ADVERTISEMENT

ബെംഗളൂരു∙ അർധരാത്രിയിൽ ചായ കുടിക്കാനായി  റോഡിലിറങ്ങി നടന്ന മൂന്നു മലയാളി വിദ്യാർഥികളെ പാക്കിസ്ഥാൻകാരാക്കി ബെംഗളൂരു പൊലീസ്. ഈസ്റ്റ് ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിന്ന് രാത്രി ഒന്നോടെ പുറത്തിറങ്ങിയപ്പോഴാണു വിദ്യാർഥികൾക്കു പൊലീസുകാരിൽ നിന്ന് ദുരനുഭവം നേരിട്ടത്. 

രാത്രിയിൽ പുറത്തിറങ്ങിയ വിദ്യാർഥികളെ തടഞ്ഞുനിർത്തിയ പൊലീസുകാർ എന്തിനാണ് രാത്രി വൈകി റോഡിൽ ഇറങ്ങി നടക്കുന്നതെന്നാണ് ആദ്യം ചോദിച്ചത്. പിന്നീട് ഇവരോട് തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു. തിരിച്ചറിയൽ രേഖയിൽ മുസ്‌ലിംകൾ ആണെന്ന് അറിഞ്ഞതോടെ നിങ്ങൾ പാക്കിസ്ഥാനിൽ നിന്നാണോ എന്നായി അടുത്ത ചോദ്യം. 

തുടർന്ന് വിദ്യാർഥികളുടെ ഫോൺ പിടിച്ചുവാങ്ങാനും പൊലീസ് ശ്രമം നടത്തിയതായി ഒരു വിദ്യാർഥി ദേശീയ മാധ്യമത്തോടു പറഞ്ഞു. തങ്ങളുടെ സ്വകാര്യ വസ്തുക്കൾ പരിശോധിക്കാൻ വാറന്റ്് ഉണ്ടോയെന്നു പൊലീസിനോട് ചോദിച്ചപ്പോൾ നിങ്ങൾ പാക്കിസ്ഥാൻകാരല്ലെയെന്നു വീണ്ടും പൊലീസ് ആക്രോശിച്ചതായി വിദ്യാർഥി വെളിപ്പെടുത്തി. 

തുടർന്ന് വിദ്യാർഥികളിൽ ഒരാൾ മൊബൈലിൽ സംഭവം പകർത്താൻ നോക്കിയപ്പോൾ പൊലീസ് അയാളെ തടഞ്ഞു. ദേശീയ മാധ്യമത്തിനു നൽകിയ വിഡിയോ ക്ലിപ്പിൽ വിദ്യാർഥിയോട് ഫോൺ താഴെവയ്ക്കാൻ ആക്രോശിക്കുന്നത് കേൾക്കാം. തുടർന്ന് കൂടുതൽ പൊലീസുകാരെ വരുത്തി വിദ്യാർഥികളെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.

പൊലീസ് സ്റ്റേഷനിലെത്തിയ തങ്ങളെ പൊലീസുകാർ ലാത്തി ഉപയോഗിച്ച് മർദിച്ചതായി വിദ്യാർഥികൾ പറ‍ഞ്ഞു. കൈയ്ക്കും കാലിനും വിദ്യാർഥികൾക്കു സാരമായി പരുക്കേറ്റു. വെളുപ്പിനെ 3.30 ന് വിദ്യാർഥികളിൽ ഒരാളുടെ രക്ഷിതാവ് വന്നതിനു ശേഷമാണ് ഇവരെ വിടാൻ പൊലീസ് തയാറായത്. ഇനി അർധരാത്രിയിൽ പുറത്തിറങ്ങി നടക്കില്ലെന്നു വിദ്യാർഥികളിൽ നിന്ന് എഴുതിവാങ്ങി. 

കൂടാതെ പ്രശ്നങ്ങൾ സൃഷ്ടിച്ചെന്ന പേരിൽ 500 രൂപ പിഴയും ഈടാക്കി. അർധരാത്രി ഇറങ്ങി നടന്നാൽ പൊലീസിന് എന്ത് നടപടിയും എടുക്കാമെന്ന രേഖയിലാണ് ഒപ്പിടീച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. ഇതിനു പിറമേ കന്നഡയിലെഴുതിയ ഒരു രേഖയിലും ഒപ്പിടാൻ ആവശ്യപ്പെട്ടതായും വിദ്യാർഥികൾ പറഞ്ഞു. ഫ്ലാറ്റിൽ നിന്ന് ഒഴിപ്പിക്കുമെന്നും ഇന്റേൻഷിപ്പ് തടസ്സപ്പെടുത്തുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥികൾ ആരോപിച്ചു. സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഡിസിപി അന്വേഷണത്തിന് ഉത്തരവിട്ടു.

English Summary: Tea outing trauma: Bengaluru Police ask Kerala youths are you from Pakistan, thrash 3

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com