ADVERTISEMENT

കോഴിക്കോട്∙ മോട്ടർവാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത് ഉദ്യോഗസ്ഥരുടെ ക്രമക്കേടു മറയ്ക്കാനാണെന്നു വിജിലൻസ്. എന്നാൽ വിജിലൻസ് ഉദ്യോഗസ്ഥരുടേത് ഉൾപ്പെടെയുള്ള ക്രമക്കേടുകൾ തടയാനാണു ക്യാമറ സ്ഥാപിച്ചതെന്നു മോട്ടർവാഹനവകുപ്പ്. വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച സംഭവത്തിലാണ് മോട്ടർവാഹനവകുപ്പും വിജിലൻസും ഗുരുതര ആരോപണങ്ങളുമായി ഏറ്റുമുട്ടുന്നത്. 

വാളയാർ ആർടിഒ ചെക്ക്പോസ്റ്റിൽ സിസിടിവി ക്യാമറ സ്ഥാപിച്ചതു വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കു വരുന്നതു മുൻകൂട്ടി അറിയുന്നതിനാണെന്നു വിജിലൻസ് ആരോപിക്കുന്നു.അനുമതിയില്ലാതെ സ്വകാര്യ ഏജൻസിയെ ഉപയോഗിച്ചു ക്യാമറ സ്ഥാപിച്ചതിനെതിരെ സർ‍ക്കാരിനു റിപ്പോർട്ട് നൽകുമെന്നും വിജിലൻസ് ഡയറക്ടർ അറിയിച്ചിരുന്നു. 

എന്നാൽ ചെക്ക് പോസ്റ്റുകളിലും ഓഫിസുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ വിജിലൻസ് തന്നെയാണ് നിർദേശം നൽകിയിരുന്നതെന്നു ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് അധികൃതർ പറയുന്നു. സംസ്ഥാന തലത്തിൽ ഇതിനുള്ള ടെൻഡർ നടപടികൾ വൈകുന്നതിനാൽ ക്യാമറകൾ സ്ഥാപിക്കാൻ അതതു ഓഫിസ് മേധാവികൾക്ക് അനുമതി നൽകിയിരുന്നു. 

പണപ്പിരിവ് ആരോപണം ഗുരുതരം

ചെക്ക്പോസ്റ്റുകളിലെ പണപ്പിരിവ് സംബന്ധിച്ച് വിജിലൻസും മോട്ടോർവാഹനവകുപ്പും ഗുരുതരമായ ആരോപണമാണ് പരസ്പരം ഉന്നയിക്കുന്നത്

∙ വിജിലൻസ് പറയുന്നത്

ശബരിമല തീർഥാടകരുമായി വരുന്ന വാഹനങ്ങളിൽനിന്നുൾപ്പെടെ ആർടിഒ ചെക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പണപ്പിരിവ് നടക്കുന്നതായി പരാതി ലഭിച്ചിരുന്നു. തുടർന്ന് ആര്യങ്കാവ്, അമരവിള, മുത്തങ്ങ, വാളയാർ ചെക്ക്പോസ്റ്റുകളിൽ നടത്തിയ പരിശോധയിൽ പിരിച്ചെടുത്ത പണം പിടിച്ചെടുത്തിരുന്നു. 3 ലക്ഷത്തോളം രൂപയാണ് വാളയാർ ചെക്പോസ്റ്റിൽനിന്നു പിടിച്ചെടുത്തത്. ഇതിനെത്തുടർന്നാണു വിജിലൻസ് ഓഫിസർമാർ വേഷം മാറി പരിശോധനയ്ക്ക് എത്തുന്നതു തിരിച്ചറിയാൻ ചെക്ക്പോസ്റ്റുകൾക്കു സമീപം ക്യാമറ സ്ഥാപിച്ചത്. 

∙ മോട്ടർ വാഹനവകുപ്പ് പറയുന്നു

ആർടിഒ ഉദ്യോഗസ്ഥരെന്ന പേരിൽ ചില വിജിലൻസ് ഉദ്യോഗസ്ഥർ ചെക്ക്പോസ്റ്റ് പരിസരത്തു പണപ്പിരിവ് നടത്തുന്നുണ്ട്. ഇതു കണ്ടെത്താൻ കൂടിയാണ് സിസിടിവി ക്യാമറ സ്ഥാപിച്ചത്. വിജിലൻസ് ഉദ്യോഗസ്ഥർ വേഷംമാറി വന്നാൽ സിസിടിവി ക്യാമറയിലൂടെ എങ്ങനെയാണ് മനസ്സിലാവുക. എന്നാൽ ഇവർ പണപ്പിരിവ് നടത്തിയാൽ ശ്രദ്ധയിൽ പെടും. ഇതൊഴിവാക്കാനാണ് വിജിലൻസ് ക്യാമറകൾക്കെതിരെ തിരിയുന്നത്. നേരത്തേ ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ വിജിലൻസ് ഉദ്യോഗസ്ഥർ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെന്ന പേരിൽ ലോറിക്കാരിൽ നിന്നു പണം വാങ്ങുകയും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പണം വാങ്ങിയെന്ന പേരിൽ കേസെടുക്കുകയും ചെയ്തിട്ടുണ്ടന്നും പരാതിയുണ്ട്. 

English Summary: Fight between Motor Vehicle Department and Vigilance Department on Camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com