ADVERTISEMENT

തിരുവനന്തപുരം∙ ‘മരടിലെ ദൗത്യം പരാജയപ്പെട്ടിരുന്നെങ്കിൽ നിങ്ങൾ എന്നോട് സംസാരിക്കില്ലായിരുന്നു. സ്ഫോടക വസ്തുക്കൾ നിറച്ചതിലടക്കം അപാകതകൾ കണ്ടെത്തി ആരോപണങ്ങൾ ഉയർത്തുന്നവരുടെ മുന്നിലൂടെ തലകുനിച്ച് മടങ്ങേണ്ടി വരുമായിരുന്നു. ഒരു ടീം ജാഗ്രതയോടെ പ്രവർത്തിച്ചപ്പോൾ ഫലം മറ്റൊന്നായി’– നോൺ ഇലക്ട്രിക് ഡിറ്റനേറ്ററുകൾ നിയന്ത്രിക്കുന്നതുപോലെ വാക്കിലും കൃത്യതയോടെ ഇതു പറയുന്നത് ഡപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് ഡോ.ആർ. വേണുഗോപാൽ.

മരടിലെ അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ തകർക്കാനുപയോഗിച്ച സ്ഫോടക വസ്തുക്കളുടെ നിയന്ത്രണം വേണുഗോപാലിനും സംഘത്തിനുമായിരുന്നു. സ്ഫോടക വസ്തുക്കളുടെ സംഭരണം, ഉപയോഗം, ഗതാഗതം തുടങ്ങിയവ കരാറെടുത്ത കമ്പനികളുടെ ജോലി കൃത്യമാണെന്ന് ഉറപ്പിച്ചത് വേണുഗോപാൽ നേതൃത്വം നൽകുന്ന പെട്രോളിയം സുരക്ഷാ ഏജൻസിയായ പെസോയുടെ ചുമതലയായിരുന്നു. 

റോഡ്, ടണൽ ബിൽഡിങ് തുടങ്ങിയ മേഖലകളിലാണ് പെസോയുടെ നിയന്ത്രണം. ക്വാറികളിലെ സ്ഫോടക വസ്തുക്കളുടെ നിയന്ത്രണം ഡയറക്ടർ ജനറൽ മൈനിങ് സേഫ്റ്റിക്കാണ്. കെട്ടിടം തകർക്കാൻ മുൻപരിചയമില്ല എന്നതായിരുന്നു പെസോയുടേയും ജില്ലാ ഭരണകൂടത്തിന്റേയും വെല്ലുവിളി. ചെറിയ പിഴവ് പോലും വിവാദങ്ങളുണ്ടാക്കുമെന്നതിനാൽ ജാഗ്രതയോടെയായിരുന്നു നീക്കങ്ങൾ. പെസോയ്ക്കൊപ്പം മരട് മുനിസിപ്പാലിറ്റിയും ജില്ലാഭരണകൂടവും സാങ്കേതികവിദഗ്ധരുടെ ടീമും പൊലീസും ഒറ്റക്കെട്ടായി പ്രവർത്തിച്ചപ്പോൾ നിശ്ചയിച്ച രീതിയിൽ കെട്ടിടങ്ങൾ നിലംപൊത്തി. എന്നാൽ അതിനുവേണ്ട മുന്നൊരുക്കങ്ങൾ കഠിനമായിരുന്നു.

∙പ്രത്യേക ഡിറ്റനേറ്റർ‌ നാഗ്പുരിൽനിന്ന്

ഈ ദൗത്യത്തിലേക്കു പെസോ വന്നതിനുശേഷം നേരിട്ട വെല്ലുവിളികളിലൊന്ന് സ്ഫോടനത്തിന്റെ കൃത്യതയ്ക്കും നിയന്ത്രണത്തിനും ഉപയോഗിക്കുന്ന നോൺ ഇലക്ട്രിക് ഡിറ്റനേറ്ററിന്റെ ക്ഷാമമായിരുന്നു. 6.5 മില്ലി സെക്കൻഡ്, 17 മില്ലി സെക്കൻഡ്, 25 മില്ലി സെക്കൻഡ്, 200 മില്ലി സെക്കൻഡ് തുടങ്ങി വിവിധ വേഗത്തിൽ പ്രവർത്തിക്കുന്ന നോൺ ഇലക്ട്രിക് ഡിറ്റനേറ്ററുകളുണ്ട്.

