ADVERTISEMENT

ശബരിമല ∙ മണ്ഡല മകരവിളക്ക് കാലത്തെ വരുമാനം 233.41 കോടിയായി ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ 67.29 കോടി രൂപ കൂടുതലാണ്. കഴിഞ്ഞ വർഷത്തെ ആകെ വരുമാനം 166.12 കോടി രൂപയായിരുന്നു. 2017ലെ ആകെ വരുമാനം 260.80 കോടി രൂപയും. നാണയങ്ങൾ എണ്ണാതെ കെട്ടിക്കിടക്കുന്നു. നട അടച്ച് ഏതാനും ദിവസം കഴിഞ്ഞാലേ എണ്ണി തീരൂ. കുറഞ്ഞത് 8 കോടി രൂപയുടെ നാണയം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതിനു പുറമേ  തീർഥാടനം പൂർത്തിയാകാൻ 5 ദിവസം കൂടി ഉണ്ട്. അപ്പോഴേക്കും 2017ൽ ലഭിച്ചതിനേക്കാൾ വരുമാനം ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ‌. വാസു പറഞ്ഞു.

ഇത്തവണത്തെ ലേലത്തിൽ 15 കോടി രൂപയുടെ വരുമാന കുറവുണ്ട്. കഴിഞ്ഞ വർഷം നഷ്ടം ഉണ്ടായതിനാൽ കച്ചവടക്കാർ ലേലം പിടിക്കാൻ തയാറാകാതെ വന്നതാണ് കാരണം. ഇത്തവണ മണ്ഡല കാലത്ത് 163.67 കോടി രൂപ ലഭിച്ചു. മകരവിളക്ക് കാലത്ത് ഇന്നലെ വരെയുള്ള വരുമാനം 69.74 കോടി രൂപയാണ്.

58 കോടി രൂപയുടെ പദ്ധതി: മന്ത്രി കടകംപളളി സുരേന്ദ്രൻ

ശബരിമല തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ 58 കോടി രൂപയുടെ പദ്ധതികൾ ഉടൻ നടപ്പാക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ. ഇതിന്റെ നിർമാണ ചുമതല മാസ്റ്റർ പ്ലാൻ നടപ്പാക്കുന്ന ഉന്നതാധികാര സമിതിയെ ഏൽപിച്ചു. അടുത്ത തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ ഒരു മാസത്തിനുളളിൽ ഉന്നതതല യോഗം ചേർന്ന് ആരംഭിക്കും. വനം വകുപ്പിന്റെ അനുമതി കിട്ടാത്തതിനാൽ റോപ്പ്‌വേ നിർമാണം തുടങ്ങുന്നതിനു തടസ്സത്തിലാണ്.

ഇത്തവണ പരാതി രഹിത തീർഥാടനമായിരുന്നു. കഴിഞ്ഞ 4 വർഷത്തെ അനുഭവത്തിൽ ഏറ്റവും വലിയ തിരക്കാണ് ഇത്തവണ ഉണ്ടായത്. മികച്ച ഏകോപനവും എല്ലാ വകുപ്പുകളുടെയും കൂട്ടായ പരിശ്രമവുമാണ് തീർഥാടനം ഇത്രയും വിജയിക്കാൻ ഇടയാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

English Summary: Sabarimala Revenue increased to Rs 233.41 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com