ADVERTISEMENT

ബെംഗളൂരു∙ പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ) ദേശീയ പൗര റജിസ്റ്ററിനും (എൻആർസി) എതിരെ വേറിട്ട പ്രതിഷേധവുമായി ബെംഗളൂരുവും. റസൽ മാർക്കറ്റിൽ ഇന്ന് വൈകിട്ട് 3ന് പൗരത്വ നിയമത്തിലെ വിവേചനങ്ങളെ കുറിച്ച് സാധാരണക്കാർക്കിടയിൽ ബോധവത്കരണം നടത്താനായി പട്ടം പറത്തൽ സംഘടിപ്പിക്കും. നൂറു കണക്കിന് യുവാക്കൾ പങ്കെടുക്കും.

അഹമ്മദാബാദിൽ ചൊവ്വാഴ്‌ച ഉത്തരായന ആഘോഷങ്ങളുടെ ഭാഗമായി സിഎഎ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ പട്ടങ്ങൾ പറത്തിയിരുന്നു. തുടർന്നു ഗാന്ധിജി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിൽ പൊലീസ് കയറി വിദ്യാർഥികളെ ചോദ്യം ചെയ്തതു വിവാദമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ദലിത് നേതാവും എംഎൽഎയുമായ ജിഗ്നേഷ് മേവാനിയും അനുയായികളും അഹമ്മദാബാദിൽ വീണ്ടും പട്ടം പറത്തി പ്രതിഷേധിച്ചു. ഈ പശ്ചാത്തലത്തിലാണ് റസൽ മാർക്കറ്റിലെ പട്ടം പറത്തൽ.

ബെംഗളൂരു നഗരത്തിൽ നടന്നു വരുന്ന പ്രതിഷേധ പ്രകടനങ്ങൾക്കു പുറമെ വൈകിട്ട് 4ന് ആനന്ദ് റാവു സർക്കിളിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ സർവമത പ്രാർഥന സംഘടിപ്പിക്കും. കന്നഡ ഗായികയും അഭിനേത്രിയുമായ എം.ഡി.പല്ലവിയുടെ നേതൃത്വത്തിൽ കവിതാലാപനവും ഭരണഘടനയുടെ ആമുഖം വായിക്കലും ചടങ്ങിന്റെ ഭാഗമാണ്. ബെംഗളൂരു ബിഐഎഫ്ടി ഓഡിറ്റോറിയം ഹാളിൽ വെകിട്ട് 3 മുതൽ 5 വരെ സിഎഎ, എൻആർസി വിഷയങ്ങളിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് കർണാടകയുടെ നേതൃത്വത്തിൽ സംവാദവും നടക്കും.

ഇതിനിടെ ചർച്ച് സ്ട്രീറ്റിൽ ചൊവ്വാഴ്ച പ്രത്യക്ഷപ്പെട്ട ‘സിഎഎ വേണ്ട, കശ്മീരിനെ സ്വതന്ത്രമാക്കൂ, ഫാഷിസ്റ്റ് മോദി രാജിവയ്ക്കൂ’ തുടങ്ങിയ ആശയങ്ങളുള്ള ഗ്രാഫിറ്റികളേയും ചുവരെഴുത്തുകളേയും കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ചർച്ച് സ്ട്രീറ്റിലെ അടഞ്ഞുകിടക്കുന്ന ഷോപ്പിങ് കോംപ്ലക്സിന്റെ ചുവരിലാണ് ഇവ പ്രത്യക്ഷപ്പെട്ടത്.

English Summary: Kite flying protest at Bengaluru against CAA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com