Maradu Flat Demolition

ഇതിൽ 200 മില്ലി സെക്കൻഡ് വേഗതയിൽ പ്രവർത്തിക്കുന്നത് വാങ്ങാൻ സുലഭമാണ്. മറ്റിനത്തിലുള്ളവ കിട്ടാനില്ല. കമ്പനികൾ ഇവ നിർമിച്ചു സൂക്ഷിച്ചുവയ്ക്കാറുമില്ല. ഡിറ്റനേറ്റർ കിട്ടിയില്ലെങ്കില്‍ പൊളിക്കൽ പ്രവർത്തനങ്ങൾ നീട്ടിവയ്ക്കേണ്ടിവരും. ഗുണമേന്മയുള്ള നോൺ ഇലക്ട്രിക് ഡിറ്റനേറ്ററുകൾ നിർമിക്കുന്ന കമ്പനികൾ രാജ്യത്ത് കുറവാണ്. നിർമിക്കുന്ന ഒരു കമ്പനിയെ സമീപിച്ചെങ്കിലും അധികൃതർ നിർദേശിക്കുന്ന സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാകില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പിൻമാറി.

ദിവസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് നാഗ്പുരിലുള്ള സോളാർ എക്സ്പ്ലോഷൻ, സി ഡെറ്റ് എന്നീ കമ്പനികൾക്ക് നോൺ ഇലക്ട്രിക് ഡിറ്റനേറ്റർ നിർമിക്കാനുള്ള വൈദഗ്ധ്യമുണ്ടെന്നു മനസിലാക്കിയത്. കേരളത്തിലെ അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ ഡിറ്റനേറ്ററുകൾ ഉണ്ടാക്കാൻ തുടക്കത്തിൽ കമ്പനിക്കു താൽപര്യമുണ്ടായിരുന്നില്ല. ലാഭം കുറവാണെന്നതായിരുന്നു കാരണം. പെസോയുടെ ലൈസൻസിയാണ് ഇരുകമ്പനികളും. വേണുഗോപാൽ സമ്മർദം ചെലുത്തിയതോടെ 20,000  നോൺ ഇലക്ട്രിക് ഡിറ്റനേറ്ററുകൾ നിർമിക്കാൻ കമ്പനി തയാറായി.

∙ ലിഫ്റ്റിന്റെ ചുവരുകൾ മുറിച്ചു മാറ്റി

ഫ്ലാറ്റുകൾ തകർക്കാൻ കരാറെടുത്ത കമ്പനിയോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പെസോ നിർദേശിച്ചു. ജില്ലാഭരണകൂടവുമായി ഇത് ചർച്ച ചെയ്ത് ഭേദഗതികൾ നിർദേശിച്ചു. സ്ഫോടനത്തിൻറെ പ്ലാനും റിസ്കും പലതവണ അവലോകനം ചെയ്തു. ഫ്ലാറ്റിന്റെ തുണുകളിലെ കുഴികളിൽ നിറയ്ക്കേണ്ട സ്ഫോടക വസ്തുക്കളുടെ അളവ് തിട്ടപ്പെടുത്തി.

ശേഷം സ്ഫോടനത്തിന്റെ ജോലികൾ ആരംഭിക്കാൻ അനുമതി നൽകി. അങ്കമാലിയിൽനിന്നും മൂവാറ്റുപുഴയിൽനിന്നും സ്ഫോടക വസ്തുക്കൾ പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള വാനുകളിൽ പൊലീസ് അകമ്പടിയോടെ മരടിലെത്തിച്ചു. കെട്ടിടങ്ങൾ വിശദമായി പരിശോധിച്ചു. ആദ്യം തൂണുകൾക്കിടയിലെ ചുവരുകൾ മാറ്റി. പിന്നീട് പ്ലബ്ബിങ് സാധനങ്ങളും. ആൽഫ സെറീനിലെ ലിഫ്റ്റിന്റെ ചുവരുകൾ മാറ്റുന്നതായിരുന്നു ദൗത്യത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടം. ഈ ചുവരുകൾ പിന്നീട് മുറിച്ചു മാറ്റി.

