ADVERTISEMENT

തിരുവനന്തപുരം∙ ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ സയ്യദ് നഷീദ് മുഷ്താഖിനൊപ്പം പിടിക്കപ്പെട്ട ജമ്മു കശ്മീര്‍ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവീന്ദര്‍ സിങ്ങിനെതിരെ എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ്. അനധികൃത കുടിയേറ്റക്കാരനായി മുദ്രകുത്തപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട സൈനികൻ മുഹമ്മദ് സനാവുള്ളക്കൊപ്പം ദേവീന്ദര്‍ സിങ്ങിനെ താരതമ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവരിൽ ആരാണ് രാജ്യസ്നേഹി എന്നു ചോദിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിഷ്ണുനാഥ് പ്രതിഷേധം രേഖപ്പെടുത്തിയത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍: സനാവുള്ളയും ദേവീന്ദര്‍സിങും:- നിങ്ങള്‍ പറയൂ ഇതില്‍ ആരാണ് യഥാര്‍ഥ രാജ്യസ്‌നേഹി?

കാര്‍ഗില്‍ യുദ്ധത്തില്‍ പാക്കിസ്ഥാന്‍ സൈന്യത്തിനെതിരെ പോരാടിയ, ഇന്ത്യന്‍ സേനയില്‍ 30 വര്‍ഷത്തെ ദീര്‍ഘ സേവനം അനുഷ്ഠിച്ച് വിരമിച്ച മുഹമ്മദ് സനാവുള്ളയെ ഓര്‍മ്മയില്ലേ? കശ്മീര്‍, മണിപ്പുര്‍ എന്നിവിടങ്ങളില്‍ ഭീകരര്‍ക്കെതിരെ പോരാടിയ സൈനികന്‍ കൂടിയാണ് അദ്ദേഹം. 2014 ല്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായി ഉയര്‍ത്തിയ സനാവുള്ളയെ, ഓണററി ലെഫ്റ്റനന്റായ് സൈനിക ബഹുമതി നല്‍കിയും ആദരിച്ചിരുന്നു. അസമില്‍ നടപ്പാക്കിയ ദേശീയ പൗരരജിസ്‌ട്രേഷന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാരനായി മുദ്രകുത്തപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട സനാവുള്ള ഇപ്പോള്‍ 'ഇന്ത്യന്‍ പൗരനേയല്ല !!

തന്റെ ആര്‍മി റിട്ടേയര്‍മെന്റിന് ശേഷം അസാം ബോര്‍ഡര്‍ പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്നു അദ്ദേഹം. അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനുള്ള പ്രത്യേക യൂണിറ്റായാണ് ഇത് പ്രവര്‍ത്തിച്ചത്. ഈ യൂണിറ്റ് തന്നെയാണ് സനാവുള്ളയെ അറസ്റ്റ് ചെയ്തതെന്നത് വിധിയുടെ മാത്രമല്ല, നിയമത്തിന്റെയും ക്രൂരഫലിതം.

രാജ്യത്തെ സേവിച്ചതിന് ഒരു സൈനികന് നല്‍കിയ പാരിതോഷികമാണത്. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനാല്‍ പുറത്തിറങ്ങിയെങ്കിലും നിലവില്‍ ഇന്ത്യന്‍ പൗരനല്ലെന്നത് ഒരു ‘കാവൽ ഭടനെ’ സംബന്ധിച്ച് എത്ര വേദനാജനകമായിരിക്കും? സനാവുള്ളയെ പാര്‍പ്പിച്ച തടങ്കൽ കേന്ദ്രത്തിന്റെ ദയനീയ ചിത്രം അദ്ദേഹം തന്നെ വാര്‍ത്താ ഏജന്‍സികളോട് വിവരിച്ചതാണ്. വിദേശിയരാണെന്ന് മുദ്ര കുത്തപ്പെട്ട എത്രയോ ഹതഭാഗ്യരായ ആബാലവൃദ്ധം മനുഷ്യരെ അവിടെ അദ്ദേഹം കണ്ടു. കൊടിയ അനീതി നേരിട്ടിട്ടും രാജ്യത്തിനെതിരെ ഒരു വാക്കുപോലും പറയാതെ ആ മനുഷ്യന്‍ തന്റെ വിധിയെ പഴിക്കുക മാത്രമാണ് ചെയ്തത്.

ഇനി മറ്റൊരു സൈനികനെ പരിചയപ്പെടാം; ദേവീന്ദര്‍സിങ്: വെറും സൈനികനല്ല - ജമ്മു കശ്മീര്‍ പൊലീസില്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ധീരതയ്ക്കുള്ള ഭരണകൂടത്തിന്റെ ബഹുമതി ലഭിച്ചിരുന്നു. ഇയാളെ ജമ്മു കാശ്മീർ പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ ഒപ്പമുണ്ടായിരുന്നത്, ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ സയ്യദ് നഷീദ് മുഷ്താഖും മറ്റു കൊടും ഭീകരവാദികളും. ഇവർ റിപ്പബ്ലിക് ദിനത്തിൽ രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണം ആസൂത്രണം ചെയ്തിരുന്നു എന്നതുൾപ്പെടെ വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു.

ഇനി പറയൂ: ഇതില്‍ ആരാണ് രാജ്യസ്‌നേഹി? ആരാണ് ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹന്‍? ദേവീന്ദര്‍സിങ്ങോ സനാവുള്ളയോ? പൗരത്വവും രാജ്യസ്‌നേഹവും മുൻനിർത്തി ആസേതു ഹിമാലയം അലയടിക്കുന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണ് സനാവുള്ളയുടെയും ദേവീന്ദര്‍സിങ്ങിന്റെയും ജീവിത പാഠങ്ങൾ. 

- പി.സി. വിഷ്ണുനാഥ്

English Summary: PC Vishnunadh on Deputy Superintendent of Jammu and Kashmir Police Devinder Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com