഏഴു പ്രധാന പ്രതിപക്ഷ പാർട്ടികളാണ് കോൺഗ്രസ് വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാതിരുന്നത്. തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ബിഎസ്പി, എസ്പി, ടിഡിപി, ശിവസേന, ആം ആദ്മി പാർട്ടി എന്നീ കക്ഷികളാണവ. ഈ പാർട്ടികൾക്കെല്ലാം ചേർന്നു ലോക്സഭയിൽ 83 അംഗങ്ങളുണ്ട്.

English Summary: DMK reason behind skipping anti CAA meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com