ജനസാന്ദ്രതയുള്ള പ്രദേശമായതിനാൽ ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കൾ ഒഴിവാക്കാനായിരുന്നു തീരുമാനം. ഡിറ്റനേഷൻ ഫ്യൂസുകളാണ് പകരം ഉപയോഗിച്ചത്. കോൺക്രീറ്റിനെ ചെറിയ കഷ്ണങ്ങളാക്കാൻ ഇതിനു കഴിയും. സ്ഫോടനത്തിന്റെ ശബ്ദം കുറയും. കോൺക്രീറ്റിനകത്തെ കമ്പികൾപോലും പെടിക്കാനാകും. സ്ഫോടനം നടക്കുമ്പോൾ വലിയ കോണ്‍ക്രീറ്റ് കഷ്ണങ്ങൾ പുറത്തേക്കു തെറിക്കുന്നത് ഒഴിവാക്കാനും ഇതിലൂടെ കഴിഞ്ഞു.

ഡിറ്റനേഷൻ ഫ്യൂസുകൾ ഉപയോഗിച്ചതോടെ സ്ഫോടക വസ്തുകളുടെ ഉപയോഗം കുറഞ്ഞു. 125 കിലോ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കേണ്ടിവരുമെന്നു പ്രതീക്ഷിച്ച ഗോൾഡൻ കായലോരം പൊളിക്കാൻ വേണ്ടിവന്നത് 14.21 കിലോ ഗ്രാം. ആൽഫ സെറീനിൽ പ്രതീക്ഷിച്ചത് 600 കിലോ. ഉപയോഗിച്ചത്  343 കിലോമാത്രം. എച്ച്ടുഒ ഫ്ലാറ്റ് സമുച്ചയത്തിൽ പ്രതീക്ഷിച്ചത് 215 കിലോ. ഉപയോഗിച്ചത് 212 കിലോ. ജെയിൻ കോറൽ കോവിൽ 312 കിലോയാണ് പ്രതീക്ഷിച്ചത്. എന്നാൽ, 372 കിലോ ഉപയോഗിക്കേണ്ടിവന്നു. കെട്ടിടത്തിനു വിസ്തീർണം കൂടുതലായതിനാൽ കൂടുതൽ സുഷിരങ്ങൾ  ഉണ്ടാക്കി സ്ഫോടക വസ്തുക്കൾ നിറയ്ക്കേണ്ടിവന്നതാണ് കാരണം.

∙ 41 കിലോമീറ്റർ ഫ്യൂസ്, മൊബൈൽ ഫോണിനും നിയന്ത്രണം

എച്ച്ടുഒയിൽ 10,043 മീറ്റർ‌, ജെയിൻ കോറൽകോവ് 15,306 മീറ്റർ, ഗോൾഡൻ കായലോരം 5,555 മീറ്റർ, ആൽഫ സെറീൻ 10,500 മീറ്റർ എന്നിങ്ങനെയാണ് ഉപയോഗിച്ച ഡിറ്റനേഷൻ ഫ്യൂസുകളുടെ കണക്ക്. സ്ഫോടക വസ്തുക്കൾ നിറയ്ക്കാൻ അഞ്ചു ദിവസമെടുത്തു. ഇതിനുശേഷം 100 മീറ്റർ ചുറ്റളവിൽ മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തി. കെട്ടിടത്തിന്റെ ഓരോ നിലകളിലും പലതവണ കയറി സ്ഫോടക വസ്തുക്കളുടെ വിന്യാസം പരിശോധിച്ചു. മുൻനിശ്ചയ പ്രകാരം ഒടുവിൽ സുരക്ഷിതമായി സ്ഫോടനം നടത്തി.

വീടുകൾ അടുത്തുള്ളതിനാൽ ആൽഫ സെറീനിലെ സ്ഫോടനമായിരുന്നു ഏറെ വെല്ലുവിളിയെന്നു വേണുഗോപാൽ പറയുന്നു. സ്ഫോടക വിദഗ്ധൻ എന്നതിനേക്കാൾ ‘സേഫ്റ്റിമാൻ ’എന്നറിയപ്പെടാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. മാസങ്ങൾ നീണ്ട മിഷനെക്കുറിച്ച് വേണുഗോപാൽ പറയുന്നത് ഇങ്ങനെ: കെട്ടിടങ്ങൾ നിർമിക്കാൻ എളുപ്പമാണ്, തകർക്കാനാണ് പ്രയാസം.

English Summary: Dr. R. Venugopal on Maradu Flat demolition mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com