ADVERTISEMENT

ടെഹ്റാൻ ∙ യുക്രെയ്ൻ യാത്രാവിമാനം വീഴ്ത്തിയതിനെതിരായി ഇറാനിൽ രൂപപ്പെട്ട പ്രതിഷേധം നാലാം ദിവസത്തിലേക്ക്. സുരക്ഷാസേനയെയും കലാപനിയന്ത്രണ സേനയെയും കൂസാതെ പ്രതിഷേധക്കാർ തെരുവുകൾ കയ്യടക്കുകയാണെന്നു വാർത്താ ഏജൻസികൾ പറയുന്നു. രാജ്യത്തെ പരമോന്നത നേതൃത്വത്തെയും പുരോഹിതരെയും ആക്ഷേപിക്കുന്ന മുദ്രാവാക്യങ്ങളുമായാണു യുവാക്കളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ശക്തമാകുന്നത്.

സ്വതന്ത്ര മാധ്യമങ്ങൾക്കു നിയന്ത്രണം ഉള്ളതിനാൽ ഇറാനിലെ പ്രതിഷേധത്തിന്റെ സമ്പൂർണ ചിത്രം ലഭിക്കുക പ്രയാസമാണ്. എന്നാൽ പ്രതിഷേധക്കാരും മറ്റും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വിഡിയോകളും ചിത്രങ്ങളും പരിശോധിച്ചാൽ വലിയ മുന്നേറ്റമാണു നടക്കുന്നതെന്നു വ്യക്തം. നൂറുകണക്കിനു പ്രതിഷേധക്കാർ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലും തെക്കൻ പ്രദേശത്തെ പ്രമുഖ നഗരമായ ഇസ്ഫഹാനിലും തിങ്കളാഴ്ച സംഘടിച്ചെത്തി.

ടെഹ്റാനിലെയും ഇസ്ഫഹാനിലെയും സർവകലാശാലകൾക്കു പുറത്തു പ്രകടനവും സമരവും നടത്തുന്ന വിദ്യാർഥിക്കൂട്ടം മതപുരോഹിതരെ ആക്ഷേപിക്കുന്ന മുദ്രാവാക്യങ്ങൾ വിളിക്കുന്നതിന്റെ വിഡിയോകളും പുറത്തുവന്നു. സമരക്കാർക്കു നേരെ കലാപനിയന്ത്രണ സേന നടപടിയെടുത്തതായും നിരവധിപേർക്കു പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ചോരയൊലിക്കുന്ന ആളുകളുടെയും തറയിൽ രക്തം തളംകെട്ടി നിൽക്കുന്നതിന്റെയും ചിത്രങ്ങളും വിഡിയോയും ചിലർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

ടെഹ്റാനിലെ ആസാദി സ്ക്വയറിൽ പ്രതിഷേധിച്ച ജനക്കൂട്ടത്തിനു നേരെ കഴിഞ്ഞദിവസം വെടിവയ്പ് നടത്തിയിട്ടില്ലെന്നു പൊലീസ് അവകാശപ്പെട്ടു. 1979ലെ ഇസ്‍ലാമിക വിപ്ലവത്തിനുശേഷം ആദ്യമായാണ് ഇറാനിൽ ഇത്രയും വലിയ പ്രതിഷേധങ്ങൾ നടക്കുന്നതെന്നാണു സൂചനകൾ. റവല്യൂഷനറി ഗാർഡ്സിന്റെ തലവൻ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിൽ വധിച്ചതിനു യുഎസിനു സൈനിക മറുപടി നൽകുന്നതിനിടെയാണ് ‘അബദ്ധത്തിൽ’ യുക്രെയ്ന്റെ യാത്രാവിമാനം വീഴ്ത്തിയതെന്നാണ് ഇറാന്റെ വാദം.

അപകടത്തിന്റെ ഉത്തരവാദിത്തം റവല്യൂഷനറി ഗാർഡ് ഏറ്റതോടെയാണു രാജ്യമെങ്ങും പ്രതിഷേധം പടർന്നത്. ‘മാപ്പു പറയുക, രാജിവയ്ക്കുക’ എന്നീ മുദ്രാവാക്യങ്ങളുമായി ടെഹ്റാനിലെ അമീർ അക്ബർ സർവകലാശാലയിൽ പ്രകടനം നടത്തിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച നടന്ന വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട 176 പേരുടെ പേരുകൾ എഴുതിയ കൂറ്റൻ ബാനർ പ്രതിഷേധക്കാർ വാലി അസർ ചത്വരത്തിൽ ഉയർത്തി.

രാജ്യത്തിന്റെ ശത്രുക്കൾ ഉള്ളിൽ തന്നെയാണെന്നും യാത്രാവിമാനം വീഴ്ത്തിയതിന് ഉത്തരവാദികളെ ശിക്ഷിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്കെതിരെയും മുദ്രാവാക്യങ്ങൾ ഉയർന്നു. ഷിറാസ്, ഹമദാൻ, ഒറുമിയേ നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. ശനിയാഴ്ച അമീർ കബീർ സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ഇറാനിലെ ബ്രിട്ടിഷ് അംബാസഡർ റോബ് മക്കെയറിനെ പൊലീസ് അറസ്റ്റ് ചെയ്തത് രാജ്യാന്തരതലത്തിൽ നയതന്ത്രരംഗത്തു വലിയ ഒച്ചപ്പാടിനിടയാക്കി.

മക്കെയറിനെ പിന്നീട് വിട്ടയച്ചു. സംഭവത്തിൽ ബ്രിട്ടൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ബ്രിട്ടനിലെ ഇറാൻ അംബാസഡറെ വിളിച്ചുവരുത്തിയാണു പ്രതിഷേധമറിയിച്ചത്. വിയന്ന കരാറിന്റെ കടുത്ത ലംഘനമാണിതെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വക്താവ് പറഞ്ഞു. ഇതിനിടെ, വിമാനം വീഴ്ത്തിയതുമായി ബന്ധപ്പെട്ട വസ്തുതകൾ മറച്ചുവയ്ക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഇറാൻ വക്താവ് അലി റാബീ അവകാശപ്പെട്ടു.

English Summary: 'Clerics get lost!': Iran protests rage after plane disaster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com