ADVERTISEMENT

ശ്രീനഗർ∙ ജമ്മു കശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി റദ്ദാക്കുന്നതിന്റെ ഭാഗമായി നിർത്തലാക്കിയ ഇന്റർനെറ്റ് സേവനങ്ങൾ ഇന്നു മുതല്‍ ഭാഗികമായി പുനഃസ്ഥാപിക്കും. എന്നാൽ സമൂഹ മാധ്യമങ്ങൾക്കുള്ള നിയന്ത്രണം തുടരും. സർക്കാർ വെബ്‌സൈറ്റുകൾ, മറ്റു സേവനങ്ങൾ കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റുകൾ, ഇ–ബാങ്കിങ് എന്നിവിടങ്ങളിൽ ഇന്റർനെറ്റ് സേവനം ലഭ്യമാകും. 

എന്നാൽ ദുരുപയോഗം തടയുന്നതിന് സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നും നോഡൽ ഓഫിസർമാരെ നിയമിക്കുക, റെക്കോർഡ് സൂക്ഷിക്കുക, ഉപയോഗം നിരീക്ഷിക്കുക, അംഗീകൃത ഉപയോക്താക്കൾ ഉണ്ടായിരിക്കുക എന്നിവ ഉൾപ്പെടെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നു.

ആദ്യഘട്ടത്തിൽ ശ്രീനഗറിലാണ് ഇന്റർനെറ്റ് ആദ്യം പുനഃസ്ഥാപിക്കുക. രണ്ടു ദിവസങ്ങൾക്കു ശേഷം വടക്കൻ കശ്മീരിലെ കുപ്‌വാര, ബന്ദിപോര, ബാരാമുള്ള എന്നിവിടങ്ങളിലും പുനഃസ്ഥാപിക്കും. പിന്നീടു ദക്ഷിണ കശ്മീരിലെ പുൽവാമ, കുൽഗാം, ഷോപിയാൻ, അനന്ത്നാഗ് എന്നിവിടങ്ങളിലും പുനഃസ്ഥാപിക്കും. ഒരാഴ്ചയ്ക്കു ശേഷം അവലോകനം നടത്തുമെന്നും സെൽഫോൺ ഇന്റർനെറ്റ് പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ലഫ്റ്റനന്റ് ഗവർണർ അറിയിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. 

ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി റദ്ദാക്കി രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചിരുന്നു. ഇതിനു മുന്നോടിയായി മുൻകരുതൽ നടപടി എന്ന നിലയിൽ  ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കി. ഇതിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ എല്ലാ നിയന്ത്രണങ്ങളും ഉത്തരവുകളും പുനഃപരിശോധിക്കണമെന്ന് കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടു. സംസ്ഥാനത്ത് സെക്ഷൻ 144 ആവർത്തിച്ച് ഉപയോഗിക്കുന്നതിനെ വിമർശിച്ച കോടതി, ഇന്റർനെറ്റ് സേവനം ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (എ) യുടെ അവിഭാജ്യ ഘടകമാണെന്നും കൂട്ടിച്ചേർത്തു. 

English Summary: Broadband To Be Partially Restored In Kashmir Today, But No Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com