ADVERTISEMENT

ടെഹ്റാൻ ∙ യുക്രെയ്ൻ യാത്രാവിമാനം വീഴ്ത്തിയതിനെതിരെ രാജ്യത്തിനകത്തു പ്രതിഷേധം ശക്തമായതോടെ ഉത്തരവാദികളിൽ ചിലരെ അറസ്റ്റ് ചെയ്ത് ഇറാൻ. ആദ്യം നിഷേധിച്ചെങ്കിലും റവല്യൂഷനറി ഗാർഡ്സ് തലവൻ ഖാസിം സുലൈമാനിയെ വധിച്ചതിനു യുഎസിനു സൈനിക മറുപടി നൽകുന്നതിനിടെ ‘അബദ്ധത്തിൽ’ ആണ് യാത്രാവിമാനം വീഴ്ത്തിയതെന്ന് ഇറാൻ സമ്മതിച്ചിരുന്നു. ഇതിനുപിന്നാലെ ഭരണകൂടത്തിനും പരമോന്നത നേതൃത്വത്തിനും എതിരായി രാജ്യത്തു വലിയ പ്രതിഷേധങ്ങളാണു നടക്കുന്നത്.

രാജ്യത്തിനകത്തെ പ്രതിഷേധങ്ങളെ ശമിപ്പിക്കുകയും രാജ്യാന്തര തലത്തിൽ പ്രതിച്ഛായ കൂടുതൽ മോശമാകാതിരിക്കാനുമാണ് ഇറാന്റെ നടപടിയെന്നാണു വിലയിരുത്തൽ. ‘സംഭവത്തക്കുറിച്ചു വിശദമായ അന്വേഷണം നടക്കുകയാണ്. കുറ്റക്കാരായ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്’– ഇറാന്റെ ജുഡീഷ്യറി വക്താവ് ഘോലംഹുസൈൻ ഇസ്മയിലി പറഞ്ഞതായി ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു. എത്ര പേരെ അറസ്റ്റ് ചെയ്തെന്നോ ആരെല്ലാമാണു പിടിയിലായതെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.

സുരക്ഷാസേനയെയും കലാപനിയന്ത്രണ സേനയെയും കൂസാതെ പ്രതിഷേധക്കാർ തെരുവുകൾ കയ്യടക്കുന്നതിൽ ഭരണകൂടം ആശങ്കയിലാണ്. ‘ഇതൊരു സാധാരണ കേസല്ല. ഉന്നത ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക കോടതി രൂപീകരിക്കണം. ഡസൻകണക്കിനു വിദഗ്ധരെ അതിൽ ഉൾപ്പെടുത്തണം. ലോകം മുഴുവൻ ഈ കോടതിയുടെ നടപടികളെ വീക്ഷിക്കും. വേദനാജനകവും മറക്കാനാവാത്തതുമായ പിഴവാണിത്. വിമാനാപകടത്തിന് ഉത്തരവാദികളായ എല്ലാവരും ശിക്ഷിക്കപ്പെടണം.’ – ടിവി സന്ദേശത്തിൽ ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി വ്യക്തമാക്കി. 

English Summary: Iran announces arrests over downing of Ukrainian plane

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com